കീടനാശിനി വില്‍പ്പന മേഖലയിലെ തുഗ്ലക്ക് പരിഷ്‌ക്കാരം: കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍

ഡോ. ജോസ് ജോസഫ്

വിപണിയിലെ പച്ചക്കറികളില്‍ കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ അവശിഷ്ട വിഷാംശ പരിശോധനയില്‍ കീടനാശിനി അംശം കണ്ടെത്തി എന്നതിന്റെ പേരില്‍ സംസ്ഥാന കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരു പോലെ തിരിച്ചടിയായി മാറുന്നു. കീടനാശിനി ഡിപ്പോകളുടെ ഉടമസ്ഥര്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമെ കീടനാശിനികളും കളനാശിനികളും കുമിള്‍നാശിനികളും കര്‍ഷകര്‍ക്കു വില്‍ക്കാന്‍ പാടുള്ളുവെന്നാണ് ജനുവരി 13ന് കൃഷി ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം.

മറ്റ് പല വിധ തിരക്കുകളുള്ള കൃഷി ഓഫീസര്‍മാരെ തേടി പലതവണ കൃഷിഭവന്‍ സന്ദര്‍ശിക്കണ്ടി വരുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം കീടങ്ങളെ കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ നഷ്ടം സംഭവിക്കാമെന്നിരിക്കെ കീടനാശിനി കുറുപ്പിനു വേണ്ടി പലവട്ടം കൃഷിഭവന്‍ കയറി ഇറങ്ങേണ്ടി വരുന്നത് കൃഷിയെ തകര്‍ക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.

Related image

ഔദ്യോഗിക യോഗങ്ങളും യാത്രകളും മറ്റുമായി ആഴ്ചയില്‍ പകുതി ദിവസവും കൃഷി ഉദ്യോഗസ്ഥര്‍ കൃഷി ഭവനില്‍ ഉണ്ടാകാറില്ല. വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്കും പെട്ടെന്ന് കൃഷി ഭവനില്‍ എത്തി കുറുപ്പടി വാങ്ങുന്നതും എളുപ്പമല്ല. ഓരോ കൃഷിഭവന്‍ പരിധിയിലുമുള്ള പ്രധാന വിളകളുടെ കീടബാധ തിരിച്ചറിയണ്ടതും നിയന്ത്രണമാര്‍ഗങ്ങള്‍ യഥാസമയം നിര്‍ദ്ദേശിക്കേണ്ടതും കൃഷി ഓഫീസറുടെ ഉത്തരവാദിത്വമാണ്. ശുപാര്‍ശ കൃഷി വകുപ്പ് കര്‍ഷകന്റെ വയലില്‍ എത്തി നല്‍കുകയാണ് ചെയ്യണ്ടത്. അതിനു പകരം കര്‍ഷകന്‍ പലവട്ടം കൃഷിഭവനില്‍ എത്തി കാത്തു കെട്ടിക്കിടന്ന് കുറുപ്പടി വാങ്ങിപ്പോകണമെന്ന് ഭീഷണിപ്പെടുത്തുന്നത് തലതിരിഞ്ഞ വിജ്ഞാന വ്യാപനമാണ്. ഇത്തരം ബ്യൂറോക്രാറ്റിക് ദുര്‍നടപടികളാണ് കേരളത്തിന്റെ കാര്‍ഷിക മേഖലയെ വര്‍ഷങ്ങളായി തകര്‍ത്തു കൊണ്ടിരിക്കുന്നത്.

കൃഷി ഓഫീസറുടെ കുറിപ്പടി ഇല്ലാതെ ഡിപ്പോയില്‍ നിന്നും കീടനാശിനി വാങ്ങുന്നത് അനധികൃതമാണെന്നാണ് സര്‍ക്കുലറിലെ വ്യഖ്യാനം. കൃഷിയിടങ്ങളില്‍ കീടനാശിനികള്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ അല്ലാതെ ഉപയോഗിക്കുന്നതും നിയന്ത്രിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദ്ദേശം നല്ലതാണെങ്കിലും ഇതിന്റെ ഉത്തരവാദിത്വവും കര്‍ഷകര്‍ക്കും വില്‍പ്പനക്കാര്‍ക്കും കൈമാറിയിരിക്കുകയാണ് അംഗീകൃത കീടനാശിനി ഡിപ്പോകളിലൂടെയല്ലാതെ കര്‍ഷകര്‍ കീടനാശിനി വാങ്ങുന്നത് അനധികൃതമാണെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ കീടനാശിനി വ്യാപാരം തകൃതിയായി നടക്കുന്ന നമ്മുടെ നാട്ടില്‍ ഇതെങ്ങനെ നടപ്പാക്കാനാവുമെന്നതിനെ കുറിച്ച് കൃഷി വകുപ്പിന് വലിയ ധാരണയൊന്നുമില്ല.

