ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ; കെണിയിൽ കുരുങ്ങുമോ ഇന്ത്യൻ കർഷകർ?

ഇന്ത്യയിൽ നിന്നുമുള്ള ഇറക്കുമതിക്ക് അമേരിക്കൻ പ്രസിഡൻ്റ് റൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി ചുങ്കത്തിന് ഏർപ്പെടുത്തിയ മൂന്ന് മാസത്തെ മൊറട്ടോറിയം ജൂലൈ 8 ന് അവസാനിക്കും. അതിന് മുമ്പ് ഇന്ത്യ – അമേരിക്ക സ്വതന്ത്ര്യ വ്യാപാര കരാർ ഒപ്പുവെയ്ക്കുന്നതിനായി കേന്ദ്ര വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഒരു ഇന്ത്യൻ പ്രതിനിധി സംഘം അമേരിക്കയിൽ തിരക്കിട്ട ചർച്ചകൾ നടത്തി വരികയാണ്.

ഇന്ത്യയിലെ കൃഷി- ക്ഷീര മേഖലകൾ തീരുവയില്ലാതെ വൻ തോതിൽ തുറന്നു കൊടുക്കണമെന്നും ജനിതക പരിവർത്തനം വരുത്തിയ വിളകളുടെ (ജി എം) ഇറക്കുമതി അനുവദിക്കണമെന്നുമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം.ഇതിൽ തട്ടി ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. അന്തിമ കരാർ ഒപ്പു വെയ്ക്കാനായില്ലെങ്കിൽ ഇന്ത്യ – യു കെ വ്യാപാര കരാറിൻ്റെ മാതൃകയിൽ തൽക്കാലത്തേക്ക് ഒരു മിനി കരാർ എങ്കിലും ഒപ്പു വെയ്ക്കാനാവുമോ എന്നാണ് ഇന്ത്യ നോക്കുന്നത്. വ്യാപാര കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ തിരച്ചടി ചുങ്കം ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന ട്രംപിൻ്റെ ഭീഷണിക്ക് വഴങ്ങിയാൽ ഇന്ത്യയിലെ കർഷകർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.

മിനി ഉഭയ കക്ഷി വാണിജ്യ കരാറാണ് ഒപ്പുവെയ്ക്കുന്നതെങ്കിൽ പോലും പിന്നീട് ട്രംപിൻ്റെ ശക്തമായ സമ്മർദ്ദം നേരിടേണ്ടി വരും. 2025 ഏപ്രിൽ 5 മുതൽ 10 ശതമാനം അടിസ്ഥാന തീരുവ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനും മീതെയാണ് ഏപ്രിൽ 9 മുതൽ രാജ്യാടിസ്ഥാനത്തിലുള്ള പരസ്പര തീരുവകളും പ്രഖ്യാപിച്ചത്.എക്സിക്യൂട്ടീവ് ഉത്തരവിന്റെ അനുബന്ധം ഒന്ന് പ്രകാരം ഇന്ത്യയുടെ മേലുള്ള അധിക പരസ്പര തീരുവ 26 ശതമാനമാണ്. 10 ശതമാനം അടിസ്ഥാന തീരുവയും 26 ശതമാനം തിരിച്ചടി തീരുവയും ഉൾപ്പെടെ ആകെ 36 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യക്കു മേൽ ചുമത്തപ്പെടുമെന്നതാണ് ഇപ്പൊഴത്തെ സ്ഥിതി.

ഇതിൽ 26 ശതമാനം തിരിച്ചടി തീരുവയ്ക്കാണ് ട്രംപ് 90 ദിവസത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചത്.10 ശതമാനം അടിസ്ഥാന തീരുവ ഇപ്പോഴും നിലനിൽക്കുകയാണ്. ട്രമ്പിൻ്റെ തിരിച്ചടി തീരുവ പ്രഖ്യാപനം വരുന്നതിന് മുമ്പ് ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ശരാശരി 5.3 ശതമാനം ഇറക്കുമതി തീരുവ മാത്രമെ ചുമത്തിയിരുന്നുള്ളു. അടിസ്ഥാന തീരുവവയായ 10 ശതമാനം നിലനിൽക്കുന്നതിനാൽ പുതിയ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നാലും നഷ്ടം ഇന്ത്യൻ കർഷകർക്കാണ്. കയറ്റുമതി ചെലവ് കൂടും. ലാഭം കുറയും.

