പുറത്താക്കി ശൂന്യമാക്കിയ പ്രതിപക്ഷ ബെഞ്ചുകള്‍, സുപ്രീം കോടതിയെ മറികടന്നൊരു ബില്ല് പാസാക്കല്‍

തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ പുറത്തിരുത്തി ബില്ല് അവതരിപ്പിച്ച് അത് ലോക്സഭ കടന്നിരിക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ എന്നിവരുടെ നിയമന രീതി മാറ്റുന്ന ബില്ലാണ് പ്രതിപക്ഷ നിരയെ പുറത്താക്കി ലോക്‌സഭ പാസാക്കിയത്. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം കൊണ്ട് ബില്ല് പാസാക്കിയെടുക്കുന്ന മോദി സര്‍ക്കാര്‍ ഇക്കുറി ശബ്ദം പോലും ഇല്ലാതാക്കിയാണ് ഏകപക്ഷീയമായ ഒരു ബില്ല് കൂടി പാസാക്കിയെടുത്തത്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ ബാധിക്കുന്ന ബില്ല് നിയമമാക്കിയെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ണായക നീക്കം നടത്തിയത് ഭൂരിപക്ഷം പ്രതിപക്ഷനേതാക്കളും പുറത്തുനില്‍ക്കവെയാണ്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍, തിരഞ്ഞെടുപ്പു കമ്മിഷണര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയുള്ള ബില്‍ ഏകപക്ഷീയമായ ഭരണപക്ഷത്തിന് അനുകൂലമായി കാര്യങ്ങള്‍ മാറ്റുന്ന നിയമമാവുകയാണ്. നേരത്തെ തന്നെ രാജ്യസഭ പാസാക്കിയ ബില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കി ശൂന്യമായ പ്രതിപക്ഷ ബെഞ്ചികളെ സാക്ഷിയാക്കി ശബ്ദ വോട്ടോടെയാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത്.

ഏകപക്ഷീയമായി ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന ഒരു ബില്ല് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ പോലും മറികടക്കാനാണ് മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ‘ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന്‍ കമ്മിഷണേഴ്സ് അപ്പോയിന്റ്മെന്റ്, കണ്ടിഷന്‍സ് ഓഫ് സര്‍വീസ് ആന്‍ഡ് ടേം ഓഫ് ഓഫീസ്’ ബില്ലാണ് ലോക്സഭ കടന്നതോടെ നിയമമാകാന്‍ രാഷ്ട്രപതിയുടെ ഒപ്പിനായി മാത്രം കാത്തിരിക്കുന്നത്. ലോകസഭയില്‍ 97 പ്രതിപക്ഷ എംപിമാര്‍ ഇല്ലാതിരിക്കവെയാണ് ശബ്ദവോട്ടോടെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമം കേന്ദ്രം പാസാക്കിയത്, ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെയത് നിയമമാകും.

ഞാനും അപ്ഫനും സുഭദ്രയുമെന്ന ആറാം തമ്പുരാനിലെ ഹിറ്റ് ഡയലോഗ് പോലൊരു ട്രസ്റ്റാണ് ശരിക്കും ഇപ്പോള്‍ പാസാക്കിയെടുത്ത ബില്ല്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും എന്ന ബാലന്‍സ്ഡായ ഒരു സമിതിയെ ഭരണപക്ഷത്തിന്റെ ഏകപക്ഷീയ വിജയത്തിനായി തീര്‍ത്ത ഒരു കമ്മിറ്റിയാക്കി മാറ്റിയാണ് മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തെ ഭരണപക്ഷത്തിന്റെ താല്‍പര്യത്തിനനുസരിച്ചുള്ള സംവിധാനമാക്കി മാറ്റിയത്.

സുതാര്യവും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്നിരിക്കെ അവിടെ മായം ചേര്‍ക്കാനുള്ള ചെപ്പടി വിദ്യകളെല്ലാം മോദി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം ഭരണപക്ഷത്തിന്റെ കയ്യിലേക്കെത്തുന്ന ഒരു അവസ്ഥയിലേക്കാണ് ഈ നിയമം ഇന്ത്യയെ കൊണ്ടെത്തിക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണ് ഈ ബില്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു. ഇത് നിയമമാകുന്നതോടെ പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതിയാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുക.

നേരത്തെ ഉണ്ടായിരുന്ന സമിതിയെന്നത് ബില്ല് സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കുന്നവരില്‍നിന്ന് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേര്‍ന്ന സമിതി കമ്മിഷണര്‍മാരെ നിയമിക്കുകയായിരുന്നു. ഇതില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രാഷ്ട്രീയ ലാക്കുണ്ടായാല്‍ പോലും സുപ്രീം കോടതി ചീഫ് ജസ്റ്റിസുള്ളതിനാല്‍ അതില്‍ ഒരു വോട്ട് നിര്‍ണായകമായി ബാലന്‍സ് ചെയ്ത് നില്‍ക്കുന്നതായിരുന്നു. നേരത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിലൂടെയാണ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സമിതിയുണ്ടാക്കിയത്. ഇത് മറികടക്കുന്ന ബില്ലിനാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ പ്രതിപക്ഷ എംപിമാരെ പുറത്താക്കി അംഗീകാരം നല്‍കിയത്.

സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം പാര്‍ലമെന്റിന് പുറത്ത് അരങ്ങേറവേ ജനാധിപത്യ സംവിധാനത്തെ മോശമായ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുള്ള ഒരു ബില്ല് കൂടി പാസാക്കിയെടുക്കുന്നതില്‍ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപി വിജയിച്ചു. വോട്ടിംഗ് യന്ത്ര അട്ടിമറിയടക്കം തിരഞ്ഞെടുപ്പില്‍ പലവിധ ആരോപണങ്ങള്‍ ഉയരുന്ന രാജ്യത്താണ് സ്വതന്ത്രസംവിധാനമെന്ന് വാഴ്ത്തി പാടലുള്ള തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പോലും ഭരണപക്ഷത്തിന്റെ കൈകടത്തല്‍ നിയമമായി മാറുന്നത്.