ചതിച്ച അജിത്തിനെ 'വെട്ടിയ' ശരദ് പവാറിന്റെ പുത്തന്‍ തുറുപ്പ് ചീട്ട്; മറാത്തയിലെ 'പവാര്‍ യുദ്ധം', അടുത്ത അനന്തിരവന്‍ പവാര്‍ ഓണ്‍ സ്‌റ്റേജ്!

മഹാരാഷ്ട്രയില്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ മഹാവികാസ് അഘാഡി സഖ്യം ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. പിളര്‍ത്തി കൊണ്ടുപോയവരൊക്കെ തങ്ങള്‍ക്ക് ബാധ്യതയാകുമെന്ന് കണ്ട് പല കടുത്ത തീരുമാനങ്ങളം ആലോചിക്കുന്ന ബിജെപിയ്ക്ക് മുന്നില്‍ പുത്തന്‍ തന്ത്രങ്ങളുമായി വഴിവെട്ടിയൊരുക്കുകയാണ് പ്രതിപക്ഷ സഖ്യം. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായ മഹാവികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്താന്‍ ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടത്തിന്റെ പുത്തന്‍രീതി തുറന്ന ഓപ്പറേഷന്‍ താമര ടീം പാര്‍ലമെന്റില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിയുടെ താമര ചാക്കിട്ടുപിടുത്തത്തില്‍ വീണ എന്‍സിപി പിളര്‍ത്തിയ അജിത് പവാറും ശിവസേന പിളര്‍ത്തിയ ഏകനാഥ് ഷിന്‍ഡേയും ഇപ്പോള്‍ ബിജെപി തങ്ങളെ പരിഗണിക്കാതെ തഴയുന്നതിന്റെ കാഴ്ചയില്‍ പരവശരായി കഴിഞ്ഞു.

ബിജെപിയാവട്ടെ പിളര്‍ത്തിയെടുത്തവര്‍ കാരണം മറാത്ത ഭൂമിയില്‍ ഉണ്ടായിരുന്ന വോട്ട് വരെ ഭിന്നിച്ചതിന്റെ അതൃപ്തി മഹാരാഷ്ട്രയിലെ സഖ്യത്തിലുള്ള എന്‍ഡിഎക്കാരോട് കാട്ടുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ചാടിവന്ന പലരും തങ്ങളുടെ ക്യാമ്പ് വിട്ട് മാതൃ പാര്‍ട്ടി തലവന്‍മാരിലേക്ക് ചേക്കേറുമോയെന്ന ഭീതിയിലാണ് അജിത് പവാര്‍- ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പുകള്‍. ശിവസേനയിലെ പലരും ഉദ്ദവ് താക്കറയുടെ ടീമില്‍ ചേരാന്‍ പലതും പയറ്റുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ എന്‍സിപി ക്യാമ്പിലും കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്. അജിത് പവാര്‍ താന്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം നിയമസഭ തിരഞ്ഞെടുപ്പില്‍ അതിലും ഭീകരമായി നേരിടുമെന്ന് പേടിക്കുന്നുണ്ട്. പല കുറി ബിജെപിയ്ക്ക് ഒപ്പം ചാടുകയും തിരിച്ചു അമ്മാവന്‍ ശരദ് പവാറിന്റെ അടുത്തേക്ക് ചാടുകയും ചെയ്ത അജിത് പവാര്‍ ഇപ്പോള്‍ അങ്കലാപ്പിലാണ്. കാരണം മറ്റൊന്നുമല്ല താന്‍ ചതിച്ചു ചാടിപ്പോന്ന ഇടത്ത് തന്റെ അനന്തരവനെ തന്നെ പിടിച്ചു നിര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവരികയാണ് അമ്മാവന്‍ ശരദ് പവാര്‍ എന്ന ചാണക്യന്‍.

ബരാമതി ലോക്‌സഭ സീറ്റില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ തോല്‍പ്പിച്ചത് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേ ആയിരുന്നു. എന്‍സിപിയുടെ ശക്തദുര്‍ഗത്തില്‍ ശരദ് പവാര്‍ തന്നെയാണ് പാര്‍ട്ടിയെന്നും ശക്തനെന്നും വെളിവാക്കുന്നതായിരുന്നു സുപ്രിയയുടെ ജയവും സുനേത്രയുടെ പരാജയവും. ആ ബരാമതി ഈ വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ അവിടെ മറ്റൊരു പവാര്‍ പോരിന് കളമൊരുങ്ങും. അജിത് പവാറാണ് നിലവിലെ ബരാമതി എംല്‍എയെങ്കിലും എന്‍സിപി പിളര്‍ത്തിയതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ശരദ് പവാര്‍ ഇറക്കുന്ന സ്ഥാനാര്‍ത്ഥി ബരാമതി പിടിയ്ക്കുമെന്ന സൂചനയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നല്‍കുന്നത്. അജിത് പവാറിന്റെ അനന്തിരവന്‍ യുഗേന്ദ്ര പവാറാകും ശരദ് പവാര്‍ ക്യാമ്പില്‍ നിന്ന് ഈ സീറ്റില്‍ മല്‍സരിക്കുക. 33 വയസുകാരന്‍ യുഗേന്ദ്ര പവാര്‍ അജിത് പവാറിന്റെ ഇളയ സഹോദരന്‍ ശ്രീനിവാസിന്റെ മകനാണ്.