വൈറ്റ് ഹൗസിന്റെ കണക്കനുസരിച്ച്, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 52 ശതമാനം വരെ തീരുവ ചുമത്തുന്നു, സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നാൽ അമേരിക്കൻ കാർഷികോല്പന്നങ്ങൾ തീരുവ ഇല്ലാതെയോ കുറഞ്ഞ തീരുവ നിരക്കിലോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യേണ്ടി വരും. ഇന്ത്യൻ വിപണികളിൽ അമേരിക്കൻ കാർഷികോല്പന്നങ്ങൾ കുമിഞ്ഞു കൂടും. കാർഷികോല്പന്നങ്ങളുടെ താരിഫ് നിരക്കുകളിൽ വൻ ഇളവുകളാണ് അമേരിക്ക ആവശ്യപ്പെടുന്നത്. പാലുല്പന്നങ്ങൾ, അരി, ഗോതമ്പ്, ആപ്പിൾ, അവക്കാഡോ, ജനിതക പരിവർത്തനം വരുത്തിയ സോയാബീൻ, ചോളം, എത്തനോൾ, ആൽമണ്ട്, വാൽനട്ട് തുടങ്ങിയ പരിപ്പുകൾ തുടങ്ങിയവയ്ക്ക് വേണ്ടി ഇന്ത്യൻ വിപണി തുറന്നു കൊടുക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.

ഇന്ത്യ ആസിയാൻ ഉൾപ്പെടെ ഇതു വരെയുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിലും ക്ഷീര മേഖല തുറന്നു കൊടുത്തിരുന്നില്ല.ആർ സി ഇ പി കരാറിൽ നിന്നു ഇന്ത്യ. പിന്മാറാനുണ്ടായ പ്രധാന കാരണം ഓസ്ട്രേലിയയിൽ നിന്നും ന്യൂസിലാൻ്റിൽ നിന്നുമുള്ള പാൽ ഇറക്കുമതി ഭീഷണിയായിരുന്നു. ഇന്ത്യൻ ക്ഷീര വിപണി തുറന്നു കിട്ടാനാണ് അമേരിക്ക ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നത്.ലോകത്തിലെ ഏറ്റവും വലിയ പാലുല്പാദക രാജ്യവും ഉപഭോക്തൃ രാജ്യവുമാണ് ഇന്ത്യ. പ്രതിവർഷം 10 ശതമാനത്തിനടുത്ത് വളർച്ച നേടുന്ന ക്ഷീരമേഖല ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ലാണ്.

8 കോടിയോളം കർഷകർ ക്ഷീരമേഖലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാ മൂന്നോ പശുക്കൾ മാത്രമുള്ള ചെറുകിട കർഷകരും അവരെ സംഘടിപ്പിച്ച് ശക്തരാക്കുന്ന സഹകരണ മേഖലയുമാണ് ഇന്ത്യൻ ക്ഷീരമേഖലയുടെ അടിത്തറ. രാജ്യത്തിൻ്റെ ജി ഡി പി യുടെ 4 ശതമാനം ക്ഷീര മേഖലയുടെ സംഭാവനയാണ്. ക്ഷീരോല്പന്നങ്ങൾക്ക് ശരാശരി 30-60 ശതമാനം ഇറക്കുമതി തീരുവയാണ് ഇപ്പോൾ ഇന്ത്യ ചുമത്തുന്നത്. രാജ്യത്ത് താരതമ്യേന ഉല്പാദനം കുറവുള്ള വേ പ്രോട്ടീൻ, ലാക്ടോസ്, ആൽബുമിൻ എന്നീ ക്ഷീരോല്പന്നങ്ങളാണ് ഇന്ത്യ ഇപ്പോൾ അമേരിക്കയിൽ നിന്നും പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഇതാകട്ടെ ഇന്ത്യൻ ക്ഷീരമേഖലയെ നേരിട്ട് ബാധിക്കുന്നുമില്ല.

