17 സീറ്റുകളുള്ള ഹഡോടി മേഖല ഇതാദ്യമായി ബിജെപി തരംഗം വ്യക്തമാക്കാതെ തിരഞ്ഞെടുപ്പിലേക്ക്; വസുന്ധരയുടെ കോട്ടയുടെ ആവേശം അണഞ്ഞതിന് പിന്നിലെന്ത്?

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ആദ്യ കാലഘട്ടങ്ങള്‍ക്കിപ്പുറം 1990കള്‍ മുതല്‍ ഇങ്ങോട്ട് ഒരു പാര്‍ട്ടിക്കും ഭരണത്തുടര്‍ച്ച നല്‍കിയിട്ടില്ല സംസ്ഥാനം. സ്വാതന്ത്രത്തിന് ശേഷം രാജസ്ഥാനില്‍ കോണ്‍ഗ്രസ് വര്‍ഷങ്ങളോളം തുടര്‍ഭരണം നേടി. ഇടയില്‍ വന്ന രാഷ്ട്രപതി ഭരണവും 1975ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷം 77ല്‍ ജനതാ പാര്‍ട്ടി നേടിയ രണ്ട് വര്‍ഷത്തെ ഭരണവും മാത്രമാണ് 1990 വരെ കോണ്‍ഗ്രസിന്റെ തുടര്‍ഭരണത്തെ തടഞ്ഞത്. ജനത പാര്‍ട്ടി മുഖ്യമന്ത്രിയായിരുന്ന ഭൈരോണ്‍ സിങ് ഷെഖാവത്ത് 1990ല്‍ ബിജെപി മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നതോടെയാണ് തുടര്‍ഭരണം രാജസ്ഥാനില്‍ കീറാമുട്ടിയായത്. 90ലെ ബിജെപി സര്‍ക്കാരിന് ശേഷം 1 വര്‍ഷം രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണമായിരുന്നു. 1993ലെ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍, പിന്നീടങ്ങ് കോണ്‍ഗ്രസും ബിജെപിയും മാറി മാറി അധികാരത്തിലെത്തുന്നതാണ് രാജസ്ഥാനില്‍ ഇതുവരെ കണ്ടുവന്നത്. എന്നാല്‍ ഇക്കുറി രാജസ്ഥാനില്‍ പതിവ് തെറ്റുമെന്ന ചര്‍ച്ചകള്‍ക്ക് പിന്നില്‍ രണ്ട് പ്രധാന കാര്യങ്ങളാണ് മുഴച്ചു നില്‍ക്കുന്നത്.

ഒന്ന് കോണ്‍ഗ്രസിന്റെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ കാര്യമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ല. ജനവിരുദ്ധമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ ശ്രദ്ധിച്ച കോണ്‍ഗ്രസിന് രാജസ്ഥാനില്‍ തുടര്‍ ഭരണ പ്രതീക്ഷ നല്‍കുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയെ അലട്ടുന്ന തരത്തിലുള്ള ഭരണവിരുദ്ധ വികാരമില്ലെന്നതാണ്. രണ്ടാമത്തെ കാര്യം ബിജെപി കേന്ദ്രനേതൃത്വം രാജസ്ഥാനിലെ ബിജെപിയുടെ പവര്‍ഹൗസായ വസുന്ധര രാജെ സിന്ധ്യയുമായി ഉടക്കിലായതാണ്. വസുന്ധരയെ ഒതുക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും കിണഞ്ഞു പരിശ്രമിച്ചതോടെ രാജസ്ഥാനില്‍ ബിജെപിയ്ക്ക് കാലിടറി. വസുന്ധരയെ തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നടക്കം മാറ്റി നിര്‍ത്തി ബിജെപി കേന്ദ്രനേതൃത്വം നടത്തിയ പരിഷ്‌കാരങ്ങള്‍ പ്രചാരണത്തില്‍ പാര്‍ട്ടിയെ പിന്നോട്ടടിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ പരിവര്‍ത്തന്‍ യാത്ര രാജസ്ഥാനില്‍ നനഞ്ഞ പടക്കമായത് വസുന്ധര രാജെ സിന്ധ്യ വിട്ടു നിന്നതോടെയാണ്. യാത്രയുടെ അവസാനം ശുഷ്‌കമായ വേദി കണ്ട കേന്ദ്രത്തിലെ ബിജെപിയ്ക്ക് കാര്യങ്ങള്‍ കൈമോശം വരുമെന്ന് മനസിലായതോടെ വസുന്ധരയുടെ പകരക്കാരനാക്കാമെന്ന് കരുതിയ മോദിയുടേയും ഷായുടേയും പ്രിയങ്കരനായ ഗജേന്ദ്രസിംഗ് ഷെഖാവത്തിനെ കൊണ്ട് തന്നെ അനുനയ നീക്കം നടത്തി.

