കശ്മീര്‍ വഷളാക്കുന്നത് അന്നും ഇന്നും സംഘ്പരിവാര്‍

ഡോ. റാം പുനിയാനി

2019 ഓഗസ്‌റ്റ്‌ 5 ന്‌ രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സിലൂടെ ആര്‍ട്ടിക്കിള്‍ 370, കശ്‌മീരിന്‌ നല്‍കിയിരുന്ന പ്രത്യേക അവകാശം എന്‍ഡിഎ ഗവണ്‍മെന്റ്‌ റദ്ദ്‌ ചെയ്‌തു . ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ രാജ്യങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം കൊടുത്തു മടങ്ങിയതിനുശേഷം കശ്‌മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിനുള്ള ഉപാധിയായിരുന്നു ആ ആര്‍ട്ടിക്കിള്‍. പ്രതിരോധം, ആശയവിനിമയം, കറന്‍സി, വിദേശകാര്യ എന്നിവ ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും ഇത്‌ കശ്‌മീരിന്‌ സ്വയംഭരണാവകാശം നല്‍കുന്നതായിരുന്നു അത്‌. റദ്ദാക്കലിനെത്തുടര്‍ന്ന്‌ ഇന്റര്‍നെറ്റ്‌ വിച്ഛേദിക്കുന്നതുള്‍പ്പെടെ മിക്ക ജനാധിപത്യ അവകാശങ്ങളും നിര്‍ത്തലാക്കുകയും ചെയ്‌തു. അവിടെ ആഭ്യന്തരമായ നടന്ന പ്രതിഷേധം ലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. സൈനിക സാന്നിധ്യം ശക്തമാക്കുകയും ജമ്മു കശ്‌മീരിലെ പ്രധാന നേതാക്കളെ അറസ്‌റ്റ്‌ ചെയ്യുകയോ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്‌തു. ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി എടുത്തുമാറ്റി ഈ പ്രദേശം രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു, ലഡാക്‌, ജമ്മു കശ്‌മീര്‍. ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍, അഥവാ കേന്ദ്ര സര്‍ക്കാര്‍ ഈ പ്രദേശം ഭരിക്കാന്‍ വന്നു. ജനാധിപത്യം പൂര്‍ണ്ണമായും പിന്‍വലിച്ചു.

ഏതാണ്ട്‌ ഒന്നര വര്‍ഷത്തിനുശേഷം ഇപ്പോള്‍ 2021 ജൂണ്‍ 24 ന്‌ (2021) പ്രധാനമന്ത്രി മോദി നാല്‌ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ മുന്‍ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്തിന്റെ ഡീലിമിറ്റേഷന്‍ (തിരഞ്ഞെടുപ്പ്‌ മണ്ഡലങ്ങളുടെ പുനര്‍നിര്‍മ്മാണം) സംബന്ധിച്ചും സമീപഭാവിയില്‍ നടത്താനുദ്ദേശിക്കുന്ന തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സംസാരിക്കുന്നതിനായിരുന്നു അത്‌. സംസ്ഥാനപദവി പുന:സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ കശ്‌മീരില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യം ഉന്നയിച്ചെങ്കിലും അധികാരികള്‍ ഉറപ്പ്‌ നല്‍കിയില്ല.