പാൽപ്പൊടി ഉൾപ്പെടെയുള്ള ക്ഷീരോല്പന്നങ്ങൾക്ക് കുറഞ്ഞ തീരുവയിൽ ഇറക്കുമതി അനുവദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. അമേരിക്കയിൽ കെട്ടിക്കിടക്കുന്ന പാലുൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് തള്ളുകയാണ് ലക്ഷ്യം. അമേരിക്കയിലെ ക്ഷീരകർഷകർ കോർപ്പറേറ്റുകൾ ഉൾപ്പെടെ വൻകിടക്കാരാണ്. ഓരോ കർഷകനും ആയിരക്കണക്കിന് പശുക്കളുണ്ട്. മത്സരക്ഷമതയിൽ ഇന്ത്യൻ കർഷകർ അടുത്തെങ്ങും എത്തില്ല. ഇറക്കുമതി ചെയ്യുന്ന പാലുല്പന്നങ്ങൾ മൃഗങ്ങളുടെ ആന്തരിക അവയവങ്ങളോ രക്തമോ ഭക്ഷണമായി നൽകാത്ത പശുക്കളിൽ നിന്നായിരിക്കണം എന്ന സർട്ടിഫിക്കേറ്റും അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് നിർബന്ധമാണ്. മതപരവും സാംസ്ക്കാരികവുമായ കാരണങ്ങളാലാണ് ഇത്.

ജനിതക പരിവർത്തനം വരുത്തിയ ഭക്ഷ്യവിളകൾക്ക് ഇന്ത്യയിൽ അനുവാദമില്ല. അമേരിക്കയിൽ പശുക്കൾക്ക് നൽകുന്ന തീറ്റയിൽ ജി എം സോയാബീനിൽ നിന്നും ചോളത്തിൽ നിന്നുമുള്ള ഉല്പന്നങ്ങൾ പ്രധാന ഘടകമാണ്. അമേരിക്കയിൽ നിന്നും വൻതോതിലുള്ള ക്ഷീരോല്പന്ന ഇറക്കുമതിക്ക് ഇതും ഒരു തടസ്സമാണ്. എന്നാൽ അമേരിക്കയിൽ നിന്നുള്ള ക്ഷീരോല്പന്ന ഇറക്കുമതിക്ക് തീരുവ വഴിയും തീരുവേതര മാർഗ്ഗങ്ങൾ വഴിയുമുള്ള എല്ലാ പ്രതിബന്ധങ്ങളും നീക്കണമെന്നാണ് അമേരിക്കയുടെ ശാഠ്യം.

അതേസമയം ഇന്ത്യൻ ധാന്യ വിപണിയാണ് ട്രംപ് നോട്ടമിട്ടിരിക്കുന്ന മറ്റൊരു മേഖല. തിരിച്ചടി തീരുവ ചുമത്തിക്കൊണ്ടുള്ള ഏപ്രിൽ രണ്ടിലെ ഉത്തരവിൽ ഇന്ത്യ അരി ഇറക്കുമതിക്ക് 80 ശതമാനം തീരുവ ചുമത്തുന്നതായി ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് അമേരിക്ക. അവർ ഉല്പാദിപ്പിക്കുന്ന അരിയുടെ പകുതിയും മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുകയാണ്. ഗോതമ്പിൻ്റെ നാലാമത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമാണ് അമേരിക്ക. ലോക ഗോതമ്പ് വിപണിയുടെ 10 ശതമാനത്തോളം അമേരിക്കയുടെ നിയന്ത്രണത്തിലാണ്.