Image result for pesticides

രാജ്യത്തും വിദേശത്തുമുള്ള ഏതു കീടനാശിനിയും ഇപ്പോള്‍ ഓണ്‍ ലൈനില്‍ ലഭിക്കും നാട്ടില്‍ ലഭ്യമല്ലാത്ത ഫലപ്രദമായ ഒരു കീടനാശിനി ശാസ്ത്രീയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പുറത്തു നിന്നും ഓണ്‍ലൈനില്‍ വാങ്ങുന്നത് എങ്ങനെ അനധികൃതമാകും? കേരളത്തില്‍ നിരോധിച്ച കീടനാശിനികള്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തുന്നത് ഇതു വരെയും നിയന്ത്രിക്കാനായിട്ടില്ല. ഡ്യൂട്ടി പെയ്ഡ് ഷോപ്പ് , മാര്‍ജിന്‍ ഫ്രീ ഷോപ്പ് , ഹാര്‍ഡ് വെയര്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലെല്ലാം കീടനിയന്ത്രണത്തിനുള്ള ചില രാസവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. ഇതും നിയന്ത്രക്കാനായിട്ടില്ല. കര്‍ഷകര്‍ക്കും കര്‍ഷക സമിതികള്‍ക്കും കമ്പനികളും വിതരണക്കാരും ഇടനിലക്കാരും കീടനാശിനികള്‍ വില്‍ക്കുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. പെട്ടെന്നുള്ള കീടനിയന്ത്രണത്തിനുള്ള കര്‍ഷകരുടെ അവസരങ്ങള്‍ പരിമിതപ്പെടുത്തുന്നതാണ് സര്‍ക്കുലറിലെ വ്യവസ്ഥകള്‍.

2011 മെയ് മാസത്തില്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ 14 കീടനാശിനികള്‍ നിരോധിച്ചിരുന്നു. ചുവപ്പ്, മഞ്ഞ, നീല ലേബലുകളിലുള്ള കീടനാശിനികളും ഏതാനും കുമിള്‍നാശിനികളും കളനാശിനികളുമാണ് നിരോധിച്ചത്. കേന്ദ്ര കീടനാശിനി നിയമപ്രകാരം അടിയന്തിര സാഹചര്യങ്ങളില്‍ രണ്ട് മാസത്തേക്കു മാത്രമെ ഏതെങ്കിലും കീടനാശിനി നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളു. സ്ഥിരം നിരോധനത്തിന് കേന്ദ്ര ഉത്തരവ് വേണം. കേരളത്തില്‍ നിരോധിച്ചാലും കേന്ദ്രം നിരോധിക്കാത്തിടത്തോളം കാലം ഈ കീടനാശിനികളുടെ വില്‍പ്പനക്ക് നിയമസാധുതയുണ്ടാകും. കടും ചുവപ്പും കടുംമഞ്ഞയും ലേബലുകള്‍ മാറി ഇളം മഞ്ഞയും പച്ചയും നീലയും ലേബലുള്ള കീടനാശിനികള്‍ വന്നാല്‍ മനുഷ്യര്‍ക്കും പരിസ്ഥിതിക്കും അപകടം കുറയുമെന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിലായിരുന്നു 2011 ലെ കീടനാശിനി നിരോധനം.

Image result for pesticides

നിരോധനത്തിനു മുമ്പും പിമ്പും മതിയായ പഠനങ്ങള്‍ നടത്തിയില്ല ബദല്‍ കീടനാശിനിയെന്ന പേരില്‍ കൊണ്ടുവന്ന പുതു തലമുറ കീടനാശിനികളില്‍ പലതും മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമെന്നു കണ്ട് വിദേശ രാജ്യങ്ങളില്‍ നിരോധിച്ചവയാണ്. ഈ ബദല്‍ കീടനാശിനികളില്‍ ചിലതിനെ പിന്നീട് കേരള സര്‍ക്കാര്‍ നിയന്ത്രിതമായി ഉപയോഗിക്കാവുന്ന രാസവസ്തുക്കളായി പ്രഖ്യാപിച്ചു.