തന്റെ അനന്തിരവനെ മറ്റൊരു അനന്തിരവന്റെ മകനെ കൊണ്ട് തോല്‍പ്പിക്കാനാണ് മുതിര്‍ന്ന പവാര്‍ കരുക്കള്‍ നീക്കുന്നതെന്ന് വ്യക്തം. സുപ്രിയ സുലേ ലോക്‌സഭയിലേക്ക് മല്‍സരിച്ചപ്പോഴെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം എല്ലാത്തിലും മേല്‍നോട്ടം വഹിച്ചത് യുഗേന്ദ്ര പവാറാണ്. താന്‍ രാഷ്ട്രീയമായി വളര്‍ത്തിക്കൊണ്ടുവന്ന് തന്റെ അനന്തിരവന്‍ എന്ന ലേബലില്‍ 1991 മുതല്‍ ബരാമതി നിയമസഭ സീറ്റില്‍ വിജയിച്ചുവരുന്ന അജിത് പവാറിന് തന്നെ ചതിച്ചു പോയതിന്റെ ഉത്തരം നല്‍കുക കൂടിയാവും ഈ സീറ്റ് പിടിച്ചെടുക്കല്‍. അതിന് ഒരു അനന്തിരവനെ കൂടി കളത്തിലിറക്കുകയാണ് ശരദ് പവാര്‍.

പവാര്‍ യുദ്ധത്തില്‍ ഇനി പിന്‍ഗാമിയുടെ വരവാണ്. 33 വയസുകാരന്‍ യുഗേന്ദ്ര പവാര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് അജിത് – ശരദ് പവാര്‍ ബന്ധം ഇനി പഴയപോലെ ആവില്ലെന്നതിന്റെ സൂചന കൂടിയാണ്. 2024 തിരഞ്ഞെടുപ്പില്‍ തോറ്റതോടെ മാമനോട് വീണ്ടും കൂട്ടുകൂടാന്‍ പാകത്തിന് നന്ദി പറഞ്ഞു നില്‍ക്കുന്ന അജിത് പവാറിന് യുഗേന്ദ്രയുടെ കടന്നുവരവ് കടുത്ത ആശങ്കയാണ് നല്‍കുന്നതെന്ന് വ്യക്തമായിരുന്നു. പവാര്‍ കുടുംബം നടത്തുന്ന ശരായു ഫൗണ്ടേഷനിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന യുഗേന്ദ്ര ബാരാമതി നഗരത്തില്‍ ശക്തമായി അണികളെ സ്വാധീനിച്ചിട്ടുണ്ട്. ശരദ് പവാര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാ പ്രതിഷ്ഠന്റെ ട്രസ്റ്റിയും ട്രഷററുമായ യുഗേന്ദ്ര ബാരാമതി താലൂക്ക് കുസ്തിഗിര്‍ പരിഷത്തിന്റെ തലവനും കൂടിയാണ്, 2023 ഡിസംബറില്‍ പവാറിന്റെ ജന്മദിനത്തില്‍ ബാരാമതിയില്‍ ഒരു ഗുസ്തി മത്സരം സംഘടിപ്പിച്ചിരുന്നു. എന്‍സിപി അണികളെ ആവേശത്തിലാക്കി വോട്ട് ബാങ്ക് ഉറപ്പിക്കാന്‍ പല പ്രവര്‍ത്തനങ്ങളും കുറച്ചു കാലങ്ങളായി യുഗേന്ദ്ര ചെയ്യുന്നുണ്ട്.

എളുപ്പത്തില്‍ സമീപിക്കാവുന്ന നേതാവായി അറിയപ്പെടുന്നുവെന്നതാണ് പുതിയ പവാറിന്റെ പ്ലസ് പോയന്റ്. ബാരാമതി ടൗണിലെ എന്‍സിപി (എസ്പി) ഓഫീസില്‍ പതിവായി എത്തുന്ന യുഗേന്ദ്ര പ്രദേശത്തെ ആളുകളെ കാണുകയും അവരുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ യുഗേന്ദ്ര രാഷ്ട്രീയ വൃത്തങ്ങളില്‍ അധികം അറിയപ്പെട്ടിരുന്നില്ല. ശരായു ഫൗണ്ടേഷന്‍ വഴി കര്‍ഷകര്‍ക്കായി സൗജന്യമായി കിണര്‍ കുഴിച്ചു നല്‍കുന്നതിനും വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ വാട്ടര്‍ ടാങ്കര്‍ സേവനവും എല്ലാം ഉറപ്പാക്കി പട്ടണത്തിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ശരദ് പവാറിനൊപ്പം പര്യടനം നടത്തുകയാണ് യുഗേന്ദ്ര.
ലോക്‌സഭയിലെ വമ്പന്‍ തോല്‍വിയ്ക്ക് പിന്നാലെ എന്‍സിപി സ്ഥാപകദിനത്തില്‍ മുംബൈയില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ ശരദ് പവാറിന് പാര്‍ട്ടിയെ നയിക്കുന്നതില്‍ നന്ദി പറഞ്ഞു അജിത് പവാര്‍ രംഗത്ത് വന്നതോടെ യുഗേന്ദ്ര ശരദ് പവാറും ഒന്നിച്ച് കൂടുതല്‍ വേദികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇനിയൊരങ്കത്തിന് അമ്മാവന്‍ ചാടാന്‍ നില്‍ക്കണ്ട, ഞാനുണ്ട് ഇവിടെ കാര്യം നോക്കാനെന്ന മട്ടില്‍.

Read more