നെല്ലിനും ഗോതമ്പിനും ഇന്ത്യ നൽകുന്ന സബ്സിഡികൾക്കെതിരെ അമേരിക്ക ഇതിനകം തന്നെ ലോക വ്യാപാര സംഘടനയിൽ ശബ്ദമുയർത്തിയിട്ടുണ്ട്. ഇന്ത്യ കുറഞ്ഞ താങ്ങുവില നൽകി നെല്ലും ഗോതമ്പും സംഭരിക്കുന്നത് ലോക വ്യാപാര സംഘടനയുടെ കാർഷിക ഉടമ്പടിയുടെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് അമേരിക്കയുടെ പരാതി. അമേരിക്കൻ റൈസ് ഫെഡറേഷൻ പോലുള്ള വ്യാവസായിക സംഘടനകളും ഇന്ത്യയുടെ ഭക്ഷ്യമേഖലയിലെ നയങ്ങളെ ശക്തമായി എതിർക്കുന്നു. കുറഞ്ഞ തീരുവ നിരക്കിൽ ഇന്ത്യയിലേക്ക് അമേരിക്കൻ അരിയും ഗോതമ്പും ഇറക്കുമതി ചെയ്താൽ നമ്മുടെ ധന്യ വിപണി തകരും.

എം എസ് പി നിരക്കിലുള്ള ധാന്യ സംഭരണം അട്ടിമറിക്കപ്പെടും. കർഷകർ നഷ്ടത്തിലാകും. രാജ്യത്തെ പാവപ്പെട്ടവരുടെ ഭക്ഷ്യ സുരക്ഷ തകരാറിലാകും. എല്ലാ വിളകൾക്കും ഡോ എം എസ് സ്വാമിനാഥൻ ഫോർമുല അനുസരിച്ച് കുറഞ്ഞ താങ്ങുവില നൽകുന്നത് നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാലു വർഷത്തിലേറെയായി ഇന്ത്യൻ കർഷക സംഘടനകൾ സമരരംഗത്താണ്. ധാന്യ വിപണിയിൽ അമേരിക്കൻ സമ്മർദ്ദത്തിനു വഴങ്ങി ഇളവുകൾ അനുവദിച്ചാൽ രാജ്യത്തെ കർഷക ജനതയുടെ ഉപജീവന സംരക്ഷിതത്വം അപകടത്തിലാകും.

തിരുവ കുറച്ച് എത്തനോൾ ഇറക്കുമതി അനുവദിക്കണമെന്നും എത്തനോൾ നിർമ്മാണത്തിന് അസംസ്കൃത വസ്തുവായി മക്കച്ചോളത്തിൻ്റെയും ചോളത്തിൻ്റെയും ഇറക്കുമതി വൻതോതിൽ അനുവദിക്കണമെന്നുമാണ് അമേരിക്കയുടെ മറ്റൊരു ആവശ്യം. ഇന്ത്യയിൽ ഇപ്പോൾ 20 ശതമാനത്തോളം എത്തനോൾ പെട്രോളുമായി കലർത്തുന്നുണ്ട്. വൻതോതിലുള്ള അമേരിക്കൻ ഇറക്കുമതി ഇന്ത്യയിെലെ കരിമ്പ് കർഷകരെയും മക്കച്ചോളം കർഷകരെയും പഞ്ചസാര വ്യവസായികളെയും തകർക്കും.കരിമ്പിൽ നിന്നും ഇന്ത്യയിൽ വൻതോതിൽ എത്തനോൾ ഉല്പാദിപ്പിക്കുന്നുണ്ട്.