കാര്‍ബോസള്‍ഫാന്‍, ക്ലോര്‍പൈറി ഫോസ്, സൈപ്പര്‍മെത്രിന്‍. ലാംബ്ഡസൈഹാലോത്രിന്‍, അസഫേറ്റ് എന്നീ കീടനാശിനികളും 2, 4- ഡി, ഗ്ലൈഫോസേറ്റ് എന്നീ കളനാശിനികളുമാണ് നിയന്ത്രിത രാസവസ്തുക്കളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഈ കീടനാശിനികളും കളനാശിനികളും കൃഷി ഓഫീസറുടെ കുറിപ്പോടുകൂടി മാത്രമെ വില്‍ക്കാന്‍ പാടുള്ളുവെന്നായിരുന്നു നിബന്ധന. നിയന്ത്രിത കീടനാശിനികള്‍ വാങ്ങാന്‍ കൃഷി ഓഫീസറുടെ കുറിപ്പടി വേണമെന്ന നിബന്ധന ഇപ്പോള്‍ എല്ലാ കീനൊശികള്‍ക്കുമായി വ്യാപിപ്പിച്ചിരിക്കുകയാണ് കൃഷി വകുപ്പ്. കേന്ദ്ര നിയമവുമായി ഒത്തു പോകാതെ കേരളം നടപ്പാക്കി കൊണ്ടിരിക്കുന്ന നിരോധനങ്ങളുമെല്ലാം ദോഷകരമായി ബാധിക്കുന്നത് സാധാരണ കര്‍ഷകരെയാണ്.

Image result for pesticides

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കളനാശിനിയായ ഗ്ലൈഫോസേറ്റ് (റൗണ്ടപ്പ് )കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടു മാസത്തേക്ക് നിരോധിച്ചു.കേരളത്തില്‍ 2017-18 ല്‍ ആകെ ഉപയോഗിച്ച 318.476 ടണ്‍ കളനാശിനിയില്‍ 129. 436 ടണ്ണും റൗണ്ടപ്പായിരുന്നു. തോട്ടം മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഉപയോഗം. റെയില്‍വേ, പിഡബ്‌ള്യൂഡി, കെ എസ് ഇ ബി തുടങ്ങിയ വകുപ്പുകള്‍ ഈ കളനാശിനി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. ബദല്‍ കളനാശിനികളൊന്നും ശുപാര്‍ശ ചെയ്യാതെയായിരുന്നു നിരോധനം. നിരോധിച്ചതിന്റെ ശേഷമായിരുന്നു പഠനം നടത്താന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയെ ഏല്‍പ്പിച്ചത്.

കേന്ദ്ര ഗവണ്മെന്റിനെ കൊണ്ട് നടപ്പാക്കിക്കേണ്ടിയിരുന്ന റൗണ്ടപ്പ് നിരോധനം ബദല്‍ ശുപാര്‍ശകളില്ലാതെ നടപ്പാക്കുന്നതിന്റെ ദുരിതവും അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട കര്‍ഷകരാണ്. കേരളത്തെ ഒരു ജൈവകൃഷി സംസ്ഥാനമാക്കി മാറ്റുമെന്ന പ്രചാരണത്തിന്റെ ഭാഗമാണ് ആത്മാര്‍ത്ഥതയില്ലാതെ നടത്തുന്ന കീടനാശിനി നിരോധന – നിയന്ത്രണ അഭ്യാസങ്ങള്‍. 2010 ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ജൈവകര്‍ഷിക നയം അംഗീകരിച്ച് ഉത്തരവിറക്കിയത്. 10 വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ്ണ ജെവകൃഷി സംസ്ഥാനമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ജൈവകൃഷി നയം വന്ന് ഒമ്പതു വര്‍ഷം കഴിഞ്ഞിട്ടും ഒരിഞ്ചു പോലും മുന്നേറാനായിട്ടില്ല. വന്‍ തോതില്‍ നടപ്പാക്കാവുന്ന ജൈവ കീട- രോഗനിയന്ത്രണ മാര്‍ഗങ്ങളും ലഭ്യമാക്കാനായിട്ടില്ല. വിലത്തകര്‍ച്ചയും ഉല്പാദന നഷ്ടവും നേരിടുന്ന കര്‍ഷകര്‍ക്ക് കുറെക്കാലം കൂടിയെങ്കിലും രാസകീടനാശിനികള്‍ ഉപയോഗിക്കേണ്ടി വരും. ഈ മേഖലയിലെ വികലമായ നയങ്ങള്‍ ആത്യന്തികമായി കര്‍ഷകരെ തന്നെയാണ് ദോഷകരമായി ബാധിക്കുക.

