ഇരിയ്ക്കുന്ന കൊമ്പ് മുറിക്കുന്ന കോണ്‍ഗ്രസ്; ജനവിധിക്കപ്പുറം ഗ്രൂപ്പ് കളിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ 'കുലംകുത്തികളാകുന്ന' എംഎല്‍എ നേതാക്കളും ദൗര്‍ബല്യത്തിന്റെ ഹൈക്കമാന്റും

മേയ് 4ന് കോണ്‍ഗ്രസിന് മനമറിഞ്ഞു വിജയം നല്‍കിയ കേരളത്തിലെ ജനങ്ങളുടെ അന്തസിനെ ചോദ്യം ചെയ്യുന്ന വിഴുപ്പലക്കലിലാണ് കേരളത്തിലെ കോണ്‍ഗ്രസും അഖിലേന്ത്യ നേതൃത്വവും. ഹൈക്കമാന്‍ഡിന്റെ ദൗര്‍ബല്യം വിളിച്ചോതിയാണ് മേയ് നാലിന് ശേഷമുള്ള ഓരോ ദിവസവും കടന്നുപോകുന്നത്. ജനവികാരം മാനിക്കാതെ രാഹുല്‍ ഗാന്ധിയുടെ ‘പെറ്റ്’ ആയ സംഘടനാ ജനറല്‍ സെക്രട്ടറി കേരളത്തിലേക്ക് നൂലില്‍ കെട്ടിയിറക്കപ്പെടുന്നുവെന്ന വികാരമാണ് കേരളത്തിലെ സാധാരണക്കാരെ ഭരിക്കുന്നത്. കെ സി വേണുഗോപാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു കസേരയിലേക്കും താനില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊട്ടിഘോഷിച്ചതിന് ശേഷം തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കിട്ടിയതോടെ മുഖ്യമന്ത്രി കസേരയ്ക്കായി ഗ്രൂപ്പുകളിക്കുന്നുവെന്ന തോന്നല്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഉണ്ടായി കഴിഞ്ഞു. അതാണ് മുമ്പെങ്ങും ഇല്ലാത്ത വിധം ജനരോഷം ആഴത്തിലാക്കുന്നത്.

ഗ്രൂപ്പുകളിയും ഓരോ പക്ഷങ്ങളുടെ തമ്മിലടിയും എന്നൊക്കെ പറഞ്ഞു തടിതപ്പിയാലും മുകുള്‍ വാസ്‌നിക്കിന്റെ ഫോണില്‍ മറയാത്ത ചില എംഎല്‍എ പേരുകള്‍ കെസിയ്ക്ക് വേണ്ടി നീങ്ങിയെന്ന് മനസിലായപ്പോള്‍ അവര്‍ തെരുവില്‍ നേരിടുന്ന തിരിച്ചടി പറയുന്നുണ്ട് എന്താണ് കേരളത്തിന്റെ ജനഹിതമെന്ന്. ഗ്രൂപ്പുകളിയും കുതുകാല്‍ വെട്ടുമെല്ലാം കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് പുത്തരിയല്ലെങ്കിലും അറിഞ്ഞങ്ങ് വിരലില്‍ മഷി പുരട്ടിയവര്‍ക്ക് തങ്ങളെ നോക്കുകുത്തിയാക്കുന്നത് സഹിക്കാനാവില്ലെന്ന് നേതൃത്വത്തോട് വിളിച്ചുപറയുന്നുണ്ട് ചോദ്യമുനകളില്‍ നാട്ടാര് തടഞ്ഞുനിര്‍ത്തിയ ബെന്നി ബെഹനാന്റേയും കെ എം അഭിജിത്തിന്റേയും മാത്യു കുഴല്‍നാടന്റേയും സന്ദീപ് വാര്യരുടേയുമെല്ലാം അവസ്ഥ.

