കച്ചവടപത്രങ്ങളുടെ കാലത്ത്  കാൾ മാർക്സിനെ സ്മരിക്കുമ്പോൾ 

നരേൻ സിംഗ് റാവു 

ആശയങ്ങൾക്ക് ആരംഭമിടുന്ന ചിന്തകരിൽ ആധുനികലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടയാളാണ് കാൾ മാർക്സ്. ഉത്പതിഷ്ണുത്വത്തിന്റെ മാർഗ്ഗത്തിൽ നീങ്ങിയ അദ്ദേഹത്തിന്റെ ആശയങ്ങൾ ലോകത്തെ മനുഷ്യരെ നിരവധി തലങ്ങളിലാണ് സ്വാധീനിച്ചത്.

ആധുനിക ജ്ഞാനശാസ്ത്രത്തിലും നാഗരികതയിലും അദ്ദേഹത്തിന്റെ ചിന്തകളുടെ സ്വാധീനം മനസ്സിലാക്കാതെയും  രചനകളെ പരാമർശിക്കാതെയും  സമകാലിക കാലഘട്ടത്തിൽ ഒരു ചിന്തകനും സമൂഹത്തെക്കുറിച്ചോ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ സംസ്കാരത്തെക്കുറിച്ചോ ആഴത്തിൽ ചിന്തിക്കാൻ കഴിയില്ല.

പരമ്പരാഗത തത്ത്വചിന്തകർ മാർക്സിനെ ഒരു ‘തത്ത്വചിന്തകൻ’ ആയി കണക്കാക്കിയിരുന്നില്ല, കാരണം അവരദ്ദേഹത്തിൽ  തത്ത്വചിന്താപരമായ പൂർണ്ണത കണ്ടെത്തിയില്ല! അതുപോലെ, പരമ്പരാഗത സാമൂഹ്യശാസ്ത്രജ്ഞർ അദ്ദേഹത്തെ ‘സോഷ്യോളജിസ്റ്റ്’ ആയി കണക്കാക്കിയിരുന്നില്ല, കാരണം അവരുടെ കാഴ്ചപ്പാടിൽ അദ്ദേഹം ഒരു ശുദ്ധസാമൂഹിക ശാസ്ത്രജ്ഞനായിരുന്നില്ല.

എന്നിരുന്നാലും, പതിറ്റാണ്ടുകളായി, അദ്ദേഹത്തിന്റെ രചനകൾ  പണ്ഡിതന്മാരുടെ മനസ്സിനെ  ആകർഷിക്കുകയും എക്കാലവും  സാമൂഹിക ശാസ്ത്രത്തിന്റെ ധാരകളിലൂടെ വായിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, ഇപ്പോൾ, സാമൂഹിക ശാസ്ത്രത്തിൽ, ക്ലാസിക്കൽ സോഷ്യോളജിക്കൽ ചിന്തകരിൽ ഒരാളായി അദ്ദേഹത്തെ പഠിപ്പിക്കുന്നു, ഒപ്പം എമിലി ഡർ‌ക്ഹൈം, മാക്സ് വെബർ എന്നിവരെപ്പോലുള്ള ‘ശുദ്ധമായ’
സാമൂഹിക ശാസ്ത്രജ്ഞരോടൊപ്പവും കാൾ മാർക്സ് എണ്ണപ്പെടുന്നു.

എങ്കിൽത്തന്നെയും മാധ്യമ പ്രവർത്തകർക്കിടയിൽ കാൾ മാർക്സിലെ പത്രപ്രവർത്തകൻ ഇപ്പോഴും തിരിച്ചറിയപ്പെടാതെ നിൽക്കുന്നു. അതിന്റെ കാരണം ഉപരിപ്ലവമായ ഉദ്വേഗം വളർത്തുക എന്ന തന്ത്രത്തിലാണ് ആധുനിക മാധ്യമങ്ങളുടെ നിലനിൽപ്പ് എന്നിരിക്കെ ചരിത്രം, രാഷ്ട്രീയം, സമ്പത്ത്, സമൂഹം എന്നീ വിഷയങ്ങളിലെ സൂക്ഷ്മതയും ആഴവും  മാര്ക്സിന് “അധികമാണ്” എന്നതാകാം.