2018-19 മുതൽ, പഞ്ചസാര മില്ലുകൾ മൊളാസസിനൊപ്പം ചോളം, മിച്ചം വരുന്ന അരി തുടങ്ങിയ ധാന്യങ്ങളും എത്തനോൾ നിർമ്മാണത്തിനായി ഉപയോഗിച്ചു വരുന്നു. പഞ്ചസാര ഉപഭോഗം രാജ്യത്ത് കാര്യമായി വർധിക്കാത്തതിനാൽ എത്തനോൾ നിർമ്മാണത്തിലാണ് രാജ്യത്തെ പഞ്ചസാര മില്ലുകളുടെ ഭാവി.അമേരിക്കൻ എത്തനോൾ ഇറക്കുമതി ഈ വ്യവസായത്തെ പിന്നോട്ടടിക്കും.പഞ്ചാബ് ഉൾപ്പെടെയുള്ള വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർ എത്തനോളിനു വേണ്ടി വൻതോതിൽ മക്കച്ചോളം കൃഷി ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നുമുള്ള വില കുറഞ്ഞ എത്തനോൾ ഇറക്കുമതി ഈ കർഷകരുടെ ഉപജീവന മാർഗ്ഗത്തെയും ഇല്ലാതാക്കും.എത്തനോളിൻ്റെയും മക്കച്ചോളത്തിൻ്റെയും ലോകത്തിലെ ഏറ്റവും വലിയ ഉല്പാദകരും കയറ്റുമതിക്കാരുമാണ് അമേരിക്ക. അമേരിക്കൻ എത്തനോളിൻ്റെ മൂന്നാമത്തെ ഏറ്റവും വലിയ വിദേശ വിപണിയാണ് ഇന്ത്യ.

ഇന്ത്യയുടെ ഭക്ഷ്യഎണ്ണ വിപണിയാണ് അമേരിക്ക ലക്ഷ്യമിടുന്ന മറ്റൊരു മേഖല. രാജ്യത്തിന് ആവശ്യമുള്ള ഭക്ഷ്യ എണ്ണയുടെ പകുതിയും ഇറക്കുമതിയാണ്.പാമോയിലാണ് കൂടുതലും ഇറക്കുമതി ചെയ്യുന്നതെങ്കിലും കഴിഞ്ഞ വർഷം രാജ്യത്തേക്കുള്ള സോയാ എണ്ണയുടെ ഇറക്കുമതി ഇരട്ടിയായിട്ടുണ്ട്.അടുത്ത കാലത്ത് അസംസ്കൃത പാമോയിൽ, സൂര്യകാന്തി എണ്ണ, സോയ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ 27.5 ശതമാനത്തിൽ നിന്നും 16.5 ശതമാനമായി കേന്ദ്രം വെട്ടിക്കുറച്ചു. അമേരിക്കൻ സോയ എണ്ണക്ക് പ്രത്യേക ആനുകൂല്യം നൽകി തീരുവ കുറച്ച് ഇറക്കുമതി അനുവദിക്കണമെന്നാണ് ആവശ്യം.

സോയ എണ്ണ ഉല്പാദനത്തിലും കയറ്റുമതിയിലും ലോകത്ത് രണ്ടാം സ്ഥാനത്താണ് അമേരിക്ക.90 ശതമാനവും ജി എം സോയാപ്പയറാണ് കൃഷി.അമേരിക്കൻ സോയ എണ്ണ വ്യവസായം കാർഗിൽ,എഡിഎം,ലൂയിസ് ഡെഫ്രസ് തുടങ്ങിയ വൻകിട കുത്തക കമ്പനികളുടെ നിയന്ത്രണത്തിലാണ്. ചൈനയുമായുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് അമേരിക്കൻ സോയ എണ്ണക്ക് പുതിയ വിപണികൾ തുറന്നു കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭക്ഷ്യ എണ്ണ വിപണിയിൽ ഇടിച്ചു കയറാനാണ് അമേരിക്കൻ ശ്രമം.ഇന്ത്യയിൽ ഒരു വർഷം 11-12 ദശലക്ഷം ടൺ സോയാപ്പയർ സംസ്ക്കരിക്കുന്നുണ്ട്. വില കുറഞ്ഞ അമേരിക്കൻ ഇറക്കുമതി അനുവദിച്ചാൽ രാജ്യത്തെ സോയാപ്പയർ കൃഷിയും വ്യവസായവും തകരും. വെളിച്ചെണ്ണ ഉൾപ്പെടെ രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ഭക്ഷ്യ എണ്ണകൾ വിലത്തകർച്ച നേരിടും.