കേരളത്തില്‍ 2700-ഓളം കീടനാശിനി ഡിപ്പോകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ശത്രുതാപരമായ നയങ്ങള്‍ കാരണം മിക്കവയും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ചില ഡിപ്പോകള്‍ മാസം അഞ്ചും ആറും തവണ റെയ്ഡുകള്‍ നേരിടേണ്ടി വരുന്നു. സംസ്ഥാന തല വിജിലന്‍സ് സ്‌ക്വാഡ് പ്രതിമാസം രണ്ടു ജില്ലകളിലെങ്കിലും അപ്രതീക്ഷിത റെയ്ഡ് നടത്തണമെന്നാണ് കൃഷി ഡയറക്ടറുടെ ഉത്തരവ്. ജില്ലാ തല സ്‌ക്വാഡ് പ്രതിമാസം എല്ലാ ബ്ലോക്കിലും ഒരു റെയ്ഡ് എങ്കിലും നടത്തണം. ഇത്തരം മിന്നല്‍ പരിശോധനകള്‍ എക്‌സ്പയറി കഴിഞ്ഞ കീടനാശിനികളും വ്യാജ കീടനാശിനികളും വില്‍ക്കുന്നവരെന്ന തെറ്റിദ്ധാരണ പൊതുജനങ്ങളുടെ ഇടയില്‍ സൃഷ്ടിക്കുന്നുവെന്നാണ് നിയമപരമായി ലൈസന്‍സ് എടുത്തു വില്‍പ്പന നടത്തുന്ന ഡിപ്പോ ഉടമകളുടെ ആക്ഷേപം. അതേസമയം അതിര്‍ത്തി കടന്നും ഓണ്‍ലൈനിലൂടെയും നടക്കുന്ന കീടനാശിനി വില്‍പ്പനക്ക് ഒരു നിയന്ത്രണവും ഇല്ല.

Image result for pesticides kerala

എല്ലാ കീടനാശിനികള്‍ക്കും കൃഷി ഓഫീസറുടെ കുറുപ്പടി വേണമെന്ന നിര്‍ദ്ദേശം അപ്രായോഗികമാണ്. ഇത് കര്‍ഷകര്‍ക്ക് സമയനഷ്ടവും ധനനഷ്ടവുമുണ്ടാക്കും. കുറിപ്പടിയുമായി വന്ന് കീടനാശിനി വാങ്ങാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ല. അപ്പര്‍കുട്ടനാട്ടിലെ പെരിങ്ങരയില്‍ പുഞ്ചനെല്ലിന് കീടനാശിനി തളിച്ച രണ്ട് കര്‍ഷക തൊഴിലാളികള്‍ മരിച്ചിരുന്നു. വിരാട് എന്ന കീടനാശിനി കുറുപ്പടിയില്ലാതെ വിറ്റതിന്റെ പേരില്‍ ഡിപ്പോയുടെ ലൈസന്‍സ് റദ്ദാക്കി.അതേ സമയം യഥാര്‍ത്ഥ മരണ കാരണമെന്തെന്ന് അന്വേഷണമുണ്ടായില്ല. ഡിപ്പോയില്‍ വില്‍ക്കുന്ന കീടനാശിനികള്‍ ഏതു വിലക്ക്, ഏത് അളവില്‍ ഉപയോഗിക്കണം, കാത്തിരിപ്പു കാലം എത്ര തുടങ്ങിയ വിവരണങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് ഡിപ്പോകളില്‍ പ്രദര്‍ശിപ്പിക്കണമെന്നതാണ് സര്‍ക്കുലറിലെ മറ്റൊരു നിര്‍ദ്ദേശം.

പരിമിതമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡിപ്പോകള്‍ക്ക് ഇത്തരം വലിയ ബോര്‍ഡു വെക്കുന്നത് അധിക ബാധ്യതയാകുമെന്ന് ഡിപ്പോ ഉടമകള്‍ പറയുന്നു.ഇത്തരം ബോധവല്‍ക്കരണം കര്‍ഷകരുടെ ഇടയില്‍ വ്യാപകമായി നടത്തേണ്ടതിന്റെ ഉത്തരവാദിത്വം കൃഷി വകുപ്പിനും കാര്‍ഷിക സര്‍വ്വകലാശാലക്കുമാണ്. കീടനാശിനി നിയന്ത്രണത്തിന്റെ പേരില്‍ സംസ്ഥാനത്ത് കുറേക്കാലമായി നടപ്പാക്കി കൊണ്ടിരിക്കുന്ന തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ കര്‍ഷകര്‍ക്ക് വലിയ തലവേദനയായി മാറുകയാണ്.