ഇതൊക്കെ തെളിവാണോ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് കൊടുക്ക്, ഈ പറഞ്ഞതൊന്നും സാധ്യമായതല്ല എന്നൊക്കെ പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ആരേയും അറിയിക്കാതെ പിന്നോട്ടൊരു അടിവെച്ചത് രാജ്യം എന്തായാലും ശ്രദ്ധിച്ചിട്ടുണ്ട്. വോട്ട് ചോരിയ്ക്ക് പിന്നാലെ ആള്‍ക്കാരെ വെട്ടിമാറ്റിയ മണ്ഡലങ്ങളുടെ തെളിവുകള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടപ്പോള്‍ ഇങ്ങനെയൊന്നും പറ്റില്ലെന്ന് പറഞ്ഞവര്‍ പയ്യേ ചുവടുമാറ്റി പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിടത്തുണ്ട്. പുതിയ പരിഷ്‌കാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും, തിരുത്തലുകള്‍ വരുത്താനും ഇനി മുതല്‍ ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കണമെന്നതാണ്. അപ്പോള്‍ ഇതുവരെ എങ്ങനെ എന്ന ചോദ്യവും രാഹുല്‍ ഗാന്ധി തുറന്നുവിട്ട സംശയവും ഒന്നിച്ചുചേരുന്നുണ്ട്. വോട്ടര്‍ ഐഡി നമ്പറും ഏതെങ്കിലും ഫോണ്‍ നമ്പറും നല്‍കിയാല്‍ അപേക്ഷകള്‍ അംഗീകരിക്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നതെന്ന് പറയുമ്പോള്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ വോട്ട് അവര്‍ അറിയാതെ നീക്കം ചെയ്തുവെന്ന് പറഞ്ഞ കാര്യങ്ങള്‍ക്ക് സാധുത വന്നിരിക്കുകയാണ്.
വോട്ട് ചോരിയില്‍ അടിമുടി രഹസ്യാത്മത സൂക്ഷിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിക്കുന്ന വിവരവും വീഡിയോയും ഒന്നും നല്‍കാതെ വലിയ രീതിയിലുള്ള ഒളിച്ചുകളി നടത്തുന്നത് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. പുതിയ നിബന്ധനകള്‍ കൊണ്ടുവന്നും പുത്തന്‍ പരിഷ്‌കാരവുമായി ഇനിയെന്താണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് പുറത്തുവിടുകയെന്ന പേടിയിലാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതിനിടയില്‍ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വലിയ ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ വിഷയം എങ്ങനേയും തണുപ്പിക്കാന്‍ ഇനിയുള്ള നടപടികളില്‍ എല്ലാ പാര്‍ട്ടികളേയും വിളിച്ച് ഇലക്ടറല്‍ റോളില്‍ ചര്‍ച്ചയ്ക്കും ഒരുങ്ങുന്നുണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും സംഘവും. ബീഹാര്‍ എസ്ഐആര്‍ അഥവാ തീവ്രപരിശോധന വിവാദം കോടതിയിലടക്കം വലിയ വിഷയമായതോടെ പാന്‍-ഇന്ത്യ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിടുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
അതായത് ബിഹാറില്‍ എസ്‌ഐആര്‍ നടത്താന്‍ കേന്ദ്രത്തിനോടല്ലാതെ മറ്റാരോടും ആലോചിക്കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്ത് മറ്റ് പാര്‍ട്ടികളുണ്ടെന്നും ആ പാര്‍ട്ടികളോടും കൂടിയാലോചന മറ്റിടങ്ങളില്‍ തീവ്രപരിശോധനയ്ക്ക് ഇറങ്ങും മുമ്പ് വേണമെന്നും കരുതുന്നു. ഇത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം തന്നെയാണ്. വോട്ട് മോഷണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 5 കോടി ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള ഒപ്പ് ശേഖരണ കാമ്പയിന്‍ കോണ്‍ഗ്രസ് ആരംഭിക്കുക കൂടി ചെയ്തതോടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് മേല്‍ സമ്മര്‍ദ്ദമേറി കഴിഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിടിച്ചുകുലുക്കാന്‍ ബിഹാറിന് കഴിയുമെന്ന് കൃത്യമായി അറിയുന്ന പ്രതിപക്ഷം ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ പ്രക്ഷോഭത്തിന് ഇറങ്ങുകയാണ്.