ആപ്പിൾ, അവക്കാഡോ തുടങ്ങിയ പഴവർഗ്ഗങ്ങൾ, ആൽമണ്ട്, വാൽ നട്ട് തുടങ്ങിയ പരിപ്പുകൾ, പയറു വർഗ്ഗങ്ങൾ എന്നിവയ്ക്കും വൻ തീരുവ ഇളവുകളാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.അമേരിക്കയിൽ നിന്നുള്ള ആപ്പിളിന് 50 ശതമാനമാണ് ഇപ്പോൾ ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവ. ഇത് പൂർണ്ണമായും എടുത്തു കളയുകയോ 15 ശതമാനമെങ്കിലുമായി കുറയ്ക്കുകയോ വേണമെന്നാണ് ആവശ്യം ഇന്ത്യയിലെ ആപ്പിൾ ഉപഭോഗത്തിൻ്റെ 20 ശതമാനത്തിലേറെ വിദേശ ഇറക്കുമതിയാണ്.2001 ന് ശേഷം ഇന്ത്യയിലേക്കുള്ള വിദേശ ആപ്പിളിൻ്റെ ഇറക്കുമതി 30 ഇരട്ടി കണ്ട് കൂടി.ഇന്ത്യയിലേക്ക് ഈ വർഷം 6 ലക്ഷം ടൺ അമേരിക്കൻ ആപ്പിൾ ഇറക്കുമതി ചെയ്യുമെന്ന് കണക്കാക്കുന്നു. വാഷിംഗ്ടൺ ആപ്പിളിൻ്റെ ഇറക്കുമതിയെ തുടർന്ന് ഇന്ത്യൻ ആപ്പിളിൻ്റെ പ്രീമിയം വില നഷ്ടപ്പെട്ടു. ഇളവുകളോടെയുള്ള ആപ്പിൾ ഇറക്കുമതി ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് ,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആപ്പിൾ കർഷകരെ തകർക്കും. കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഈ സംസ്ഥാനങ്ങളിലെ ആപ്പിൾ കർഷകർ ഇപ്പോൾ തന്നെ വൻ പ്രതിസസന്ധിയിലാണ്. ആൽമണ്ട്, വാൽനട്ട് തുടങ്ങിയ പരിപ്പുവർഗ്ഗങ്ങളുടെ തീരുവ രഹിത ഇറക്കുമതി ജമ്മു കാശ്മീരിലെ കർഷകർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും.

കോഴിയിറച്ചിയുടെ ലോകത്തിലെ ഒന്നാമത്തെ ഉല്പാദക രാജ്യമാണ് അമേരിക്ക.വൻ സബ്സിഡിയോടെ പ്രവർത്തിക്കുന്ന ഫാക്ടറി ഫാമുകളിലാണ് അമേരിക്കയിലെ കോഴി വളർത്തൽ. അതിനാൽ ഉല്പാദന ചെലവിലും കുറഞ്ഞ വിലക്ക് ആഗോള വിപണിയിൽ അമേരിക്ക കോഴിയിറച്ചി തള്ളിയിടുന്നു. ലോക വ്യാപാര സംഘടനയിൽ ദീർഘകാലം അമേരിക്കയുമായി നിലനിന്ന തർക്ക പരിഹാരത്തിൻ്റെ ഭാഗമായി 2023 ൽ ശീതീകരിച്ച ടർക്കി, താറാവ് ഇറച്ചി എന്നിവ കുറഞ്ഞ തീരുവ നിരക്കിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് സമ്മതിക്കേണ്ടി വന്നു. ഈ ഉല്പന്നങ്ങളുടെ തീരുവ ഇന്ത്യ 30 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചു.രാജ്യത്തെ ചെറുകിട കോഴി കർഷകരെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി വിദേശ കോഴി ഇറച്ചി ഇറക്കുമതിക്ക് ഇന്ത്യ 100 ശതമാനം വരെ തീരുവ ചുമത്തുന്നുണ്ട്. ഉഭയകക്ഷി വാണിജ്യ കരാറിൻ്റെ ഭാഗമായി കോഴിയിറച്ചിക്കും സംസ്ക്കരിച്ച കോഴിയിറച്ചി ഉല്പന്നങ്ങൾക്കും തീരുവ കുറച്ച് ഇറക്കുമതി അനുവദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. കോഴിയിറച്ചിയുടെ കാലിൻ്റെ ഭാഗങ്ങൾ അമേരിക്കക്കാർ കഴിക്കാറില്ല. അത് ഇന്ത്യൻ വിപണിയിലേക്ക് തള്ളിയിടാനാണ് അമേരിക്ക സമ്മർദ്ദം ചെലുത്തുന്നത്. ഇത് രാജ്യത്തെ ചെറുകിട കോഴി വ്യവസായത്തെ തകർക്കും.നഗരങ്ങളിലെ റെസ്റ്റോറൻ്റുകൾ വില കുറഞ്ഞ അമേരിക്കൻ ഇറക്കുമതിയിലേക്ക് തിരിയും.