പാഠ്യപദ്ധതികൾ തയ്യാറാക്കുന്നവർ   അദ്ദേഹത്തിനെ പത്രപ്രവർത്തന ജീവിതത്തോടു  കാട്ടുന്ന  അലംഭാവത്തിന് പ്രത്യക്ഷമായ തെളിവ് ഒരു ജേർണലിസം സ്‌കൂളിലും ന്യൂസ് റൂമുകളിലും അദ്ദേഹത്തിന്റെ പത്രപ്രവർത്തനം പഠിപ്പിക്കപ്പെടുന്നില്ല എന്നതാണ്. ചില ഉന്നത വിദ്യാഭ്യാസ പദ്ധതിയിലാകട്ടെ വിമർശനങ്ങളായി മാത്രമാണ്
മാർക്സിയൻ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നത്, അല്ലെങ്കിൽ മാദ്ധ്യമവും സമൂഹവും, മാദ്ധ്യമവും തർക്കവിഷയങ്ങളും, മാദ്ധ്യമവും ജനകീയ മൂവ്മെന്റുകളും എന്നിങ്ങനെയുള്ള ചർച്ചകളിൽ.

ഇന്ത്യയുൾപ്പെടെ നിരവധി ബഹുജന ആശയവിനിമയ, പത്രപ്രവർത്തന സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തര പാഠങ്ങളിൽ മാർക്‌സിന്റെ വിവിധ സുപ്രധാന സിദ്ധാന്തങ്ങൾ (മൂല്യത്തിന്റെ തൊഴിൽ സിദ്ധാന്തം ഉൾപ്പെടെ) മനഃപൂർവ്വം ഒഴിവാക്കപ്പെടുന്നു. ജേർണലിസം മാർക്സിന്റെ പ്രാഥമിക പരിഗണന ആയിരുന്നില്ല എന്നത് ശരിയാണ്. ബഹുമുഖ പണ്ഡിതനായിരുന്ന അദ്ദേഹം  പത്രപ്രവർത്തനവും ഒരു തൊഴിലായി  സ്വീകരിക്കാൻ കാരണം നിലനിൽപ്പ് മാത്രമായിരുന്നു. ജർമ്മനിയിലെ മുഖ്യധാരാ അക്കാദമിക് സമൂഹത്തിൽ നിന്നുമദ്ദേഹം അടിസ്ഥാനവർഗ്ഗത്തോടുള്ള ആഭിമുഖ്യവും
മാറ്റത്തോടുള്ള ആഗ്രഹവും മൂലം അകറ്റി നിർത്തപ്പെട്ടിരുന്നു.  അങ്ങനെ ഒരു സമയത്ത് 1845 മുതൽ 1865 വരെ വിശന്ന നായയ്ക്ക്  സമാനനായി എന്ന് പറയാവുന്നതുപോലെ  പത്രങ്ങളിൽ എഴുതി. ഈ സമയത്ത്  പുരോഗമനാശയം പിന്തുടർന്നിരുന്ന ”  Rheinische Zeitung, Neue Rheinische Zeitung എന്നീ പത്രങ്ങളിൽ  എഡിറ്റർ ആയും പത്തൊൻപതാം നൂറ്റാണ്ടിലെ മുൻ നിര പത്രമായ “ദി ന്യൂ യോർക്ക് ട്രിബ്യൂണി”ൽ  ബ്യൂറോ ചീഫ് ആയും മാർക്സ്  ജോലി ചെയ്തു. അനാലിറ്റിക്കൽ ജേർണലിസത്തിലും അക്കാലത്തെ മുക്കാൽ ചക്രപത്രങ്ങൾ കോമ്പ്രോമൈസ്  ചെയ്തിരുന്ന ഉച്ചനീചത്വങ്ങളോടുള്ള എതിർപ്പും മൂലം ശ്രദ്ധിക്കപ്പെട്ട പത്രമാണ്  ദി ന്യൂ യോർക്ക് ട്രിബ്യൂൺ.

കൂടാതെ പീപ്പിൾസ് പ്രസ്, ഡൈ റിവല്യൂഷൻ, ഡൈ പ്രെസ്സ് തുടങ്ങിയ പത്രങ്ങളിൽ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ലേഖനങ്ങൾ നൂറുകണക്കിന് എഴുതുകയും ചെയ്തു. രാഷ്ട്രീയമായി ഉത്തേജിപ്പിക്കുന്നതും ചരിത്രപരമായ അറിവ് നൽകുന്നതുമായ ” ലൂയി ബോണപ്പാർട്ടിന്റെ പതിനെട്ടാം ബ്രൂമെയിർ” എന്ന 1851 ലെ ഭരണ അട്ടിമറിയും അതേത്തുടർന്നുണ്ടായ നെപ്പോളിയന്റെ രംഗപ്രവേശവും സംബന്ധിച്ചെഴുതിയ ലേഖനപരമ്പര എക്കാലത്തെയും മികച്ചതായി ഇന്നും കണക്കാക്കപ്പെടുന്നു.