വോട്ട് കൂട്ടിച്ചേര്‍ത്തതിന് പുറമെ വെട്ടി മാറ്റിയ മണ്ഡലങ്ങളിലെ കാര്യങ്ങളും വിശദീകരിച്ച രാഹുല്‍ ഗാന്ധി ഒരു ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നതിനെ കുറിച്ച് ആവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അത് ഒരു മാസത്തിനുള്ളില്‍ ഉണ്ടാവുമെന്ന് പറയുമ്പോള്‍ യുപിയിലെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയെ സംശയനിഴലില്‍ നിര്‍ത്തി പ്രചാരണവും തുടങ്ങി കഴിഞ്ഞു. കാരണം കനത്ത പോരാട്ടത്തിനൊടുവിലാണ് മോദി വാരണാസിയില്‍ 2024ല്‍ കടന്നുകൂടിയത്. വെറും ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രധാനമന്ത്രി മോദി, അബ് കി ബോര്‍ ചാര്‍ സൗ ബാര്‍ പറഞ്ഞു മുന്നില്‍ നിന്ന് നയിച്ച തിരഞ്ഞെടുപ്പില്‍ കിട്ടിയത്.
വെറും ഒന്നര ലക്ഷം എന്ന് പറയേണ്ടി വരുന്നത് അതിന് മുമ്പുള്ള തിരഞ്ഞെടുപ്പില്‍ നാലേ മൂക്കാല്‍ ലക്ഷത്തിന്റെ ഭീരിപക്ഷമായിരുന്നു വാരണാസിയില്‍ മോദിക്കുണ്ടായിരുന്നത് എന്നത് കൊണ്ടാണ്. 2014ല്‍ ഇത് മൂന്നേ മുക്കാല്‍ ലക്ഷമായിരുന്നു. വാരണാസിയില്‍ 2024 തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ പോലും ക്രമക്കേട് നടന്നുവെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നതാണ്. ആദ്യം മുന്നില്‍ നിന്ന കോണ്‍ഗ്രസിന്റെ യുപി അധ്യക്ഷന്‍ അജയ് റായി പിന്നോട്ട് പോയത് വലിയ ദുരൂഹതകള്‍ക്ക് പിന്നാലെയാണ്. ഒരു ഘട്ടത്തില്‍ അതായത് 11 മണിക്ക് ശേഷം വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കുകയും പിന്നീട് മോദി ലീഡ് തിരിച്ചുപിടിക്കുന്നത് കാണുകയുമാണുണ്ടായത്.
ശക്തമായ ആരോപണങ്ങളുണ്ടാകുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒരേ സ്വരത്തില്‍ ബംഗ്ലാദേശും നേപ്പാളും ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പറഞ്ഞു വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് മാധ്യമത്തിന് അഭിമുഖം നല്‍കിയതാണ് ബിജെപിയ്ക്ക് വലിയ പ്രശ്‌നം. രാഹുല്‍ ഗാന്ധി രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ ആക്ഷേപിക്കുന്നുവെന്നാണ് ഭരണപക്ഷം പറയുന്നത്. വിദേശ പ്രസിദ്ധീകരണങ്ങള്‍ക്ക് മുന്നില്‍ ‘ഇന്ത്യയുടെ ശക്തമായ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ മോശം ചിത്രം വരച്ചുകാട്ടുകയാണ്’ കോണ്‍ഗ്രസ് നേതാവ് ചെയ്തതെന്നാണ് ആക്ഷേപം. ഇനി രാഹുല്‍ ഗാന്ധി ബിജെപിയെ ഇത്രയും ചൊടിപ്പിക്കാന്‍ പറഞ്ഞതെന്തെന്ന് കൂടി നോക്കാം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വ്യവസ്ഥാപിത വോട്ട് തട്ടിപ്പിനെതിരെ അശ്രാന്തപോരാട്ടത്തിലാണ്, പൊതുജന സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കെട്ടുറിപ്പിനെ ബാധിക്കുന്ന പ്രശ്‌നങ്ങളെ വെല്ലുവിളിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി.
Read more