കേരളത്തിലെ ജനവികാരം ഗ്രൂപ്പുകളിച്ച് ഹൈക്കമാന്‍ഡിലെത്തിക്കാത്ത നേതാക്കള്‍ക്കെല്ലാം വഴിയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല സാധാരണക്കാരും മറുപടി നല്‍കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കാണുന്ന കമന്റിന്റെ കുത്തൊഴുക്ക് ഏതെങ്കിലും ഒരു പി ആര്‍ ടീമിനെ കൊണ്ട് മാത്രം ഒക്കുന്നതല്ലെന്ന് ജെനുവിന്‍ പ്രൊഫൈലുകള്‍ കണ്ടാല്‍ തന്നെ വ്യക്തമാണ്. തങ്ങളെ ചതിച്ചാല്‍ ജനഹിതം മാനിക്കാതെ ഹൈക്കമാന്‍ഡ് പ്രീണന ജോലിയ്ക്ക് ഇറങ്ങിയവരുടെ വാക്കില്‍ വീണാല്‍ വയനാട്ടില്‍ പോലും തിരിച്ചടിയുണ്ടാവുമെന്ന് പ്രിയങ്ക ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും വരെ മലയാളികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ജനങ്ങളില്‍ നിന്ന് നിര്‍ണായകമായ ഒരു ജനവിധി ലഭിച്ചതിനുശേഷവും കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കാണിക്കുന്ന ഈ കാലതാമസം സംഘടനയ്ക്കുള്ളിലെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ആഴത്തിലുള്ള പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നതാണ്. ജനാധിപത്യത്തിലെ വിജയത്തിന്റെ ആഘോഷ നിമിഷം ആശയക്കുഴപ്പത്തിന്റെയും, വിഭാഗീയ വിലപേശലിന്റെയും, കേന്ദ്രീകൃത അധികാര രാഷ്ട്രീയത്തിന്റെയും ഒരു പ്രദര്‍ശന വസ്തുവാക്കി മാറ്റിയതില്‍ രാഹുല്‍ ഗാന്ധി രാജ്യമൊട്ടാകെ ഉത്തരം പറയേണ്ടിവരും. ഭരണപരമായ ശരിയായ ദിശ ചൂണ്ടിക്കാണിക്കുകയും രാഷ്ട്രീയമായ ഒരു അസ്ഥിരതയ്ക്കും ഇടനല്‍കാതെയാണ് രാഷ്ട്രീയ സ്ഥിരത പ്രതീക്ഷിച്ച് കേരളത്തിലെ വോട്ടര്‍മാര്‍ വ്യക്തമായ വിധി പ്രസ്താവിച്ചത്. 140ല്‍ 102 എന്ന അതി ഗംഭീര വിജയം നല്‍കിയതിന് പക്ഷേ വോട്ടര്‍മാര്‍ക്ക് പകരം കിട്ടിയത് പകരം കിട്ടിയത് നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്വവും അടച്ചിട്ട വാതിലുകളിലെ ചര്‍ച്ചകളും അന്തിമ തീരുമാനത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന- മത്സരിക്കുന്ന അധികാര കേന്ദ്രങ്ങള്‍ എന്നിവയാണ്. ഈ കാലതാമസങ്ങള്‍ പറയാതെ പറയുന്നത് ജനങ്ങളുടെ തീര്‍പ്പിന് തീരെ വിലയില്ലെന്നും കോണ്‍ഗ്രസിന്റെ ആന്തരിക ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കും ഹൈക്കമാന്‍ഡ് കണക്കുകൂട്ടലുകള്‍ക്കും പിന്നിലാണ് വോട്ട് ചെയ്യുന്നവരുടെ താല്‍പര്യമെന്നുമാണ്.

ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ അവബോധമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ഈ ഗ്രൂപ്പ് കളിക്കുന്നവരും തങ്ങളുടെ നേതാവിനെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന ഗ്രൂപ്പ് അധികാര മോഹികളും ഹൈക്കമാന്‍ഡ് തന്നേയും മറക്കരുത്. കേരളത്തിലെ വോട്ടര്‍മാര്‍ സര്‍ക്കാരുകളെ തിരഞ്ഞെടുക്കുക മാത്രമല്ല, രാഷ്ട്രീയ ധാര്‍മ്മികത, നേതൃത്വ പക്വത, പ്രസ്ഥാനത്തിനുള്ളിലെ പെരുമാറ്റം എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ്. അത്തരമൊരു രാഷ്ട്രീയ ബോധമുള്ള അന്തരീക്ഷത്തില്‍, വ്യക്തമായ ഭൂരിപക്ഷത്തിനുശേഷം കാട്ടിക്കൂട്ടുന്ന ഈ ഗ്രൂപ്പ് അധികാര തര്‍ക്കം പ്രതിസന്ധി ഘട്ടങ്ങളില്‍ ഭരണത്തിലെ ഈ പാര്‍ട്ടിയുടെ കാര്യക്ഷമതയെക്കുറിച്ച് സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. തുടക്കത്തിലെ സംശയത്തിന്റെ നിഴലിലായൊരു ഭരണത്തേയും സര്‍ക്കാരിനേയുമാണ് ഇനി കേരളത്തിന് നിങ്ങളുടെ കാലതമാസം മൂലം നല്‍കാനാവുകയെന്ന് ഹൈക്കമാന്‍ഡ് മനസിലാക്കണം. ജനങ്ങളുടെ വിശ്വാസത്തെയാണ് കഴിഞ്ഞ 10 ദിവസമായി നിങ്ങള്‍ തച്ചുടയ്ക്കുന്നത്. ജനവിധിയാണ് നിങ്ങള്‍ അധികാര കൊതിയന്‍മാരുടെ സംഘടനാതലപ്പത്ത് ഇരുന്നു കൊണ്ടുള്ള നീക്കങ്ങള്‍ കൊണ്ട് ചോദ്യം ചെയ്യുന്നത്.