ഈ അവസരത്തില്‍ മോദി എന്തിനാണ്‌ ഈ മീറ്റിംഗ്‌ വിളിക്കാന്‍ തീരുമാനിച്ചത്‌ എന്നത്‌ അവ്യക്തമാണ്‌. കശ്‌മീരില്‍ നിന്നുള്ള നേതാക്കള്‍ യോഗത്തില്‍ അവരുടെ ആശങ്കകള്‍ അവതരിപ്പിക്കുകയും സംസ്ഥാനപദവി പുനസ്ഥാപിക്കുക എന്ന ആവശ്യം ഉന്നയിക്കുകയും ചെയ്‌തിട്ടും മോദി-ഷാ ദ്വയങ്ങള്‍ ഇത്‌ ഗൗരവമായി എടുത്തില്ല. ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുന്നതിനെക്കുറിച്ചും പാകിസ്ഥാനുമായി സംഭാഷണം നടത്തുന്നതിനെക്കുറിച്ചും മഹബൂബ മുഫ്‌തി സംസാരിച്ചു. കശ്‌മീര്‍ ജനതയുടെ ഹിതം പാലിക്കുന്നതിനായി ഇന്ത്യന്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌ നെഹ്‌റു ഉറപ്പുനല്‍കിയിട്ടുള്ളത്‌ ഒരു പത്രസമ്മേളനത്തില്‍ ഫറൂഖ്‌ അബ്ദുല്ല പ്രസ്‌താവിച്ചു. കശ്‌മീരിന്റെ അവകാശങ്ങളെക്കുറിച്ചുള്ള വാഗ്‌ദാനങ്ങളില്‍ “ആകാശമാണ്‌ പരിധി” എന്നു പ്രഖ്യാപിച്ച നരസിംഹറാവുവിന്റെയും “ഇന്‍സാനിയത്ത്‌, ജംഹൂറിയത്ത്‌, കശ്‌മീരിയത്ത്‌” (ഹ്യൂമനിസം, ഡെമോക്രസി, കശ്‌മീരിയത്ത്‌) എന്ന്‌ വാജ്‌പേയിയുടെ വാഗ്‌ദാനവും ഒന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ പാലിക്കുന്നില്ല. കശ്‌മീര്‍ നിയമസഭയില്‍ നിന്നുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാന്‍ കഴിയൂ എന്ന്‌ അനുശാസിക്കുന്ന ഇന്ത്യന്‍ ഭരണഘടനക്കെതിരായി ഇപ്പോള്‍ സംസ്ഥാനത്തെപ്പോലും ഇല്ലാതാക്കുകയും 370 ആര്‍ട്ടിക്കിള്‍ നിര്‍ത്തലാക്കുകയും ചെയ്‌തിരിക്കുന്നു.

ചുരുക്കത്തില്‍, കശ്‌മീര്‍ പ്രശ്‌നത്തിന്റെ ഏറ്റവും വലിയ ഇരകള്‍ സര്‍വ്വ കശ്‌മീര്‍ ജനതയുമാണ്‌ . തീവ്രവാദത്തെത്തുടര്‍ന്ന്‌ കശ്‌മീരി പണ്ഡിറ്റുകള്‍ക്ക്‌ താഴ്‌വരയില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നു. ഇതിനുശേഷം കശ്‌മീരിന്റെ പദവിയും സ്വത്വവും തീവ്രനിലപാടുകളുള്ള ഘടകങ്ങളുമായി ചേര്‍ത്തുവായിക്കുകയും തീവ്രവാദത്തെ നേരിടുന്നതിന്റെ പേരില്‍ ഭരണകൂടമെടുത്ത്‌ നിലപാടുകളുടെ തിക്തഫലങ്ങള്‍ ജനങ്ങള്‍ക്ക്‌ മുഴുവനുമായും അനുഭവിക്കേണ്ടിവരികയും ചെയ്‌തു. അക്കാലത്ത്‌ കശ്‌മീര്‍ ഗവര്‍ണ്ണറായിരുന്ന ജഗ്മോഹന്‍ (പിന്നീട്‌ ബിജെപിയില്‍ ചേര്‍ന്നു) നിസ്സഹായരായ ഹിന്ദു ന്യൂനപക്ഷത്തിന്‌ സുരക്ഷ നല്‍കുന്നതിനുപകരം പുറത്തേക്കുള്ള പാതയൊരുക്കി. കശ്‌മീരി പണ്ഡിറ്റുകള്‍ക്ക്‌ പുറമെ വലിയൊരു പങ്ക്‌ മുസ്‌ലിംകളും താഴ്‌വരയില്‍ നിന്ന്‌ പുറത്തുപോയത്‌ തീവ്രവാദവും സൈനികരുടെ കനത്ത സാന്നിധ്യവും മൂലമാണ്‌.

സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയുള്ള പാകിസ്ഥാന്റെ പങ്ക്‌ കശ്‌മീരികളുടെ ദുരിതങ്ങള്‍ക്ക്‌ പ്രധാന സംഭാവന നല്‍കിയതില്‍ സംശയമില്ല; പ്രത്യേകിച്ച്‌ അമേരിക്ക. തീവ്രവാദത്തെ പിന്തുണയ്‌ക്കാന്‍ പാകിസ്ഥാനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അമേരിക്ക-ഇംഗ്ലണ്ട്‌ അച്ചുതണ്ടിനു പിന്നില്‍ കശ്‌മീരിലെ തന്ത്രപരമായ ഭൂമിശാസ്‌ത്രപരമായ സ്ഥാനമാണ്‌, പിന്നീട്‌ അല്‍ ക്വയ്‌ദ സ്വഭാവത്തിലുള്ള സംഘങ്ങളുടെ പ്രവേശനം പരിധിക്കപ്പുറം സ്ഥിതി വഷളാക്കി. എന്നാല്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ അതുപോലെതന്നെ ജനങ്ങളെ കഷ്‌ടപ്പെടുത്തുകയും സൈന്യത്തിനുനേരെ കല്ലെറിയേണ്ട അവസ്ഥ കശ്‌മീര്‍ ജനതയ്‌ക്ക്‌ വന്നുചേരുകയും ചെയ്‌തു.