അതുപോലെ തന്നെ ചർച്ചകൾക്ക് തുടക്കമിടാവുന്നതും ഖണ്ഡിതവുമായ ലേഖനങ്ങൾ ബ്രിട്ടീഷ് ഇന്ത്യയെക്കുറിച്ചും മാർക്സ് എഴുതിയിരുന്നു. ” ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം”. ബ്രിട്ടീഷ് പരുത്തി വ്യവസായം “, ബ്രിട്ടീഷ് ഇന്ത്യയുടെ ഭാവി”, ഇവ അക്കൂട്ടത്തിൽ ചിലതാണ്.

ദുഃഖകരമായ സത്യം തന്റെ തൊഴിൽ മേഖലയിൽ പണവും അധികാരവും കയ്യിലുള്ളവരുടെ വേട്ടയാടലിന് നിരന്തരമായിഇരയായി എന്നതാണ്. പലവട്ടമാണ് അദ്ദേഹത്തിന് ദേശം വിട്ട് രക്ഷപ്പെട്ടോടേണ്ടി വന്നത്.

ജേർണലിസ്റ്റ് എന്ന നിലയിൽ  സ്വതന്ത്ര പത്രപ്രവർത്തനമേഖല കീഴടക്കിയ ആളായിരുന്നു മാർക്സ്. സമൂലമാറ്റത്തെ അനുകൂലിക്കുന്ന ലേഖനങ്ങൾ മതമല്ല അദ്ദേഹം എഴുതിയത് , സമൂഹത്തിൽ വാർത്താമാദ്ധ്യമങ്ങളുടെ പ്രാധാന്യത്തെ എടുത്തുപറയുകയും  സ്വതന്ത്ര പത്രപ്രവർത്തനത്തിനായി വാദിക്കുകയും ചെയ്തു. ഈ നിലപാട് ലിബർട്ടേറിയൻ സ്‌കൂളിന്റെ കാഴ്ചപ്പാടിനോട് സാമ്യം പുലർത്തി. ഭരണകൂടത്തോട് നിരുപാധികമായ  വിധേയത്വം പുലർത്തുന്ന  പത്രപ്രവർത്തനത്തോട് യോജിക്കാൻ ഒരിക്കലും അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. സ്വതന്ത്ര മാദ്ധ്യമത്തിന്റെ പ്രാധാന്യം താഴെ പറയുന്ന വാക്കുകളിലൂടെ മാർക്സ് പ്രകടിപ്പിച്ചു.

“സ്വതന്ത്ര പത്രപ്രവർത്തനം സർവ്വവ്യാപിയും  ജാഗ്രതയുള്ളതുമായ  ജനതയുടെ കണ്ണുകളുമാണ്, ജനതയ്ക്ക് അതിൽ തന്നെയുള്ള വിശ്വാസത്തിന്റെ മൂർത്തീകരണമാണ്, വ്യക്തിയെ രാഷ്ട്രവുമായും ലോകവുമായി കണ്ണിചേർക്കുന്ന വാഗ്‌സ്ഫുടതയാണ്, ഭൗതീക സമരത്തിൽ നിന്നും ആശയസമരത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്ന സംസ്കാരത്തിന്റെ സാക്ഷാത്കാരമാണ്, ജനതയ്ക്ക് സ്വയം കാണാവുന്ന ആത്മദർപ്പണമാണ്, ഓരോ ഭവനങ്ങളിലും ഏറ്റവും കുറഞ്ഞ ചെലവിൽ എത്തിക്കാൻ കഴിയുന്ന ബഹുമുഖമായ അറിവിന്റെ ഇന്ധനമാണ്,