ഘടകകക്ഷികള്‍ ഒന്നടങ്കം ഈ അമാന്തത്തില്‍ വിമര്‍ശനം ഉന്നയിച്ച് ജനവിധി മാനിക്കണമെന്ന് പറഞ്ഞിട്ടും ചില നേതാക്കള്‍ മുന്നണി സമവാക്യത്തെ ഖണ്ഡിയ്ക്കും വിധം ഗ്രൂപ്പിലെ വിധേയത്വം കാണിക്കാന്‍ ഒപ്പം നിന്ന ഘടകകക്ഷികളേയും പിണക്കുന്ന പ്രതികരണം നടത്തുകയാണ്. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡില്‍ തീരുമാനം എടുക്കാന്‍ പാകത്തിരുന്ന ഒരാള്‍, സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനും മറ്റും സംഘടനയുടെ തലപ്പത്തിരുന്ന ആള്‍ ആ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവരുമ്പോള്‍ താനുണ്ടാക്കിയ ഗ്രൂപ്പ് വെച്ച് മുഖ്യമന്ത്രി കസേര ചോദിച്ചുവരുന്നത് ഏത് തട്ടില്‍ നിന്ന് നോക്കിയാലും അതീവ അനീതിയാണെന്നും അധാര്‍മ്മികതയാണെന്നും സാധാരണക്കാര്‍ക്ക് വരെ വ്യക്തമാകുന്നയിടത്ത് ഒരു തീരുമാനം എടുക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും കഴിയുന്നില്ലെങ്കില്‍ പക്വമായ ഒരു നേതൃത്വമായി അതിനെ കാണാനാവില്ല.

തങ്ങളുടെ വോട്ട് മേടിച്ച് കുലംകുത്തികളായി ഗ്രൂപ്പ് കളിയ്ക്ക് നിന്ന് കൊടുക്കുന്നുവെന്ന കടുത്ത അവജ്ഞ പല നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും നേര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണികളും സാധാരണക്കാരും തൊടുത്ത് വിട്ടു തുടങ്ങി കഴിഞ്ഞു. തങ്ങളുടെ തീരുമാനത്തിനെതിരായി നീങ്ങിയ എംഎല്‍എമാരെ തെരുവില്‍ കേരള ജനത തടയുന്ന കാലം വിദൂരമല്ലെന്ന് പലയിടങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പേജിലടക്കം കേരളം അതിന്റെ വികാരം തുറന്നുകാട്ടുന്നുണ്ട്.

Read more

ജനങ്ങള്‍ ഇത്തരത്തില്‍ അടിമുടി നനഞ്ഞിറങ്ങേണ്ടി വന്ന ഒരു അവസ്ഥ മറ്റൊരു പാര്‍ട്ടിയ്ക്കും ഉണ്ടാവുന്നില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം. അതിങ്ങനെ ഓരോ ദിവസം കഴിയുമ്പോഴും തുറന്നുകാട്ടപ്പെടുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അത് വലിയ പരിഹാസത്തോടെ അവതരിപ്പിക്കുകയാണ്. ഇനിയും തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ഈ കളികണ്ട് പുച്ഛിക്കുന്ന സ്ഥിതി ഉടലെടുക്കുകയാണ്. തങ്ങള്‍ വോട്ട് ചെയ്ത് ബഹുഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചവര്‍ തങ്ങളുടെ വികാരം മാനിക്കാതെ ഗ്രൂപ്പുകളിച്ച് ഉപതിരഞ്ഞെടുപ്പിന് ആക്കം കൂട്ടുന്നത് കണ്ടു മലയാളികള്‍ രോഷം ഉയര്‍ത്തുമ്പോള്‍ ഇവരെ ഞങ്ങളുടെ സംസ്ഥാനത്ത് ജയിപ്പിച്ചാലും ഞങ്ങളാഗ്രഹിച്ച ഭരണം കിട്ടുമോയെന്ന് മറ്റ് സംസ്ഥാനത്തെ വോട്ടര്‍മാര്‍ സ്വാഭാവികമായും ചിന്തിക്കും. പണ്ട് മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും നേരിട്ട ‘ഹൈക്കമാന്‍ഡിന്റെ കുരുതി’ ഈ രണ്ട് സംസ്ഥാനങ്ങളും ബിജെപിയുടെ കയ്യില്‍ കൊണ്ടുകൊടുപ്പിച്ചുവെന്ന ചരിത്രവും പലരും ഓര്‍ക്കുന്നുണ്ടാവും. അഞ്ച് കൊല്ലത്തിന് ശേഷവും കയ്യില്‍ മഷി പുരളേണ്ടവര്‍ ഇവിടെയുണ്ടെന്നും ഇന്ന് സിപിഎമ്മിന് കൊടുത്ത താക്കീത് കോണ്‍ഗ്രസിന് നല്‍കാന്‍ അത്രപോലും ഒരു മടി ഇടത് മനസുള്ള കേരളത്തിന് ഉണ്ടാവില്ലെന്നും ഓര്‍ത്താല്‍ നന്ന്.