കാപ്പി, തേയില, കുരുമുളക്, സിന്തറ്റിക് റബ്ബർ ഉൾപ്പെടെ കേരളത്തിലെ കർഷകർക്ക് താല്പര്യമുള്ള നിരവധി ഉല്പന്നങ്ങളിൽ തീരുവ കുറഞ്ഞ ഇറക്കുമതിക്ക് അമേരിക്ക ശ്രമിക്കുന്നുണ്ട്. മൾട്ടി ബ്രാൻഡ് ചില്ലറ വിപണിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഇളവുകൾ വേണമെന്നാണ് മറ്റൊരാവശ്യം. വാൾമാർട്ട്, ആമസോൺ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകൾക്കു വേണ്ടിയാണ് ഈ സമ്മർദ്ദം.പ്രാഥമിക കാർഷിക ചരക്കുകളുടെ മൊത്തത്തിലുള്ള കയറ്റുമതിയിൽ നിന്ന് മൂല്യവർധിത ഭക്ഷ്യോല്പന്ന കയറ്റുമതിയിലേക്ക് അമേരിക്ക അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. എഫ്ഡിഐ ഇളവുകൾ വന്നാൽ ചെറുകിട വ്യവസായ യൂണിറ്റുകളും ചെറുകിട ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളും പൂട്ടിപ്പോകും. പേറ്റൻ്റ് ഉൾപ്പെടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിലും അമേരിക്ക സമഗ്ര മാറ്റം ആവശ്യപ്പെടുന്നു.ഇത് ജെനറിക് മരുന്നുകളുടെ ലഭ്യത കുറയ്ക്കും. പുതിയ വിത്തിനങ്ങളുടെയും കീടനാശിനികളുടെയും വില ഉയർത്തും.

ഇന്ത്യയുമായി നിലവിലുള്ള വ്യാപാര കമ്മി നികത്താനെന്ന പേരിലാണ് ട്രം പ് ഇന്ത്യൻ വ്യപാര നയത്തിൽ സമഗ്രമായ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നത്.2030 ഓടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിൽ എത്തിക്കുകയാണ് സ്വതന്ത്ര വ്യാപാര കരാറിൻ്റെ മറ്റൊരു ലക്ഷ്യം.കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2024-25 ൽ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 186 ബില്യൺ ഡോളറിൻ്റെ വ്യാപാരം നടന്നു. ഇന്ത്യ അമേരിക്കയിലേക്ക് 86.5 ബില്യൺ ഡോളറിൻ്റെ ചരക്കുകൾ കയറ്റുമതി ചെയ്തപ്പോൾ ഇന്ത്യയിലേക്കുള്ള ചരക്കുകളുടെ അമേരിക്കൻ ഇറക്കുമതി 45.3 ബില്യൺ ഡോളറിൻ്റേതായിരുന്നു. ഇറക്കുമതി ചെയ്തു, ഇത് അമേരിക്കക്ക് 41 ബില്യൺ ഡോളറിന്റെ ചരക്ക് വ്യാപാരക്കമ്മി സൃഷ്ടിച്ചു.