ഇപ്പോഴത്തെ ഭരണാധികാരികള്‍ ആ പ്രദേശത്തിന്റെ മതഘടനയില്‍ത്തന്നെ മാറ്റം വരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ തോന്നുന്നു. സ്വാതന്ത്ര്യസമയത്ത്‌ കശ്‌മീരില്‍ 70 ശതമാനത്തിലധികം മുസ്‌ലിംകള്‍ ഉണ്ടായിരുന്നുവെന്ന്‌ നമുക്കറിയാം, ഇതാണ്‌ ജിന്നയ്‌ക്ക്‌ കശ്‌മീര്‍ തന്റെ കരവലയത്തിനുള്ളിലാണെന്ന ധാരണയുണ്ടാക്കിയത്‌, പാകിസ്ഥാന്‍ സൈന്യം സംസ്ഥാനത്തെ ആക്രമിക്കാന്‍ കബായ്‌ലികളെ (ഗോത്രവര്‍ഗക്കാരെ) പിന്തുണച്ചു. ഷെയ്‌ഖ്‌ അബ്ദുല്ലയുടെ തീരുമാനം ഓര്‍മിക്കേണ്ടതുണ്ട്‌; കശ്‌മീരിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവായ അദ്ദേഹം പാകിസ്ഥാനുമായി ലയിക്കാന്‍ വിസമ്മതിച്ചയാളാണ്‌. കാരണം പാക്കിസ്ഥാന്റെ നേതൃത്വത്തിലെ ഫ്യൂഡല്‍-ഫണ്ടമെന്റല്‍ മൗലികവാദ സ്വഭാവത്തെക്കുറിച്ച്‌ അദ്ദേഹത്തിന്‌ വ്യക്തത ഉണ്ടായിരുന്നു. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും മതേതരത്വത്തെ ശക്തമായി പിന്തുണച്ച അദ്ദേഹം, അവരെ ഇന്ത്യന്‍ രാഷ്ട്രീയ സ്ഥാപനത്തിന്റെ താരങ്ങളായി കണ്ടു. സംസ്ഥാനത്ത്‌ ഭൂപരിഷ്‌കരണം കൊണ്ടുവരുന്നതിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. ബുദ്ധമതത്തിന്റെയും വേദാന്തത്തിന്റെയും സൂഫിസത്തിന്റെയും സമന്വയമാണ്‌ കശ്‌മീരിയത്ത്‌ എന്ന്‌ വിളിക്കപ്പെടുന്ന കശ്‌മീര്‍ പാരമ്പര്യം. ദക്ഷിണേഷ്യന്‍ സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ ഒരുവേള ഏറ്റവും മികച്ചതെന്നു പറയാന്‍ കഴിയുന്നതാണ്‌ ആ സമന്വയം.

ഇന്ത്യന്‍ യൂണിയനില്‍ ചേരാനുള്ള ഉപാധിയായി കശ്‌മീരിനുകൊടുത്ത പരിഗണന ഏകപക്ഷീയമായി ഇല്ലായ്‌മ ചെയ്‌ത്‌ കശ്‌മീരിനെ പരിപൂര്‍ണ്ണമായും ഇന്ത്യയുമായി ലയിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ ശ്യാമപ്രസാദ്‌ മുഖര്‍ജിയെപ്പോലുള്ള തീവ്ര വലതുപക്ഷവാദികളായിരുന്നു. കശ്‌മീര്‍ നയങ്ങള്‍ക്ക്‌ അംഗീകാരം നല്‍കിയ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായിരുന്നു മുഖര്‍ജി. മഹാത്മാവിന്റെ കൊലപാതകത്തോടൊപ്പം വര്‍ഗ്ഗീയനിലപാടുകളുള്ള ഇക്കൂട്ടരുടെ മനോഭാവവും ഷെയ്‌ക്കിനെ നിരാശനാക്കുകയും ഇന്ത്യന്‍ യൂണിയനില്‍ ചേരാനായി എടുത്ത തീരുമാനം ശരിയായിരുന്നോ എന്ന്‌ പുനര്‍വിചിന്തനം നടത്താന്‍പോലും കാരണമാകുകയും ചെയ്‌തു.

