കോഴിക്കോട് ലോക്‌സഭയില്‍ കോണ്‍ഗ്രസിന് നാലാം തുടര്‍ച്ചയോ?; നാലാം അങ്കത്തില്‍ രാഘവനെ വീഴ്ത്താന്‍ കരീം, 'ഇടത് പാളയം' ഇക്കുറിയെങ്കിലും ചുവക്കുമോ?

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലതുപക്ഷവുമാകുന്ന കോഴിക്കോട് ചില്ലറയൊന്നുമല്ല ഇടതുപക്ഷത്തെ ഞെട്ടിച്ചിട്ടുള്ളത്. കണ്ണൂരുകാരന്‍ എംകെ രാഘവന്‍ 2009 മുതല്‍ കോഴിക്കോട് പിടിച്ചത് ഇടത് പക്ഷത്തെ അത്ഭുതപ്പെടുത്താന്‍ കാരണം മണ്ഡല പുനക്രമീകരണത്തില്‍ വയനാട്ടിലെ യുഡിഎഫ് അനുകൂല മണ്ഡലങ്ങള്‍ പോവുകയും ഇടത് നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തിട്ട് നേരിട്ട അട്ടിമറികളാലാണ്. ചുവന്ന് നില്‍ക്കുന്ന നിയമസഭാ മണ്ഡലങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ കൈപ്പത്തിയ്‌ക്കൊപ്പം നില്‍ക്കുന്ന രീതിയാണ് കോഴിക്കോട് പലപ്പോഴും കണ്ടുവന്നത്. 2009 മുതല്‍ എംകെ രാഘവന്‍ എന്ന കോഴിക്കോട്ടുകാരുടെ രാഘവേട്ടനാണ് ഹാട്രിക് നേടി കോഴിക്കോട് വിജയിക്കുന്നത്. നാലാം അങ്കത്തിന് ഇറങ്ങുന്ന രാഘവനെ വീഴ്ത്താന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയുമായാണ് ഇക്കുറിയും സിപിഎം കളം പിടിക്കുന്നത്. ഏത് വിധേനയും കോഴിക്കോട് ചുവപ്പിക്കാനായി രാജ്യസഭ എംപി കൂടിയായ എളമരം കരീമിനെയാണ് സിപിഎം മണ്ഡലത്തില്‍ ഇറക്കിയത്. ബിജെപി വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിയും പ്രമുഖ നേതാവായ എംടി രമേശിനെ കോഴിക്കോട് ഇറക്കിയിട്ടുണ്ട്.

മണ്ഡലത്തിന്റെ പൊതുസ്വഭാവം ഇടത് ചായ്‌വാണെങ്കിലും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ശക്തമായ വേരോട്ടമുള്ള മണ്ണാണ് കോഴിക്കോട്. കോഴിക്കോട് ജില്ലയില്‍ മാത്രമായാണ് നിലവിലെ കോഴിക്കോട് ലോക്‌സഭാ മണ്ഡലം. ബാലുശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്നമംഗലം, കൊടുവള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ഇതില്‍ 7ല്‍ ആറിടത്തുനിന്നും നിയമസഭയെ പ്രതിനീധികരിക്കുന്നത് ഇടത് എം.എല്‍.എമാരാണ്. കോഴിക്കോട് മണ്ഡലത്തിന്റെ ചരിത്രമെടുത്താല്‍ കോണ്‍ഗ്രസ് തന്നെയാണ് കൂടുതല്‍ കാലവും മണ്ഡലം കൈയിലാക്കിയത്. ജനതാദളും മുസ്ലീം ലീഗുമെല്ലാം മണ്ഡലത്തില്‍ വിജയിച്ചു കയറിയിട്ടുണ്ട്. 1980ല്‍ ഇമ്പിച്ചി ബാവയിലൂടെ സിപിഎമ്മും മണ്ഡലം പിടിച്ചിട്ടുണ്ട്.