സേവന മേഖലയിൽ ഇന്ത്യ 28.7 ബില്യൺ ഡോളറിൻ്റെ കയറ്റുമതി നടത്തിയപ്പോൾ ഇറക്കുമതി 25.5 ബില്യൺ ഡോളറായിരുന്നു. മൊത്തത്തിൽ, ഇന്ത്യ യുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി 2024-25 വർഷം 44.4 ബില്യൺ ഡോളറായിരുന്നു.എന്നാൽ ചരക്ക്, സേവന മേഖലകളിലെ നേരിട്ടുള്ള വ്യാപാരത്തിനു പുറമെ വിദ്യാഭ്യാസം, ആയുധക്കച്ചവടം, സാമ്പത്തിക ഇടപാടുകൾ, പേറ്റൻ്റ് റോയൽറ്റി തുടങ്ങിയവയിലൂടെ അമേരിക്ക ഒരു വർഷം ഇന്ത്യയിൽ നിന്നും 80-85 ബില്യൺ ഡോളറിൻ്റെ വ്യാപാര നേട്ടം ഉണ്ടാക്കുന്നുണ്ടെന്ന് ജി ടി ആർ ഐ എന്ന സംഘടനയുടെ വിശകലനം വ്യക്തമാക്കുന്നത്. അതു കൂടി കണക്കാക്കുമ്പോൾ അമേരിക്കക്കാണ് നേട്ടം.വ്യാപാര കമ്മി സംബന്ധിച്ച അമേരിക്കയുടെ കണക്കുകൾ വളച്ചൊടിച്ചതാണെന്നും ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സംഘടന പറയുന്നു.

യു എസ് ഗവണ്മെൻ്റ് അക്കൗണ്ടബിളിറ്റി ഓഫീസിൻ്റെ കണക്കുകൾ പ്രകാരം ഒരു വർഷം ഒരു അമേരിക്കൻ കർഷകന് 26 ലക്ഷം രൂപ സബ്സിഡിയായി ലഭിക്കുന്നു. ചോളം, സോയാബീൻ, പരുത്തി, അരി, ചോളം , ഗോതമ്പ് തുടങ്ങിയ വിളകളിലേക്കാണ് ഈ സബ്സിഡി പോകുന്നത്.അതേ സമയം ഇന്ത്യയിലെ ഒരു പാവപ്പെട്ട കർഷകന് സർക്കാർ സബ്സിഡിയായി നേരിട്ട് അക്കൗണ്ടിൽ ലഭിക്കുന്നത് പി എം കിസാൻ സമ്മാൻ നിധി പ്രകാരമുള്ള കേവലം 6000 രൂപയുടെ വാർഷിക സാമ്പത്തിക സഹായമാണ്. കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന അമേരിക്കൻ കൃഷിയുമായി ഇന്ത്യയിലെ കർഷകന് ഒരു വിധത്തിലും മത്സരിക്കാനാവില്ല.

ചൈന, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ട്രംപിൻ്റെ തിരിച്ചടി തീരുവയ്ക്കതിരെ ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ ഇന്ത്യ കീഴടങ്ങിയെന്നാണ് കർഷക സംഘടനകളുടെ ആരോപണം. ശ്രീലങ്കയുമായും ആസിയാനുമായുമുള്ള മുൻ എഫ്‌ടിഎ കരാറുകൾ കേരളം, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു.. തേയില, കാപ്പി, കുരുമുളക്, റബ്ബർ തുടങ്ങിയ വാണിജ്യ വിളകളുടെ കൃഷി നഷ്ടത്തിലായി. കൃഷിക്ക് മതിയായ സംരക്ഷണമില്ലാതെ അമേരിക്കയുമായി ഉഭയകക്ഷി വാണിജ്യ കരാർ ഒപ്പിട്ടാൽ കാർഷിക മേഖല തകരുമെന്ന് സമര രംഗത്തുള്ള സംയുക്ത കിസാൻ മോർച്ച (എസ് കെ എം) കുറ്റപ്പെടുത്തുന്നു.

Read more