വസുന്ധരയെ തിരഞ്ഞെടുപ്പ് ഗോദയിലേക്കും പ്രചാരണത്തിലേക്കും തിരിച്ചു കൊണ്ടുവന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കേന്ദ്രനേതൃത്വം മടിച്ചതോടെ വസുന്ധര ക്യാമ്പ് പ്രചാരണ രംഗത്ത് ആ തളര്‍ച്ച കാണിച്ചു. വസുന്ധരയുടെ ശക്തിദുര്‍ഗമായ ഹഡോടി മേഖല വസുന്ധരയുടെ രാജ കുടുംബത്തിന്റെ ബുണ്ടി രാജ്യത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും പേറുന്ന ഇടമാണ്. ഇവിടമാണ് പാര്‍ട്ടിയെന്ന നിലയില്‍ രാജസ്ഥാനില്‍ ബിജെപിയുടെ ശക്തി കേന്ദ്രം. പാര്‍ട്ടിയെ സംസ്ഥാനത്ത് ആദ്യമായി ജയിപ്പിച്ച ഭൈരോണ്‍ സിംഗ് ഷെഖാവത്തും ഈ മേഖലയിലെ തന്നെ കരുത്തനായിരുന്നു.

20 വര്‍ഷമായി ജാല്‍രപാടനില്‍ നിന്ന് ജയിക്കുന്ന വസുന്ധരയാണ് ഇപ്പോള്‍ ഹഡോടി കോട്ട കാക്കുന്നത്. 17 സീറ്റുകളുള്ള ഈ മേഖല 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ നിര്‍ണായകമാണ്. കോട, ബുണ്ടി, ജലാവര്‍, ഭാരണ്‍ മേഖലകളിലായി പടര്‍ന്നു കിടക്കുന്ന ഹഡോടിയില്‍ എന്നാല്‍ ഇക്കുറി തിരഞ്ഞെടുപ്പിന്റെ ആവേശം പ്രത്യക്ഷത്തില്‍ കാണാനേയില്ല. ബിജെപി തരംഗം ഹഡോടിയില്‍ കാണാനില്ലെന്നത് പോലെ തന്നെയാണ് സംസ്ഥാനത്തെ മറ്റിടങ്ങളിലും. ഹഡോടിയില്‍ ബിജെപി ആവേശം ചോര്‍ന്നത് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. വസുന്ധരയുടെ കാര്യത്തില്‍ കേന്ദ്രനേതൃത്വം വിമുഖത കാട്ടിയതോടെയാണ് ഹഡോടിയില്‍ സാധാരണ ഉണ്ടാകാറുള്ള ബിജെപി തരംഗം കാണാനാകാത്തത്.

സംസ്ഥാന ബിജെപിയില്‍ വസുന്ധരയുടെ സ്ഥാനത്തിന് ഇളക്കം തട്ടുകയും അനിശ്ചിതത്തിലാകുകയും ചെയ്തതോടെ വസുന്ധര കാത്ത കോട്ട ബിജെപിയോടും തണുത്ത മട്ടിലാണ് പ്രതികരിക്കുന്നത്. വസുന്ധര ഇപ്പോഴും ഹഡോടിയിലെ ‘റാണി’ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് പൊതുവേയുള്ള ജനങ്ങളുടെ പ്രതികരണം. അവര്‍ ഞങ്ങള്‍ക്കെല്ലാമാണെന്ന് ഡര സ്റ്റേഷനിലെ ഒരു കച്ചവടക്കാരന്‍ നടത്തിയ പ്രതികരണം വിളിച്ചോതുന്നുണ്ട് വസുന്ധരയ്ക്ക് പ്രദേശത്തുള്ള സ്വാധീനം. ബിജെപി നേതാക്കളില്‍ വസുന്ധരയ്ക്കുള്ളത് പോലെ ജനങ്ങളില്‍ സ്വാധീനം മറ്റാര്‍ക്കും ഇല്ലെന്ന് ഇരിക്കെ തനിക്ക് മേലെ സംസ്ഥാനങ്ങളില്‍ ഉയരുന്ന പേരുകള്‍ വെട്ടാനുള്ള നരേന്ദ്ര മോദി – അമിത് ഷാ നീക്കം രാജസ്ഥാനില്‍ പാര്‍ട്ടിയെ വെട്ടിലാക്കുമോയെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. നവംബര്‍ 25ന് രാജസ്ഥാന്‍ വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് മോദി- ഷാ നീക്കം രാജസ്ഥാനെ എങ്ങനെ ബാധിക്കുമെന്ന് അറിയാനാണ്. ഡിസംബര്‍ 3ന് വോട്ടെണ്ണി ഫലപ്രഖ്യാപനം വരുമ്പോഴറിയാം 3 പതിറ്റാണ്ടായി രാജസ്ഥാന്‍ തുടരുന്ന തുടര്‍ഭരണം കൊടുക്കാനുള്ള മടി സംസ്ഥാനം തിരുത്തുമോയെന്ന്. അങ്ങനെയെങ്കില്‍ ബിജെപിയ്ക്കുള്ളില്‍ പുകഞ്ഞുകത്തുന്ന മോദി- ഷാ അപ്രമാദിത്യത്തിനെതിരായ കനലുകള്‍ ആളികത്താന്‍ അതൊരു കാരണമാകുമെന്നതില്‍ സംശയമില്ല.