ഒരു വശത്ത്‌ പാകിസ്ഥാന്റെ ചില പദ്ധതികള്‍ കശ്‌മീരിലെ ജനങ്ങളുടെ അവസ്ഥ കൂടുതല്‍ വഷളാക്കിയപ്പോള്‍, മറുവശത്ത്‌ ഇന്ത്യയിലെ വര്‍ഗ്ഗീയവാദികള്‍ സമൂഹത്തെ ധ്രുവീകരിക്കാന്‍ കശ്‌മീര്‍ പ്രശ്‌നം ഉപയോഗിച്ചു. പട്ടേല്‍ കൈകാര്യം ചെയ്‌തിരുന്നെങ്കില്‍ അത്‌ അക്കാലത്ത്‌ തന്നെ പരിഹരിക്കപ്പെടുമായിരുന്നുവെന്ന്‌ അവര്‍ പ്രചരിപ്പിച്ച വാദങ്ങള്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. നുണകളും അവയുടെ പ്രചാരണവുമാണ്‌ അവരുടെ ആയുധങ്ങള്‍. അല്‌പം ദൈര്‍ഘ്യമേറിയ ഇക്കഥ അവിനാശ്‌ മൊഹന്തി ചുരുക്കത്തില്‍ പറയുന്നത്‌ ഇങ്ങനെയാണ്‌ ഏറ്റവും കശ്‌മീര്‍ പ്രശ്‌നം വഷളായതിനുപിന്നില്‍ മുന്നുപേരാണ്‌ മൗണ്ട്‌ബാറ്റണ്‍ പ്രഭു, ഗവര്‍ണ്ണര്‍ ജനറലായ മുഹമ്മദാലി ജിന്ന, മഹാരാജാ ഹരസിംഗ്‌. മറുവശത്ത്‌ കശ്‌മീര്‍ നമ്മളോടു ചേരാന്‍ കാരണക്കാരായ മൂന്നുപേര്‍ ഷെയ്‌ഖ്‌ അബ്‌ദുള്ള, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍.

പട്ടേലിന്‌ ഏറ്റവും നിര്‍ബന്ധമായി തോന്നിയത്‌ ഭൂമിശാസ്‌ത്രപരമായി ഇന്ത്യാഉപദ്വീപിനു മദ്ധ്യത്തില്‍ കിടക്കുന്ന ഹൈദ്രാബാദിനെ ചേര്‍ക്കണം എന്നതായിരുന്നു. കശ്‌മീരിന്റെ കാര്യത്തില്‍ അത്ര നിര്‍ബന്ധം പട്ടേലിനുണ്ടായിരുന്നില്ല. ജൂണ്‍ 18നും 23നുമിടയില്‍ കശ്‌മീര്‍ സന്ദര്‍ശനവേളയില്‍ മൗണ്ട്‌ബാറ്റണ്‍ മഹാരാജാ ഹരിസിംഗിനോട്‌ പറഞ്ഞത്‌ കശ്‌മീര്‍ പാകിസ്ഥാനോടു ചേരുന്നത്‌ ഇന്ത്യയുമായി സൗഹൃദമില്ലായ്‌മയായി കണക്കാക്കപ്പെടില്ല എന്നാണ്‌. വി.പി. മേനോന്‍ പറഞ്ഞതും ഇതുതന്നെയാണ്‌. അപ്രകാരം സംഭവിച്ചാല്‍ ( കശ്‌മീര്‍ സ്വതന്ത്രമായി നില്‍ക്കുകയോ പാകിസ്ഥാന്‍ യൂണിയനില്‍ ചേരുകയോ ) പ്പോലും തങ്ങള്‍ക്ക്‌ കശ്‌മീരുമായി സൗഹാര്‍ദ്ദപരമായ ബന്ധം തന്നെയായിരിക്കും എന്ന്‌ പട്ടേല്‍ തനിക്ക്‌ ഉറപ്പുനല്‍കിയിട്ടുണ്ട്‌ എന്നാണ്‌.

