മധ്യപ്രദേശിലെ ജബല്‍പൂരില്‍ വിഎച്ച്പിയായിരുന്നെങ്കില്‍ ഛത്തീസ്ഗഡിലേക്ക് വരുമ്പോള്‍ ബജ്‌റംഗിദളാണ്. വേട്ടയാടപ്പെട്ടത് വൈദികരും കന്യാസ്ത്രീകളും. ആദ്യത്തേത് കയ്യൂക്ക് കൊണ്ടുള്ള ആക്രമണമായിരുന്നെങ്കില്‍ ഇപ്പോഴത്തേത് ഭരണസംവിധാനങ്ങളെ കൂട്ടുപിടിച്ചുള്ള കേസാണ്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകള്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം. ക്രൈസ്തവ മേലധ്യക്ഷന്മാര്‍ കേരളത്തിലടക്കം ബിജെപി പ്രീണന സമീപനം നടത്തുന്ന കാലത്താണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവ സമൂഹം മുമ്പില്ലാത്ത വിധം ആക്രമിക്കപ്പെടുന്നത്. അരമന തോറും കേക്കും മാതാവിന് സ്വര്‍ണ കിരീടവുമൊക്കെ കൊണ്ട് കേറിയിറങ്ങുന്നവരുടെ മനസിലിരിപ്പ് ഇനിയും മനസിലായില്ലേ എന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം കുറിക്ക് കൊള്ളുന്നതും അതുകൊണ്ടാണ്.
ക്രൈസ്തവ വോട്ടുകള്‍ കേരളത്തില്‍ പിടിക്കാന്‍ പഠിച്ച പണി 18ഉം ഒപ്പം തൃശൂരിലെ ലോക്‌സഭ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി ബിജെപിയ്ക്ക് തുണയായെന്ന വിശകലനത്തില്‍ ക്രൈസ്തവ സമുദായാംഗമായൊരു കേന്ദ്രമന്ത്രിയെ കൂടി നല്‍കി ബിജെപി ശ്രമിക്കുന്നതിനിടയിലാണ് അങ്ങ് വടക്കേ ഇന്ത്യയില്‍ സംഘപരിവാരത്തിന്റെ തനിസ്വഭാവം അടിക്കടി പ്രകടമാകുന്നത്. എന്നിട്ടും കിട്ടിയ മന്ത്രിസ്ഥാനവും സ്ഥാനമാനങ്ങളും അളന്ന് തൂക്കുമ്പോള്‍ അരമനകളില്‍ ബിജെപിയ്ക്കനുകൂല സമീപനങ്ങള്‍ പലപ്പോഴും പുറത്തുവരുന്നത് ക്രൈസ്തവ സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാണിക്കാനും വിമര്‍ശിക്കാനും ഈ അവസരം ചിലരെങ്കിലും ഉപയോഗപ്പെടുത്തുന്നുണ്ട്. മണിപ്പൂരിലടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോഴും ഇവിടെ ബിജെപിയോട് മൃദുസമീപനം കാട്ടിയവരോട് സമുദായത്തിനുള്ളിലും പുറത്തും ചിലരെങ്കിലും കലഹിക്കുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചത് ബിജെപിയുടെ മനസിലിരുപ്പ് തിരുമേനിമാര്‍ക്ക് ബോധ്യപ്പെടണ്ടേ? എന്നാണ്. തിരുമേനിമാര്‍ക്ക് മോദിയോട് പരാതിപ്പെടാന്‍ ധൈര്യമില്ലേ എന്നും സിപിഎം നേതാവ് ചോദിക്കുന്നുണ്ട്. തിരുമേനിമാര്‍ ആരും പ്രതിഷേധിച്ചുപോലും കണ്ടില്ലെന്നും ‘പാവപ്പെട്ട ക്രിസ്ത്യാനികള്‍ അനുഭവിക്കട്ടെ എന്നാകും നിലപാടെന്നും തുറന്നടിക്കാനും മന്ത്രി മടിച്ചില്ല. സഭാ മേലധ്യക്ഷന്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും മുഖപ്രസംഗം എഴുതി അരമനയില്‍ കയറി ഒതുങ്ങിയിരുന്നാല്‍ പരിഹാരമാകുമോയെന്നും വി ശിവന്‍കുട്ടി വിമര്‍ശിക്കുന്നുണ്ട്.
കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്നതിനൊപ്പം പ്രതിപക്ഷത്തേയും കൊച്ചാക്കി വഴിപാട് പ്രതിഷേധമെന്ന് പറഞ്ഞാണ് ദീപികയുടെ മുഖപ്രസംഗം. രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ബന്ദികളാക്കിയതെന്ന് ദീപിക മുഖപ്രസംഗം വിമര്‍ശിക്കുന്നു. ‘
തടയനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീര്‍വാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാള്‍സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുകയാണ്.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാന്‍ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകള്‍ റെയില്‍വേസ്റ്റേഷനില്‍ ആള്‍ക്കൂട്ട വിചാരണ നടത്തുക, പിന്നീട് കര്‍ശന നിര്‍ദേശത്തോടെ പോലീസിന് കൈമാറുക. മതരാജ്യങ്ങളില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോ എന്ന ചോദ്യവും ദീപിക മുഖപ്രസംഗത്തിലുണ്ട്. ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണെന്നും കത്തോലിക്ക സഭയുടെ മുഖപ്രസംഗം പറയുന്നുണ്ട്. എന്നിട്ട് ഇതൊക്കെ അറിഞ്ഞുവെച്ചിട്ടാണോ ബിജെപിയ്ക്ക് അനുകൂല സമീപനം അരമനകളില്‍ നിന്ന് ഉണ്ടായതെന്ന ചോദ്യം സ്വാഭാവികമായും ആളുകളുടെ നാവിന്‍തുമ്പിലെത്തും. അതെല്ലാം അവിടെ വെച്ചാലും ഛത്തീസ്ഗഡിലെ സംഭവം ജനാധിപത്യത്തിന്റെ ലംഘനമാണ്. ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ സാമുദായിക സംഘടനയെ വിളിച്ചുവരുത്തി അവരുടെ രീതിയില്‍ കാര്യം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത് മോദി ഭരണത്തിലെ മാറുന്ന ഇന്ത്യയുടെ കാഴ്ചയാണ്.
Read more
ബജ്‌റംഗ്ദള്‍ എന്ന സംഘടന ഇതിന് മുമ്പും അരുംകൊലയുടെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ട പേരാണ്. ക്രിസ്ത്യന്‍ മിഷണറിയായ ഗ്രെഹാം സ്റ്റെയിന്‍സിനെയും കുഞ്ഞുങ്ങളേയും ചുട്ടുകൊന്ന സംഘമാണ് അവര്‍. 1999 ജനുവരി 22നാണ് ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ മക്കളെയും ഒരുകൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒഡീഷയില്‍ കാറിലിട്ട് ചുട്ടുകൊന്നത്. ആ സംഘടനയും അതുപോലുള്ള ഒട്ടനവധി ഹിന്ദുത്വ തീവ്ര സംഘടനളുമാണ് ബിജെപി ഭരണകാലത്ത് മറകൂടാതെ വര്‍ഗീയ വിഷം ചീറ്റി ഭരണസംവിധാനങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതെ ബിജെപി പാര്‍ലമെന്റില്‍ വിഷയം തള്ളിക്കളഞ്ഞിട്ടുണ്ട്. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു, കേരള എംപിമാര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും തള്ളിക്കളയുകയാണ് ചെയ്തത്. പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിര്‍ത്തിവയ്ക്കുകയായിരുന്നു ഭരണകൂടം.