ആ സിനിമ കണ്ട ശേഷം പ്രേതം പിന്തുടരുന്നത് പോലെ തോന്നി.. അമ്മയെ കൂട്ടിയല്ലാതെ മൂത്രമൊഴിക്കാന്‍ പോലും പോവില്ല: രാജ്കുമാര്‍ റാവു

ഹൊറര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഹൊറര്‍ പരിപാടികളും ചിത്രങ്ങളും കാണുന്നത് പേടിയാണെന്ന് നടന്‍ രാജ്കുമാര്‍ റാവു. ചെറുപ്പത്തില്‍ ഹൊറര്‍ ഷോകള്‍ കണ്ട് താന്‍ ഒരുപാട് ഭയപ്പെട്ടിരുന്നു. വലുതായപ്പോള്‍ എക്‌സോര്‍സിസം ഓഫ് എമിലി റോസ് എന്ന ഹൊറര്‍ സിനിമ കണ്ട ശേഷം പ്രേതം പിന്തുടരുന്നതായി തോന്നിയിരുന്നു എന്നാണ് രാജ്കുമാര്‍ പറയുന്നത്.

ടിവിയില്‍ വന്നിരുന്ന ഹൊറര്‍ പരമ്പരകള്‍ കാണുമ്പോള്‍ വല്ലാത്ത ഭയം തോന്നിയിരുന്നു. ഇത് കണ്ടതിന് ശേഷം അമ്മയെ കൂടെ കൂട്ടിയല്ലാതെ മൂത്രമൊഴിക്കാന്‍ പോലും പോവില്ല. ടൊയ്‌ലെറ്റില്‍ പോകുമ്പോള്‍ പുറത്ത് അമ്മയെ നിര്‍ത്തും. അതെല്ലാം ആ പ്രായത്തിന്റേതായ തോന്നലായിരുന്നു.

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ പഠിക്കുമ്പോഴാണ് എക്‌സോര്‍സിസം ഓഫ് എമിലി റോസ് എന്ന ചിത്രം കണ്ടത്. ഏകദേശം കാലിയായ ഒരു തിയേറ്ററിലായിരുന്നു ഹോളിവുഡ് ബയോപിക് എന്ന ധാരണയില്‍ എക്‌സോര്‍സിസം കാണാനിരുന്നത്. എന്നാല്‍ 1000 പേര്‍ക്കിരിക്കാവുന്ന ആ ഹാളിനകത്ത് വെറും ആറുപേരാണ് ഉണ്ടായിരുന്നത്.

ഹൊറര്‍ സിനിമയാണെന്ന ഒരു സൂചന പോലും മനസില്‍ ഇല്ലായിരുന്നു. ഭയത്തോടെയും പറ്റിക്കപ്പെട്ടു എന്ന തോന്നലോടെയാണ് അതിനകത്ത് ഇരുന്നത്. എങ്ങനെയെങ്കിലും തീര്‍ന്നാല്‍ മതി എന്നായിരുന്നു തോന്നിയത്. കണ്ടിറങ്ങിയ ശേഷം ആ സിനിമ മനസില്‍ നിന്ന് പോയില്ല. എമിലി പിന്തുടരുന്നതുപോലെ തോന്നി.

ഹോസ്റ്റലില്‍ നടന്‍ ജയ്ദീപ് അഹ്ലാവത്ത് എന്റെ ബാച്ച്‌മേറ്റും റൂംമേറ്റുമായിരുന്നു. അക്കാലത്ത് ജയ്ദീപ് പുറത്തൊക്ക പോയി തിരിച്ചുവരുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിട്ടുണ്ടാവും. എക്‌സോര്‍സിസം കണ്ടുവന്നതിനുശേഷം എമിലി റൂമിലെ മേശപ്പുറത്തിരിക്കുന്നത് പോലെയൊക്കെ തോന്നിയിരുന്നു.

രണ്ട് വഴികളാണ് മുന്നിലുണ്ടായിരുന്നത്. ഒന്നുകില്‍ പുറത്തുപോയിരിക്കുന്ന ജയ്ദീപിനെ വിളിച്ചു കൊണ്ടുവരിക, അല്ലെങ്കില്‍ ആ ഭയത്തെ ധൈര്യത്തോടെ നേരിടുക. ഇതൊക്കെ തോന്നലാണെന്നും അവിടെ ആരുമില്ലെന്നും ചിന്തിച്ച് ഭയത്തെ നേരിടാനാണ് തീരുമാനിച്ചത് എന്നാണ് രാജ്കുമാര്‍ റാവു ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Read more