അഭിപ്രായം ഹനിക്കുന്ന നിയമമല്ല ആവശ്യം

ആർ ഗോപീകൃഷ്ണൻ

സമൂഹമാധ്യമങ്ങൾ വളരുന്നതനുസരിച്ച് അവയിലൂടെയുള്ള കുറ്റകൃത്യങ്ങളും അനുദിനമെന്ന വിധം വർധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാജ വാർത്തകളും സംഘടിതമായ അവഹേളനങ്ങളും ഭീഷണിപ്പെടുത്തലുകളും വിദ്വേഷം പടർത്തലും വ്യക്തിഹത്യയും സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങളും സാമ്പത്തിക തട്ടിപ്പുകളും യഥേഷ്ടം നടക്കുന്നു.

ഇത്തരം അനഭിലഷണീയ പ്രവണതകൾ നിയന്ത്രിക്കണമെന്നതിൽ അഭിപ്രായ വ്യത്യാസമില്ല. എന്നാൽ അതിനുള്ള നടപടികൾ ശക്തവും സുതാര്യവും ജനാധിപത്യപരവും ഭരണഘടനയുടെ മൗലികതത്വങ്ങൾക്ക് അനുസൃതവുമായിരിക്കണം. അതിനു നിരക്കാത്ത കരിനിയമങ്ങൾ കൊണ്ടുവന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയല്ല വേണ്ടത്. സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നിർദിഷ്ട ഓർഡിനൻസും ആ അർഥത്തിൽ എതിർക്കപ്പെടേണ്ടതാണ്.

സമൂഹമാധ്യമങ്ങളിലെ അനാരോഗ്യകരമായ പ്രവണതകൾ എല്ലാ കോണുകളിൽ നിന്നും എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുള്ളതാണ്. സൈബർ ഇടത്തിലൂടെ തിരി കൊളുത്തുന്ന രാഷ്ട്രീയ, വർഗീയ സംഘർഷങ്ങൾ ലോകമെങ്ങും അസ്വസ്ഥതകൾ പരത്തുമ്പോൾ വ്യക്തിപരമായ ആക്രമണങ്ങൾ അഭിമാനബോധമുള്ളവരെ തകർത്തുകളയുന്നു.

തൻറെ സ്വകാര്യ ജീവിതത്തിൽ മറ്റാരോ കടന്നു കയറുന്നതും അവരുടെ അതിക്രമങ്ങൾക്കു മുന്നിൽ നിസഹായതോടെ നിൽക്കേണ്ടി വരുന്നതും സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. അവരുടെ ദീനരോദനം കേട്ട് കോടതികൾ തന്നെ ഫലപ്രദമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് സർക്കാരുകളോട് പറഞ്ഞിട്ടുണ്ടെന്നത് ശരിതന്നെ. എന്നാൽ അങ്ങനെ കൊണ്ടുവരുന്ന നിയമങ്ങൾ വിശദമായി ചർച്ച ചെയ്തും ജനാഭിപ്രായം തേടിയുമാകണം.

സമൂഹമാധ്യമങ്ങൾ വഴി കുറ്റകൃത്യങ്ങൾ വർധിക്കുകയും സ്വകാര്യജീവിതത്തിനു തന്നെ സൈബർ ആക്രമണങ്ങൾ വലിയ ഭീഷണിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് ആക്റ്റിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമാണെന്ന് കണ്ടതുകൊണ്ട് നിലവിലുള്ള പൊലീസ് ആക്റ്റിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് മന്ത്രിസഭ ശുപാർശ ചെയ്തിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഉള്ളടക്കം നിർമിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേർക്കുക.

കേന്ദ്രത്തിൽ യുപിഎ ഭരിച്ചിരുന്നപ്പോൾ 2008 ൽ ഐടി നിയമത്തിൽ കൊണ്ടുവന്ന 66-എ വകുപ്പും 2011-ലെ കേരള പൊലീസ് നിയമത്തിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ടാണ് അഞ്ച് വർഷം മുൻപ് പരമോന്നത കോടതി അവ റദ്ദാക്കിയത്. ഏറെ കോളിളക്കമുണ്ടാക്കിയ 2012 ലെ ശ്രേയാ സിംഗാളും കേന്ദ്ര സർക്കാരും തമ്മിലുള്ള കേസിലായിരുന്നു ആ വിധി.

ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് വിധിയെന്നും അതിലെ വ്യവസ്ഥകൾ അവ്യക്തമാണെന്നുമുള്ള ഹർജിക്കാരുടെ വാദം സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. അന്ന് അത് റദ്ദാക്കിയപ്പോൾ രാജ്യത്തെ പൗരാവകാശ പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും സഹർഷം സ്വാഗതം ചെയ്തെങ്കിൽ ഇന്ന് പശ്ചിമ ബംഗാളും കേരളവുമൊക്കെയാണ് സമാന നിയമങ്ങൾ കൊണ്ടുവരുന്നത്. കേന്ദ്ര സർക്കാരും കോടതിവിധിയെ മറികടക്കാനുള്ള നിയമനിർമാണത്തിന് ഒരുങ്ങുന്നുണ്ട്.

വാക്കാലോ, രേഖാമൂലമോ, ഫോണിലൂടെയോ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കിയാൽ മൂന്നു വർഷം വരെ തടവ് ലഭിക്കുന്ന വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത് എന്നു മറക്കരുത്.

അധികാരത്തിലിരിക്കുന്നവരുടെ ചട്ടുകമായി പ്രവർത്തിക്കുന്ന പൊലീസിൻറെ ദൃഷ്ടിയിൽ സർക്കാരിനെതിരേയുള്ള എല്ലാ വിമർശനങ്ങളും കുറ്റകൃത്യമാകും. യുക്തിയോ, നീതിയോ ഇല്ലാതെ ആരെയും അറസ്റ്റു ചെയ്യാമെന്നു വരുന്നത് പൗരാവകാശങ്ങളുടെ നഗ്നലംഘനമായി കാണണം. പത്രങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺസിലുള്ളതുപോലെ സമൂഹ മാധ്യമങ്ങളെ നിയന്തിക്കുന്നതിന് ആ രംഗത്തെ വിദഗ്ധരും നിയമജ്ഞരും ഉന്നത വ്യക്തികളും ഉൾപ്പെട്ട സംവിധാനമുണ്ടാക്കി അവർക്ക് ശിക്ഷാധികാരം കൂടി നൽകുന്നതാകും ഉചിതം. സൈബർ ഇടത്തിൽ മാന്യമായി പെരുമാറാൻ ശീലിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെങ്കിലും കുറ്റവാളികൾ അരങ്ങുതകർക്കുന്നത് തടയുന്നതിനുള്ള നിയമപരമായ സംവിധാനം അനിവാര്യമാണ്.

സമൂഹ മാധ്യമങ്ങളുടെ സവിശേഷത അത് പൂർണമായും വ്യക്ത്യധിഷ്ഠിതമാണ് എന്നതാണ്. സൈബർ ലോകത്തിന് അതിരുകളില്ലാത്തതിനാൽ വിദേശങ്ങളിലിരുന്നു നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് കടിഞ്ഞാണിടാനും ബുദ്ധിമുട്ടുണ്ട്. എന്നാൽ ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഫിൽറ്ററുകൾ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താനും അത്തരക്കാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും തയാറായിട്ടുണ്ട്.

അത് രാജ്യത്തും പ്രാവർത്തികമാക്കണം. വേരിഫൈഡ് അക്കൗണ്ടുള്ളവർക്ക് സാധാരണക്കാരെക്കാൾ ശക്തമായ ഫിൽട്ടറുകൾ ട്വിറ്ററും മറ്റും തയാറാക്കിയിട്ടുണ്ട്. ജർമനിയും ചില പാശ്ചാത്യ രാജ്യങ്ങളും ശക്തമായ നിയമങ്ങൾ നിർമിച്ചിട്ടുള്ളത് വിശദമായ അഭിപ്രായ രൂപീകരണത്തിനു ശേഷമാണ്. അത്തരത്തിലുള്ള സുചിന്തിതമായ ഇടപെടലാണ് ഇവിടെയും വേണ്ടത്.

നിയമസഭയിൽ വേണ്ടത്ര ചർച്ച നടത്തിയും പൊതുജനാഭിപ്രായം ആരാഞ്ഞും ആകണം അത്. അല്ലാത്തപക്ഷം അത് വിമർശകരെ നിശബ്ദരാക്കുന്നതിനുള്ള ആയുധം മാത്രമാവുകയും കോടതിയുടെ മുൻപാകെ നിൽക്കാത്തതുമാകും.