കേരളം നിലവില്‍ വരുന്നതിനു മുന്‍പ് 1951-ല്‍ കിസാന്‍ മസ്ദൂര്‍ പ്രജ പാര്‍ട്ടിയുടെ അച്യുതന്‍ ദാമോദര മേനോന്‍ ആണ് സാമുതിരി നാട്ടില്‍ വിജയിച്ചത്. 1957-ല്‍ കോണ്‍ഗ്രസിലെ കെ.പി. കുട്ടികൃഷ്ണന്‍ നായര്‍ ആയിരുന്നു കോഴിക്കോട്ടെ വിജയി. 1962-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേയും സിപിഐയേയും തോല്‍പ്പിച്ച് മുസ്ലിംലീഗിലെ സിഎച്ച്. മുഹമ്മദ് കോയ കോഴിക്കോട് തിരഞ്ഞെടുപ്പ് ജയിച്ചു. 1967, 1971 വര്‍ഷങ്ങളില്‍ ഇബ്രാഹിം സുലൈമാന്‍ സേഠ് മുസ്ലിം ലീഗിനായി മണ്ഡലം പിടിച്ചുവെച്ചു. 67ല്‍ കോണ്‍ഗ്രസും ജനസംഘവുമായിരുന്നു ലീഗിന് എതിരാളി. വിജയിച്ചു. 1977 ല്‍ കോണ്‍ഗ്രസിന്റെ വി എ സൈയ്ദ് മുഹമ്മദ് മണ്ഡലം പിടിച്ചു. എന്നാല്‍ 1980 ല്‍ ആദ്യമായി ഇ കെ ഇമ്പിച്ചി ബാവയിലൂടെ ഇടതുപക്ഷം കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ വിജയിച്ചു. പിന്നീട് 84ല്‍ കെ. ജി അടിയോടി, 89ലും 91ലും കെ മുരളീധരന്‍ എന്നിവര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിനായി പാര്‍ലമെന്റില്‍ എത്തി. 1996 ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി എംപി വീരേന്ദ്രകുമാര്‍ വിജയിച്ചെങ്കിലും 1998 ലും 1999 ലും കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിച്ചു. 98ല്‍ പി ശങ്കരനും 99ല്‍ കെ മുരളീധരനുമാണ് കോണ്‍ഗ്രസിനായി മണ്ഡലം പിടിച്ചത്. 2004 ല്‍ എംപി വീരേന്ദ്രകുമാര്‍ വീണ്ടും ജനതാദള്‍ സെക്കുലറിനായി വിജയം നേടി. പിന്നീടാണ് 2008ലെ മണ്ഡല പുനര്‍നിര്‍ണയവും എംകെ രാഘവന്റെ കോഴിക്കോട്ടേയ്ക്കുള്ള വരവും.

കുത്തക ചരിത്രമെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ അവസരം നല്‍കാത്ത കോഴിക്കോട് പക്ഷേ എം കെ രാഘവന് ഹാട്രിക് വിജയം നല്‍കി. മണ്ഡലത്തിന്റെ പുനര്‍നിര്‍ണയം ഇടതിന് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു 2009ല്‍ പക്ഷേ ഇടത് അനുകൂല മണ്ഡലമായി കോഴിക്കോടിനെ വിലയിരുത്തിയവരെ ഞെട്ടിച്ച് രാഘവന്‍ പടയോട്ടം തുടങ്ങിയത് വെറും 838 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കോഴിക്കോട്ടുകാരന്‍ അല്ലാത്ത സ്ഥാനാര്‍ഥി എന്ന വിശേഷണത്തോടെ കോഴിക്കോടെത്തിയ രാഘവനെ വീഴ്ത്താന്‍ യുവരക്തത്തെയാണ് അന്ന് സിപിഎം ഇറക്കിയത്. യുവനേതാവും കോഴിക്കോട്ടുകാരനുമായ പിഎ മുഹമ്മദ് റിയാസിനെ മുന്‍നിര്‍ത്തി വരത്തനായ രാഘവനെ വീഴ്ത്താന്‍ സിപിഎം പ്രചാരണത്തിന് ഇറങ്ങിയത് മണ്ഡലം എളുപ്പത്തില്‍ നേടാം എന്ന വിശ്വാസത്തിലായിരുന്നു. സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ പാടെ തെറ്റിച്ചായിരുന്നു കോഴിക്കോട്ടെ രാഘവന്റെ വിജയം.

