'ഇന്ത്യ ദ മോദി ക്വസ്റ്റിന്‍' കേരളത്തില്‍ ബി.ജെ.പിക്ക് പോലും വലിയ ആവേശമില്ല

ബി ബി സി യുടെ വിവാദ ഡോക്കുമെന്ററി ഇന്ത്യ ദ മോദി ക്വസ്റ്റിന്‍ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു. ഭരണകക്ഷിയുടെയും പ്രതിപക്ഷത്തെയും യുവജനസംഘടനകളാണ് ഈ ഡോക്കുമെന്റെറി പ്രദര്‍ശിപ്പിക്കാന്‍ മുന്‍കൈ എടുത്തതെങ്കിലും സി പി എം നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവുമെല്ലാം വളരെ ബുദ്ധിപൂര്‍വ്വം ഈ വിവാദത്തില്‍ നിന്ന് അകലം പാലിക്കുകയാണ്. മുഖ്യധാര കക്ഷികളുടെ നേതൃത്വം നേരിട്ട് ഇടപെടാതെ തങ്ങളുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വങ്ങളെക്കൊണ്ട് ഡോക്കുമെന്ററി പ്രദര്‍ശനം നടത്തിക്കുകയായിരുന്നു. പ്രതിഷേധം അതിരുകടക്കാതിരിക്കാന്‍ സി പി എമ്മും കോണ്‍ഗ്രസുമെല്ലാം ശ്രദ്ധിച്ചുവെന്നതാണ് പരാമര്‍ശിക്കേണ്ട വസ്തുത. പിണറായി വിജയനും സി പി എമ്മിനും മോദിയെ അത്രക്കങ്ങ് പിണക്കാന്‍ വയ്യ. കോണ്‍ഗ്രസിനാണെങ്കില്‍ ഇപ്പോള്‍ കയ്യിലുള്ള വോട്ടുകള്‍ കൂടി പോകുമോ എന്ന ഭയവും.

ഡോക്കുമെന്ററിയുടെ പ്രദര്‍ശനത്തെ എതിര്‍ക്കുന്ന ബി ജെ പി പോലും അതിനെ ഒരു ക്രമസമാധാനപ്രശ്‌നമായി മാറ്റാന്‍ മടിക്കുകയോ ഭയക്കുകയോ ചെയ്തു.ഡോക്കുമെന്ററിയുടെ പ്രദര്‍ശനത്തിനെതിരെ ജില്ലാ കളക്റ്റര്‍ക്കും പൊലീസ് മേധാവിക്കും ഒക്കെ പരാതി നല്‍കുകയല്ലാതെ അക്രമാസക്തമായ പ്രതിഷേധങ്ങളിലേക്ക് പോകാന്‍ അവര്‍ തുനിഞ്ഞില്ല. കാരണം മറ്റൊന്നുമല്ല, പതിനഞ്ച് മാസം കഴഞ്ഞാല്‍ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. വിവാദ ഡോക്കുമെന്ററിയുടെ പ്രദര്‍ശനം മൂലം ആര്‍ക്കായിരിക്കും രാഷ്ട്രീയ ലാഭം ആര്‍ക്കായിരിക്കും നഷ്ടം എന്നതിനെക്കുറിച്ച് ഇപ്പോള്‍ കണക്ക് കൂട്ടുക വയ്യ. തീവ്ര മുസ്‌ളീം ഗ്രൂപ്പുകള്‍ പോലും ഭയക്കുന്നത് ഈ ഡോക്കുമെന്ററിയുടെ വ്യാപകമായ പ്രദര്‍ശനം ചിലപ്പോള്‍ ബി ജെ പി ക്കനുകൂലമായ ഒരു ഭൂരിപക്ഷ ഏകീകരണം ഉണ്ടാക്കിയേക്കുമെന്നാണ്. ബി ജെ പി യാകട്ടെ കേരളം പോലുള്ള സ്ഥലത്ത് ഇതിന്റെ പേരില്‍ വര്‍ഗീയ അസ്വസ്ഥ്യമുണ്ടാകുന്നത് തങ്ങള്‍ക്കും രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുമെന്ന ഭയത്തിലാണ്.

അതേ സമയം ബി ബി സി ഡോക്കുമെന്ററിയുടെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ബി ജെപിക്ക് തണുപ്പന്‍ സമീപനമാണുള്ളതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. കെ സുരേന്ദ്രനെ ശക്തമായി എതിര്‍ക്കുന്ന വിഭാഗം ഇത് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നാണറിയുന്നത്. മുഖ്യമന്ത്രിക്ക് പരാതികൊടുത്തതല്ലാത ഡോക്കുമെന്ററി തടയുന്ന കാര്യത്തില്‍ കെ സുരേന്ദ്രന്‍ കാര്യമായി ഒന്നും ചെയ്തില്ലന്നും ഇവര്‍ ആരോപിക്കുന്നു. സുരേന്ദ്രന്റെ വിമര്‍ശകനായ എം ടി രമേശും സംഘവുമാണ് കേരളത്തില്‍ ഡോക്കുമെന്ററി പ്രദര്‍ശനത്തെിനതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത്. സുരേന്ദ്രന്റെ പേരില്‍ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് പിണറായിയെ ഭയമാണ് എന്ന രീതിയിലുള്ള നിരവധി പ്രതികരണങ്ങള്‍ സുരേന്ദ്രന്റെ ബി ജെ പിയിലുള്ള എതിരാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നിര്‍ബാധം പ്രചരിപ്പിക്കുകയും ചെയ്തു.

മുസ്സീം ലീഗ് പോലുള്ള സംഘടനകളും വലിയ പ്രചാരണം ഈ ഡോക്കുമെന്ററിക്ക് നല്‍കേണ്ടാ എന്ന് തിരുമാനിച്ചിരിക്കുകയാണ്. കാരണം ഏത് തരത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതമാണ് വരും ദിവസങ്ങളില്‍ ഈ ഡോക്കുമെന്ററിയുടെ പ്രചരണം ഉണ്ടാക്കുക എന്ന് പറയാന്‍ പറ്റില്ല എന്നാണ് അവരുടെ വിലയിരുത്തല്‍. അതേ സമയം എ കെ ആന്റെണിയുടെ മകനും, കെ പി സി സി യുടെ ഡിജിറ്റല്‍ മീഡായ സെല്ലിന്റെ ചുമതലക്കാരനുമായ അനില്‍ ആന്റെണി ട്വിറ്ററില്‍ കുറിച്ചത് കോണ്‍ഗ്രസും മറ്റൊരു തലവേദനയായിരിക്കുകയാണ്.

മുന്‍ വിധികളോടെ പ്രവര്‍ത്തിക്കുന്ന ചാനലാണ് ബി ബി സി യെന്നും,ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നുമാണ് അനില്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

കേരളത്തില്‍ സി പി എം – കോണ്‍ഗ്രസ് യുവജന സംഘടനകള്‍ ഡോക്കുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങിയിരിക്കുകയാണെങ്കിലും മാതൃസംഘടനകള്‍ അര്‍ത്ഥഗര്‍ഭമായ മൗനം ദീക്ഷിക്കുകയാണ്. പരിധിവിട്ടു കളിച്ചാല്‍ വരുന്ന വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ഭയം രണ്ടുപാര്‍ട്ടികള്‍ക്കുമുണ്ട്. അത് കൊണ്ട് ബി ബി സി , മോദി , ഡോക്കുമെന്റെറി എന്നൊക്കെ പറഞ്ഞ് വലിയ വികാരം കൊള്ളേണ്ട എന്നതാണ് ഈ പാര്‍ട്ടികളുടെ തിരുമാനം.