സിവിലിയന്‍മാര്‍ക്ക്‌ യുദ്ധംമൂലം ജീവന്‍ വെടിയുന്നത്‌ ഐക്യരാഷ്‌ട്രസംഘടന ഏറ്റവും ഗൗരവമായെടുക്കുന്ന വിഷയമായിട്ടുകൂടി കശ്‌മീരില്‍ സൈനീകനടപടികള്‍ക്ക്‌ കുറവുണ്ടാവുകയോ യുഎന്‍ന്റെ സഹായം വേണ്ടവണ്ണം കശ്‌മീര്‍ ജനതയ്‌ക്ക്‌ ലഭിക്കുകയോ ചെയ്‌തിട്ടില്ല.

ഇക്കാലത്ത്‌ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ്‌ ജമ്മുവിനേക്കാള്‍ ജനസംഖ്യ കുറവായിരുന്ന കശ്‌മീര്‍ താഴ്‌വരയ്‌ക്ക്‌ മാനദണ്‌ഡങ്ങള്‍ക്കപ്പുറത്ത്‌ നെഹ്‌റു കുടുതല്‍ അസംബ്‌ളി സീറ്റുകള്‍ അനുവദിച്ചു എന്നത്‌. ഇത്‌ വലിയൊരു നുണയാണ്‌. 2011-ലെ സെന്‍സസ്സിലും കശ്‌മീര്‍ താഴ്‌വരയുടെ ജനസംഖ്യ 68.88 ഉം ജമ്മുവിലേത്‌ 53.79 ഉം ആണ്‌. എന്നാല്‍ ഭൂവിസ്‌തൃതി, ടോപ്പോഗ്രാഫി തുടങ്ങിയ നമ്മുടെ മാനദണ്‌ഡങ്ങള്‍ പ്രകാരം ജമ്മുവിന്‌ കൂടുതല്‍ അസംബ്ലി സീറ്റുകള്‍ ലഭിച്ചേക്കാം.

അമേരിക്കയുടെ പിന്തുണയുള്ള പാകിസ്‌ഥാന്‍ സൈനീകപിന്‍മാറ്റത്തിന്‌ വിസമ്മതിക്കുന്നതിനാല്‍ ഹിതപരിശോധന ഫലപ്രദമായി നടത്തുക സാദ്ധ്യമല്ല. കശ്‌മീരിനെ ചൂണ്ടിക്കാട്ടി മുസ്ലീങ്ങളെ മുഴുവനും വിഘടനവാദികളെന്നു മുദ്രയടിക്കുന്നത്‌ ഇന്ത്യയില്‍ വര്‍ഗ്ഗീയശക്തികളുടെ സ്ഥിരം ഏര്‍പ്പാടാണ്‌. ഇപ്പോള്‍ മോദി ദില്‍ കി ദൂരി (ഹൃദയങ്ങളിലെ ദൂരം) നടത്തുന്നു. തോക്കിന്‍മുനകൊണ്ട്‌ ജനഹൃദയങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിയുമോ ? പരസ്‌പരബഹുമാനവും അംഗീകാരവും സ്‌നേഹവും കശ്‌മീര്‍ ജനതയുമായി കൈമാറ്റം ചെയ്യാന്‍ എന്തു മാര്‍ഗ്ഗമാണ്‌ ഫലം ചെയ്യുക ? കശ്‌മീര്‍ പണ്‌ഢിറ്റുകള്‍ നേരിടുന്ന പ്രശ്‌നം വിഭാഗീയത വളര്‍ത്താനായി ഏറെ ഉപയോഗിക്കപ്പെട്ടതാണ്‌. എന്നിട്ട്‌ കഴിഞ്ഞ ഏഴുകൊല്ലമായി ഭരണം നടത്തുന്ന എന്‍ഡിഎ സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി എന്താണ്‌ ചെയ്‌തത്‌ ? കാരണം ഇത്രയേ ഉള്ളൂ.. മനുഷ്യന്റെ ദുരിതങ്ങള്‍ സ്ഥാപിത താത്‌പര്യക്കാര്‍ മുതലെടുക്കുന്നു. കശ്‌മീര്‍ അല്ലാതെ മറ്റേത്‌ ഉദാഹരണം വേണമതിന്‌ ?

———————————————————————————–
(ഡോ. റാം പുനിയാനി ഐ. ഐ. ടി ബോംബെയിലെ മുൻ ബയോ മെഡിക്കൽ എന്‍ജിനീയറിംഗ് പ്രൊഫസറും ഗ്രന്ഥകാരനും സാമൂഹിക നിരീക്ഷകനുമാണ്. )

സ്വതന്ത്ര വിവർത്തനം : സാലിഹ് റാവുത്തർ