2014ല്‍ എല്‍ഡിഎഫ് ലോക്‌സഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് കൈവിട്ടുപോയ സീറ്റ് തിരിച്ചു പിടിക്കാനുറച്ചായിരുന്നു. ‘വരത്തന്‍’ പ്രചാരണം സൈഡാക്കി രാഘവനെതിരെ ഇടത് പക്ഷം കളത്തിലിറക്കിയത് സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായിരുന്ന എ വിജയരാഘവനെയാണ്. കോഴിക്കോട്ടുകാരനല്ലാത്ത വിജയരാഘവനെ വെച്ച് എംകെ രാഘവനെ നേരിട്ടെങ്കിലും കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി മാറിയ എംകെ രാഘവന്‍ ഭൂരിപക്ഷം ഉയര്‍ത്തി ആ തവണയും ജയിച്ചു. 2009-ലെ 838ല്‍ നിന്നും എം.കെ രാഘവന്റെ ലീഡ് 16,883 ആയി ഉയര്‍ന്നു. നിയമസഭയില്‍ ചുവന്നു നില്‍ക്കുന്ന കോഴിക്കോട് സിപിഎം അടുത്ത പടയോട്ടത്തിന് ഒരു എംഎല്‍എ തന്നെ ഇറക്കി. എം.കെ. രാഘവന്റെ ഹാട്രിക് തടയാനായി ജനകീയ എംഎല്‍എ പരിവേഷമുള്ള എ പ്രദീപ് കുമാറിനെയാണ് സിപിഎം കളത്തില്‍ ഇറക്കിയത്. എംകെ രാഘവന്റെ മങ്ങലേല്‍ക്കാത്ത വ്യക്തിപ്രഭാവത്തിനൊപ്പം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയതിന്റെ ആവേശം കേരളക്കരയാകെ വീശിയപ്പോള്‍ കോഴിക്കോടും ആ ഓളത്തില്‍ നിറഞ്ഞു കവിഞ്ഞു. രാഘവന്റെ ഭൂരിപക്ഷം 85,225 വോട്ട്, ഹാട്രിക് വിജയമെന്ന കോഴിക്കോട് ഇതുവരെ കാണാത്ത നേട്ടം എംകെ രാഘവന്റെ പോക്കറ്റില്‍.

