'തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊക്കെ എന്റെ കൈയ്യില്‍ പണമെവിടെ'!; ബിജെപി ടിക്കറ്റ് വേണ്ട, ലോക്‌സഭയില്‍ മല്‍സരിക്കാനുള്ള പണം തന്റെ പക്കലില്ലെന്ന് നിര്‍മ്മല

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാകത്തിന് പണം തന്റെ കയ്യിലില്ലെന്ന് നിര്‍മ്മല സീതാരാമന്‍. ബിജെപി ടിക്കറ്റ് താന്‍ നിരസിച്ചെന്നും മല്‍സരിക്കാനുള്ള പാര്‍ട്ടി ഓഫര്‍ വേണ്ടെന്ന് വെച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടിവരുന്ന പണം തന്റെ കയ്യില്‍ ഇല്ലാത്തതിനാലാണെന്നുമാണ് നരേന്ദ്ര മോദിയുടെ ധനമന്ത്രി പറഞ്ഞത്. വരുന്ന തിരഞ്ഞെടുപ്പില്‍ തനിക്ക് മല്‍സരിക്കാനുള്ള അവസരം ബിജെപി നല്‍കിയിരുന്നുവെന്നും എന്നാല്‍ ബിജെപി ടിക്കറ്റ് വേണ്ടെന്ന് താന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് നില്‍ക്കാന്‍ പാകത്തിനുള്ള പണമൊന്നും തന്റെ പക്കലില്ലെന്ന് നിര്‍മ്മല പറയുന്നത് രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടിയിലെ അംഗവും ധനകാര്യ മന്ത്രിയുമായി ഇരിക്കുമ്പോഴാണെന്നതാണ് വിരോധാഭാസം. രാജ്യത്തെ പ്രതിപക്ഷത്തിന്റെ നെടും തൂണായ മുത്തശ്ശി പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പു കാലത്ത് ബക്കറ്റ് പിരിവെടുക്കേണ്ട അവസ്ഥയുണ്ടാക്കിയ നരേന്ദ്ര മോദി – അമിത് ഷാ ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭാഗമായിരുന്നാണ് തന്റെ പക്കല്‍ തിരഞ്ഞെടുപ്പിന് മല്‍സരിക്കാന്‍ കാശില്ലെന്ന് നിര്‍മ്മല പറയുന്നത്.

ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ തനിക്ക് മുന്നില്‍ കാലാവധി നീട്ടാനായി ഒരു അവസരം കൂടി നല്‍കിയെന്നും ആന്ധ്ര പ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ ഇഷ്ടമുള്ളയിടത്ത് നിന്ന് മല്‍സരിക്കാനുള്ള ഓപ്ഷന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ തനിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാകത്തിന് പണമില്ലെന്ന് പറഞ്ഞു അവസരം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു എന്നാണ് നിര്‍മ്മല സീതാരാമന്‍ പറയുന്നത്.

പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരാഴ്ചയിലധികം ഏകദേശം 10 ദിവസത്തോളം ആലോചിച്ചിട്ടാണ് അദ്ദേഹത്തിന് മുന്നില്‍ ചെന്ന് ഇനിയൊരു മല്‍സരത്തിന് ഇല്ലെന്ന് പറഞ്ഞത്. മല്‍സരിക്കാന്‍ വോണ്ടത്രത്തോളം പണം തന്റെ പക്കലില്ല.

ടൈംസ് നൗ സമ്മിറ്റ് 2024ലാണ് നിര്‍മ്മലാ സീതാരാമന്റെ തുറന്നു പറച്ചില്‍. താന്‍ പണം മാത്രം കൊണ്ടല്ല മറ്റ് പലകാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ലോക്‌സഭയില്‍ മല്‍സരിക്കുന്നില്ലെന്ന് വെച്ചതെന്നും ധനമന്ത്രി പറയുന്നുണ്ട്.

ആന്ധ്രാപ്രദേശായാലും തമിഴ്നാടായാലും എനിക്ക് ഒരു പ്രശ്നമുണ്ട്. വിജയസാധ്യത മാനദണ്ഡങ്ങളുടെ ഭാഗമായി അവര്‍ ഉന്നയിക്കുന്ന മറ്റ് പല കാര്യങ്ങള്‍ക്കും ഇടയില്‍ ഒരു ചോദ്യമുണ്ടാവും. നിങ്ങള്‍ ഈ സമുദായത്തില്‍ നിന്നുള്ളവരാണോ അതോ ആ മതത്തില്‍ പെട്ടവരാണോ എന്ന്. നിങ്ങള്‍ ഇതില്‍ നിന്നാണോ എന്ന അവരുടെ ചോദ്യത്തിന് ഞാന്‍ പറഞ്ഞു അല്ല.

ഇത്തരത്തില്‍ എനിക്ക് മല്‍സരത്തിനായി അത് ചെയ്യാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് നിര്‍മ്മലയുടെ വാദം. തന്റെ നിലപാട് പാര്‍ട്ടി അംഗീകരിച്ചെന്നും അതിനാല്‍ താന്‍ മല്‍സരിക്കുന്നില്ലെന്നുമാണ് നിര്‍മ്മല പറഞ്ഞത്. രാജ്യത്തിന്റെ ധനമന്ത്രിയുടെ കയ്യില്‍ ഫണ്ടില്ലേ എന്ന ചോദ്യത്തിന് ഇന്ത്യയുടെ പണം തന്റേതല്ലെന്നാണ് അവര്‍ മറുപടി പറഞ്ഞത്. എന്റെ ശമ്പളം, എന്റെ വരുമാനം, എന്റെ സമ്പാദ്യം എന്നിവ മാത്രം എന്റേതാണ്, ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് ഫണ്ട് എന്റെയല്ലെന്നാണ് നിര്‍മ്മല പറഞ്ഞത്.

നിലവില്‍ രാജ്യസഭാ എംപിയായ നിര്‍മ്മലയ്ക്ക് ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പിലൂടെ എത്തിപ്പെടാനുള്ള പേടിയാണ് പിന്മാറ്റത്തിന് പിന്നിലെന്നും ശ്രുതിയുണ്ട്. നിലവില്‍ കുറച്ചധികം മന്ത്രിമാരായ രാജ്യസഭാ എംപിമാരെ ബിജെപി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് വോട്ട് നേടാന്‍ ഇറക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരടക്കം.

എന്തായാലും അധികാരത്തില്‍ വന്നതിന് ശേഷം കുമിഞ്ഞുകൂടിയ ബിജെപി സമ്പാദ്യവും പാര്‍ട്ടി ആസ്തിയും നിര്‍മ്മല സീതാരാമന്‍ എന്ന സാമ്പത്തിക വിദഗ്ധ കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്ന ചോദ്യം ബാക്കിയുണ്ട്. സ്വര്‍ണനൂലില്‍ നരേന്ദ്ര മോദിയെന്നെഴുതിയ ലക്ഷക്കണക്കിന് രൂപയുടെ കോട്ട് ധരിച്ച പ്രധാനമന്ത്രി മോദിയും ഖജനാവിലെ പണം ആരുടേതായാണോ കാണുന്നതെന്ന ചോദ്യം ബാക്കിയുണ്ട്. മോദിയുടെ ഇഡി പിടിച്ചകത്ത് ഇട്ടിരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പണ്ട് പറഞ്ഞൊരു കാര്യമുണ്ട്. മോദിയുടെ തുണികളുടെ വില ഡല്‍ഹി സര്‍ക്കാരിന്റെ വാര്‍ഷിക പരസ്യ ബജറ്റിനും മേലെയാണെന്ന്.