'വ്യാപാരബന്ധം ഉപയോഗിച്ച് ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍'; വീണ്ടും അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്; 7 യുദ്ധം അവസാനിപ്പിച്ചതിന് തനിക്ക് നോബേല്‍ സമ്മാനം നല്‍കണം

ഇന്ത്യ പാക് സംഘര്‍ഷം നിര്‍ത്തിയത് താനാണെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കാന്‍ കാരണക്കാരന്‍ താനാണെന്ന് ആവര്‍ത്തിച്ച് പറയുന്ന ഡൊണാള്‍ഡ് ട്രംപ് വ്യാപാര ബന്ധത്തിലൂടെയാണ് താന്‍ ആ യുദ്ധം ഒഴിവാക്കിയതെന്നാണ് വെളിവാക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. എന്നാല്‍ മൂന്നാം കക്ഷിയെ വിഷയത്തില്‍ ഇടപെടുത്തിയെന്ന പ്രതിപക്ഷ വിമര്‍ശനം വന്നതോടെ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അമേരിക്കന്‍ അവകാശവാദം തള്ളുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മോദി ഒരിക്കലും പൊതുമധ്യേ ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളിപ്പറയാതിരുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് വീണ്ടും ഡൊണാള്‍ഡ് ട്രംപ് തന്റെ അവകാശവാദം മറയില്ലാതെ ആവര്‍ത്തിക്കുന്നത്. സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളുമായുളള വ്യാപാരബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായാണ് ട്രംപ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. തന്റെ ഇടപെടലില്‍ ഏഴ് യുദ്ധങ്ങള്‍ ഒഴിവായെന്ന അവകാശവാദവും ട്രംപ് ഉയര്‍ത്തുന്നുണ്ട്. ഏഴ് യുദ്ധങ്ങള്‍ ഒഴിവാക്കിയത് താനായതിനാല്‍ ഏഴ് നൊബേല്‍ സമ്മാനങ്ങള്‍ക്ക് താന്‍ അര്‍ഹനാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ലോക വേദിയില്‍, നമ്മള്‍ വീണ്ടും ബഹുമാനിക്കപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുകയാണ് മുമ്പൊരിക്കലും ഇത്രയധികം ബഹുമാനിക്കപ്പെടാത്ത ഒരു തലത്തിലാണ് നമ്മള്‍ ബഹുമാനിക്കപ്പെടുന്നത്. നമ്മള്‍ സമാധാന കരാറുകള്‍ ഉണ്ടാക്കുകയാണ്, യുദ്ധങ്ങള്‍ നിര്‍ത്തുകയാണ്. അങ്ങനെ ഇന്ത്യയും പാകിസ്ഥാനും, തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള യുദ്ധങ്ങള്‍ ഞങ്ങള്‍ നിര്‍ത്തി. ‘ഇന്ത്യയുടെയും പാകിസ്താന്റെയും കാര്യമെടുക്കൂ. നിങ്ങള്‍ക്കറിയാം ഞാന്‍ അത് എങ്ങനെ അവസാനിപ്പിച്ചുവെന്ന്. വ്യാപാരബന്ധം ഉപയോഗിച്ചാണ് ഞാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത്. അവര്‍ക്ക് വ്യാപാരം തുടര്‍ന്നുകൊണ്ടു പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നു. സമാനരീതിയില്‍ തായ്ലന്‍ഡ്, കംബോഡിയ, അര്‍മേനിയ, അസര്‍ബൈജാന്‍, സെര്‍ബിയ, ഇസ്രയേല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാണ്‍ഡ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷവും അവസാനിപ്പിച്ചു. അതില്‍ 60 ശതമാനവും അവസാനിപ്പിക്കാന്‍ സാധിച്ചത് അതാത് രാജ്യങ്ങള്‍ക്ക് അമേരിക്കയുമായുള്ള വ്യാപാരബന്ധം മൂലമാണ്.’,

അമേരിക്കന്‍ കോര്‍ണര്‍‌സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ദിനത്തിലെ അത്താഴവിരുന്നില്‍ പങ്കെടുത്താണ് ട്രംപിന്റെ ഈ പ്രതികരണം. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ തനിക്ക് നൊബേല്‍ നല്‍കണമെന്ന് ചിലര്‍ പറഞ്ഞിരുന്നതായും ട്രംപ് പറഞ്ഞു. അവരോട് തന്റെ ഇടപെടലില്‍ അവസാനിച്ച മറ്റ് ഏഴ് യുദ്ധങ്ങളുടെ കാര്യമാണ് ചോദിക്കാനുള്ളതെന്നും ട്രംപ് വ്യക്തമാക്കി. ‘റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്, ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അതും അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയോട് പറഞ്ഞത് പോലെയാണ് മറ്റ് രാജ്യങ്ങളോടും യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ പറഞ്ഞതെന്നും ട്രംപ് പറയുന്നുണ്ട്.

ഇന്ത്യയുടെ കാര്യത്തില്‍ എന്ന പോലം ഞാന്‍ പറഞ്ഞു, നോക്കൂ, നിങ്ങള്‍ യുദ്ധം ചെയ്യാന്‍ പോകുകയും അവരുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരു വ്യാപാരവും നടത്താന്‍ പോകുന്നില്ല. അവര്‍ നിര്‍ത്തി.

ഏപ്രില്‍ 22-ന് 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കാനാണ് പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മെയ് 7-ന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. മേയ് 10ന് ആണ് സംഘര്‍ഷം അവസാനിപ്പിച്ചത്. മേയ് 10ന് സംഘര്‍ഷം അവസാനിപ്പിച്ചതായുള്ള വിവരം ആദ്യം പുറത്തുവന്നത് ട്രംപിന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ്. മെയ് 10 ന്, വാഷിംഗ്ടണിന്റെ മധ്യസ്ഥതയില്‍ നടന്ന ‘നീണ്ട രാത്രി’ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ‘പൂര്‍ണ്ണവും ഉടനടിയുള്ളതുമായ’ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിക്കുകയായിരുന്നു. മൂന്നാം കക്ഷികള്‍ ഇന്ത്യ പാക് വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പലകുറി പറഞ്ഞെങ്കിലും ലോകവേദിയില്‍ പ്രധാനമന്ത്രി മോദി വിഷയം ഉയര്‍ത്തിയിരുന്നില്ല. പക്ഷേ ട്രംപ് അവകാശവാദം തുടര്‍ന്നുകൊണ്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ‘പരിഹരിക്കാന്‍ സഹായിച്ചു’ എന്ന തന്റെ അവകാശവാദം ട്രംപ് 40 തവണയില്‍ കൂടുതലാണ് ലോകത്തിന് മുന്നില്‍ ആവര്‍ത്തിച്ചത്.

Read more