അങ്ങനെ പടയോട്ടങ്ങള്‍ ഏറെ കണ്ട സാമൂതിരിയുടെ നാട്ടില്‍ നാലാം അങ്കത്തിന് എംകെ രാഘവന്‍ ഇറങ്ങുമ്പോള്‍ വീഴ്ത്താന്‍ എളമരം കരീം എന്ന തൊഴിലാളി സംഘടനാ നേതാവിന്റെ കരുത്തില്‍ സിപിഎം അങ്കത്തട്ടിലുണ്ട്. മൂന്ന് തവണ തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇക്കുറി എല്‍ഡിഎഫ. ഇറങ്ങുന്നത്. മണ്ഡലം കൈവിട്ടു കളയാതിരിക്കാന്‍ രാഘവനും കോണ്‍ഗ്രസും ശക്തമായ പ്രചാരണത്തിലാണ്. രാഘവന്‍ എന്ന പേരിന് കോഴിക്കോടുള്ള മുന്‍ഗണനയാണ് കോണ്‍ഗ്രസിന്റെ മൂലധനം. ഒപ്പം മുസ്ലീം ലീഗിന്റെ ശക്തമായ പിന്തുണയും യുഡിഎഫ് ആത്മവിശ്വാസം വളര്‍ത്തുന്നു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വോട്ടുകള്‍ ഏകീകരിച്ച് വിജയം നേടാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് എംകെ രാഘവന്‍ കരുതുന്നത്. അപ്പുറത്ത് കോഴിക്കോടുമായി ചിരകാല ബന്ധമുള്ള എളമരം കരീമിന്റെ സാധ്യതകള്‍ വലുതാണെന്ന് ഇടതുപക്ഷം ഉറച്ചു വിശ്വാസിക്കുന്നു. പരമ്പരാഗത ഇടതുപക്ഷ വോട്ടുകള്‍ക്കൊപ്പം തൊഴിലാളി വോട്ടുകള്‍ കൂടി ഏകീകരിച്ച് വിജയത്തില്‍ എത്തുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. എംടി രമേശിനെ ഇറക്കി ശക്തി തെളിയിക്കാനാണ് എന്‍ഡിഎ ശ്രമം. വിജയസാധ്യതയില്ലെങ്കില്‍ കൂടിയും പരമാവധി വോട്ടുകള്‍ കൈക്കലാക്കി വോട്ട് ബാങ്ക് വളര്‍ത്തുകയാണ് ബിജെപി ലക്ഷ്യവെയ്ക്കുന്നത്.

എംകെ രാഘവന്റെ ജനകീയ മുഖത്തിന് കിട്ടിയ ‘ഏട്ടന്‍’ വിളിയ്‌ക്കൊപ്പം നില്‍ക്കാന്‍ തുടക്കത്തില്‍ എളമരം കരീമിനൊപ്പം ‘ഇക്ക’ ചേര്‍ത്ത് വെച്ച് ഒരു സൈഡില്‍ നിന്ന് പ്രചാരണം തുടങ്ങിയെങ്കിലും സെക്കുലര്‍ ഭാഗത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ആ വിളിയൊക്കെ സിപിഎം അവസാനിപ്പിച്ചു. സമസ്തയിലെ ഒരു വിഭാഗത്തിന് സിപിഎമ്മിനോടുള്ള മമതയാണ് കോഴിക്കോട്ട് സിപിഎം സാധ്യത വര്‍ധിപ്പിക്കുന്നത്. മുസ്ലിം ലീഗുമായുള്ള ഈ വിഭാഗത്തിന്റെ അതൃപ്തി കോണ്‍ഗ്രസിന് പാരയാകുമെന്ന വിലയിരുത്തലുണ്ട്. ലീഗ് സ്ഥാനാര്‍ത്ഥികളോട് നേര്‍ക്ക് നിന്ന് എതിരിടാന്‍ സമസ്ത തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസിനോട് ഏറ്റവും വലിയ ന്യൂനപക്ഷ സമുദായ സംഘടന അലിവ് കാണിക്കണമെന്ന് നിര്‍ബന്ധമില്ല. പിണറായി വിജയനോട് സമസ്ത നേതാക്കള്‍ക്കുള്ള നല്ല ബന്ധവും ന്യൂനപക്ഷ വിഷയങ്ങളിലെ സിപിഎം ഇടപെടലുകളും എളമരം കരീമിന്റെ സ്ഥാനാര്‍ത്ഥിത്വവും സമസ്ത വോട്ടുകളില്‍ അടിയൊഴുക്കിന് വകയുണ്ടാക്കിയിട്ടുണ്ട്. ഇത് കോഴിക്കോട് സിപിഎമ്മിനെ തുണച്ചേക്കും. അങ്ങനെയെങ്കില്‍ നാലാം അങ്കത്തില്‍ എംകെ രാഘവന്‍ കുറച്ചധികം പണിപ്പെടുമെന്ന കാര്യം ഉറപ്പാണ്.