ജേർണ്ണലിസ്റ്റായിരിക്കെ തന്നെ അദ്ദേഹം ഒരു പത്രപ്രവർത്തന നിയമം രൂപീകരിക്കുന്നതിനായി വാദിച്ചു. അടിച്ചമർത്തൽ ശ്രമങ്ങൾക്കെതിരെ അതൊരു രക്ഷയായിരിക്കുമെന്നദ്ദേഹം കരുതി.  “പത്രനിയമത്തിൽ സ്വാതന്ത്ര്യം ശിക്ഷവിധിക്കുന്നു, സെൻസർഷിപ്പ് നിയമത്തിലോ സ്വാതന്ത്ര്യം ശിക്ഷിക്കപ്പെടുന്നു. സെൻസർഷിപ്പ് നിയമം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സംശയമാണ്. പത്രനിയമം സ്വാതന്ത്ര്യത്തിനുള്ള വോട്ടാണ്. പത്രനിയമം സ്വാതന്ത്ര്യദുരുപയോഗത്തെ ശിക്ഷിക്കുന്നു. സെൻസർഷിപ്പ് നിയമം സ്വാതന്ത്ര്യത്തെ ദുരുപയോഗം എന്ന് മുൻവിധിക്കുന്നു. സ്വാതന്ത്ര്യത്തെ അത് കുറ്റമായി കാണുന്നു . സെൻസർഷിപ്പ് നിയമത്തിൽ സ്വാതന്ത്ര്യത്തെ  പൊലീസിനാൽ അടിച്ചമർത്താം. അതിന് നിയമത്തിന്റെ രൂപം മാത്രമേയുള്ളൂ. പത്രനിയമമാണ് യഥാർത്ഥം.” അദ്ദേഹം ഒരിക്കൽ എഴുതി.

മാർക്‌സിലെ ജേര്ണലിസ്റ്റിന് ബഹുമുഖങ്ങളുണ്ടായിരുന്നു. അത് ഒരു പൊളിറ്റിക്കൽ ആക്ടിവിസ്റ്റിൽ നിന്നും രൂപം കൊണ്ടതു പോലെ തിരികെയും ആണെന്നു പറയാം. ഉദാഹരണത്തിന് “റെയ്‌നിഷേ സെ തുംഗി”ലും “ന്യൂ റെയ്‌നിഷേ സെ തുംഗി”ലും എഡിറ്ററായി ജോലി ചെയ്യുമ്പോൾ തൊഴിലാളികളെ വിദ്യാഭ്യാസം ചെയ്യിക്കാൻ ആ പ്രാരാബ്ധക്കാരൻ  യത്നിച്ചു കൊണ്ടിരുന്നു. 1848 ലെ വിപ്ലവം ജനങ്ങളുടെ വസന്തം എന്നാണ് അറിയപ്പെട്ടത്.

ഈ അർത്ഥത്തിൽ  മാർക്സ് എന്ന തത്വജ്ഞാനി  അദ്ദേഹത്തിന്റെ സർവ്വപ്രവർത്തനങ്ങളിലും താൻ ഫ്യൂവർബാക്കിനെ (Ludwig Feuerbach, German philosopher) കുറിച്ചെഴുതിയ പതിനൊന്നാം സിദ്ധാന്തത്തിൽ പറഞ്ഞതു പോലെ “തത്വജ്ഞാനികൾ മാത്രമേ വിവിധമാർഗ്ഗങ്ങളിൽ ലോകത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളൂ, അതിൽ മാറ്റങ്ങൾ വരുത്തുന്നതിനുവേണ്ടി” എന്നെഴുതി.

ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്  കച്ചവടക്കാരാൽ നിയന്ത്രിക്കപ്പെടുന്ന അധികാരസ്ഥാപനങ്ങളെ  നിലനിർത്തുന്നതിനു വേണ്ടി  വ്യാജവാർത്തകളും  അപവാർത്തകളും  നിരന്തരമായി ഇരുപത്തിനാലു മണിക്കൂറും ലഭ്യമാക്കുന്ന “ചർണലിസം”  ഇന്ന് സ്വീകരണമുറിയിലും  കൈവിരലുകളിലും സ്വീകരിക്കേണ്ടി വരുമ്പോൾ   വീണ്ടുവിചാരമില്ലാത്തതും   ഉപരിപ്ലവവുമായ അവയ്‌ക്കെല്ലാമപ്പുറത്തു നിൽക്കുന്ന അനലിറ്റിക്കൽ ജേർണലിസത്തിലെ സത്യസന്ധത കാട്ടിത്തന്ന, രാഷ്ട്രം, സമൂഹം, സമ്പത്ത്, ഇവയിലെല്ലാം സമത്വത്തിലേക്കുള്ള പാത വെട്ടിത്തെളിക്കാൻ കഠിനാദ്ധ്വാനം ചെയ്ത ആ മഹാമനുഷ്യനെ ഓർമ്മിക്കാതിരിക്കാൻ കഴിയില്ല.

കടപ്പാട്: നരേൻ സിംഗ് റാവു | ദി വൈർ 

————————————————
സ്വതന്ത്ര പരിഭാഷ : സാലിഹ് റാവുത്തർ