ഭാരത് ജോഡോ യാത്ര, രാഹുല്‍ ലക്ഷ്യം കാണുമോ?

ദേശീയത തലത്തില്‍ കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയില്‍ തുടക്കമായി. കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തില്‍ നിന്ന് കാശ്മീര്‍ വരെ നീളുന്ന ആറ് മാസം കൊണ്ട് 3500 കിലോമീറ്ററലധികം പിന്നിടുന്ന ഈ യാത്രയുടെ ലക്ഷ്യം ദേശീയ തലത്തില്‍ ബി ജെ പിയും സംഘപരിവാറും ഉയര്‍ത്തുന്ന രാഷ്ട്രീയ ഭീഷണിക്കും ജനാധിപത്യ വിരുദ്ധതക്കും എതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ ബദല്‍ സൃഷ്ടിക്കുക എന്നതാണ്.

2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആഹ്വാനം ഇന്ത്യ മുഴുവനും മുഴങ്ങി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായിരുന്നു അധികാരത്തില്‍ വരുന്ന ഒരു സര്‍ക്കാര്‍ ഇനി ഈ രാജ്യത്ത് പ്രതിപക്ഷമേ വേണ്ടെന്ന തങ്ങളുടെ രാഷ്ട്രീയ നിലപാട് മുന്നോട്ട് വയ്കുന്നത്. 1952 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രതിപക്ഷം എന്ന് പറയാന്‍ കാര്യമായി ആരും ഉണ്ടായിരുന്നില്ല. സോഷിലിസ്‌ററുകളും കമ്യുണിസ്റ്റുകളും ഒക്കെ ചേര്‍ന്ന് ഏതാണ്ട് 30 ല്‍ താഴേ അംഗങ്ങള്‍ മാത്രമേ പ്രതിപക്ഷ ബഞ്ചില്‍ ഉണ്ടായിരിന്നുള്ളു. എന്നാല്‍ ക്രിയാത്മകമായ പ്രതിപക്ഷമുണ്ടെങ്കിലേ ജനാധിപത്യം സാര്‍ത്ഥകമാകൂ എന്ന് നെഹ്‌റു വിശ്വസിച്ചിരുന്നത് കൊണ്ട് അന്നത്തെ കമ്യുണിസ്റ്റ് നേതാവ് എ കെ ഗോപാലന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം നല്‍കിയെന്ന് മാത്രമല്ല എ കെ ജി പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ പണ്ഡിറ്റ് നെഹ്‌റു മറ്റെല്ലാം ജോലികളും മാറ്റി വച്ചു അത് സാകൂതം ശ്രദ്ധിക്കാന്‍ തന്റെ സീറ്റില്‍ വന്നിരിക്കുമായിരുന്നു.

കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോള്‍ നേരിടുന്നത്. ബി ജെ പി യും സംഘപരിവാറും അതി ഹൈന്ദവതയെ മുറകെപ്പിടിച്ചു കൊണ്ട് തങ്ങളുടെ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോവുകയാണ്. ന്യുനപക്ഷ വിരുദ്ധതയാണ് ആ രാഷ്്ട്രീയത്തിന്റെ മുഖമുദ്ര. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യയില്‍ ഏത് സംസ്ഥാനത്ത് അധികാരത്തിലേറിയാലും അവിടെയെല്ലാം കോടികള്‍ വാരിയെറിഞ്ഞുകൊണ്ട് ആ സര്‍ക്കാരുകളെ അട്ടിമറിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് ബി ജെ പി പയറ്റുന്നത്. അതോടൊപ്പം കോണ്‍ഗ്രസില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. നിരവധി മുതിര്‍ന്ന നേതാക്കള്‍, അവരില്‍ പലരും ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കുമൊപ്പം അടിയുറച്ച് നിന്നവര്‍ കൂടിയാണ,് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തോട്് ശക്തിയായ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് പാര്‍ട്ടിക്ക് പുറത്തേക്ക് പോവുകയാണ്.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയാടിത്തറ നന്നേ ദുര്‍ബലമാണ്. ബൂത്ത് മണ്ഡലം തലങ്ങളില്‍ യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ സുസജ്ജമാക്കാന്‍ നേതൃത്വത്തിന് കഴിയുന്നുമില്ല. ഇതൊക്കെയായാലും നരേന്ദ്രമോദിയെയും സംഘപരിവാറിനെയും അതിശക്തമായി എതിര്‍ക്കുന്ന കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അത്രയും ആത്മാര്‍ത്ഥത ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും കാണിക്കുന്നില്ലന്ന സത്യം നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് മുക്തി ഭാരതം തങ്ങളുടെ ലക്ഷ്യമാണെന്ന് മോദിയും സംഘവും അവര്‍ത്തിച്ച് പറയുന്നതും.

തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള അവസാന അവസരമായാണ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പാര്‍ട്ടി നേതാക്കളും സമൂഹവും കാണുന്നത്. ഇന്ത്യയെ ഇന്ന് കാണുന്ന ശക്തിമത്തായ രാഷ്ട്രമാക്കി തീര്‍ത്തതില്‍ കോണ്‍ഗ്രസിസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. നെഹ്‌റു തുടക്കമിട്ട മഹത്തായ ഭാരത സൃഷ്ടിയുടെ ബാക്കി പത്രമാണ് നാം ഇന്ന് കാണുന്ന ഇന്ത്യയുടെ മഹത്തായ സ്ഥാപനങ്ങളെല്ലാം. അത് കൊണ്ട് തന്നെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഈ പദയാത്രക്ക് വലിയ ദേശീയ സാമൂഹിക പ്രധാന്യം തന്നെയുണ്ട്. ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും വൈവിധ്യവും നിലനിര്‍ത്താനുള്ള വലിയ പോരാട്ടത്തിന് കോണ്‍ഗ്രസ് മാത്രമല്ല ഇന്ത്യയിലെ എല്ലാ മതേതര ജനാധിപത്യ ശ്ക്തികളും സന്നദ്ധരാകേണ്ടതുണ്ട്.

രാജ്യം മുഴുവന്‍ വേരുകളുള്ള ഏക മതേതര പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എല്ലാ ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നു.എന്നാല്‍ തിരുത്താന്‍ കോണ്‍ഗ്രസിന് വളരേയെറെയുണ്ട്. നെഹ്‌റു കുടുംബത്തിന് ഇന്ത്യയില്‍ ഇപ്പോള്‍ കാര്യമായ സ്വാധീനമോ ജനങ്ങള്‍ക്കിടയില്‍ ആകര്‍ഷകത്വമോ ഇല്ല. പഴയ പാരമ്പര്യത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ കൊണ്ട് ഇന്ത്യയില്‍ ഇനി യാതൊരു പ്രയോജനവുംഇല്ല. ജനങ്ങള്‍ വലിയതോതില്‍ മാറിക്കഴിഞ്ഞു. കോണ്‍ഗ്രസിനെ കൂടുതല്‍ ജനാധിപത്യപരമാക്കണം, അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ആഴമേറിയതുമാകണം. രാഷ്ട്രീയം എന്നത് വളരെ കഠിനാധ്വാനം വേണ്ട ജോലിയാണ്. നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ കൈവിട്ട് നാടുവിടുന്നുവെന്ന ചീത്ത പേര് രാഹുല്‍ഗാന്ധിക്കുണ്ട്. അത് മാറ്റിയെടുക്കണം, അതോടൊപ്പം തന്നെ കോണ്‍ഗ്രസിലെ എല്ലാ തലത്തിലും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണം. അതിലൂടെ പുതിയ നേതൃത്വം ഉയര്‍ന്നുവരണം. എങ്കില്‍ മാത്രമേ കോണ്‍ഗ്രസില്‍ നിന്ന് ഇന്ത്യന്‍ ജനതക്ക് എ്‌ന്തെങ്കിലും പ്രതീക്ഷിക്കാന്‍ കഴിയു.

വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികാര വിചാരങ്ങള്‍ ഈ യാത്രയിലൂടെഅടുത്തറിയാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കണം. ആര്‍ എസ് എസിനെയാണ് തനിക്ക് അപ്പുറത്ത് നേരിടാനുള്ളതെന്ന ബോധ്യം അദ്ദേഹത്തിനുണ്ടാവുകയും വേണം. കഴിഞ്ഞ നൂറുവര്‍ഷക്കാലമായി ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍ എസ് എസ്. അവരാണ് മോദിയെയും അമിത്ഷായെയും ഒക്കെ സൃഷ്ടിച്ചതും മുന്നോട്ട് നയിക്കുന്നതും . തികഞ്ഞ വലതു വര്‍ഗീയ പ്രത്യയശാസ്ത്രമാണ് അവരുടെ അടിത്തറ. അധികാരം സൃഷ്ടിച്ച് നല്‍കിയ എല്ലാ ആയുധങ്ങളും നിര്‍ദാക്ഷണ്യം തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന അവരെ നേരിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അത് കൊണ്ട് തന്നെ രാഹുലിന്റെ മുമ്പിലുളളത് ഒരു ഹിമാലയന്‍ ദൗത്യമാണ്. ഇതില്‍ അദ്ദേഹം വിജയിച്ചാല്‍ കോണ്‍ഗ്രസ് നിലനില്‍ക്കും അതിലൂടെ ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ മതേതര രാഷ്ട്രവും നിലനില്‍ക്കും, അല്ലങ്കില്‍ ഇന്ത്യയുണ്ടാകുമെങ്കിലും ആ ഇന്ത്യ നമ്മളെ ഭയപ്പെടുത്തുന്ന ഇന്ത്യയായിരിക്കും.