കുരുതിയുടെ ശതാബ്ദി, മറക്കില്ലൊരിക്കലും ജാലിയന്‍വാലാ ബാഗ്

സെബാസ്റ്റ്യന്‍ പോള്‍

ആ കൂട്ടക്കൊലയ്ക്ക് നൂറു വയസാകുന്നു. ജാലിയന്‍വാലാ ബാഗില്‍ ബ്രിട്ടീഷുകാരനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനള്‍ ഡ് ഡയര്‍ നല്‍കിയ ഫയര്‍ ഉത്തരവില്‍ 379 പേര്‍ കൊല്ലപ്പെടുകയും 1,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം ഇന്ത്യയുടെ കണക്കില്‍ ആയിരം കവിയും. സ്വാതന്ത്ര്യസമരത്തിലെ ചോരയും കണ്ണീരും വീണ അധ്യായമായി, ഉണങ്ങാത്ത മുറിവോര്‍മ്മയായി അമൃതസറിലെ ആ മൈതാനം
മാറിയത് 1919 ഏപ്രില്‍ പതിമൂന്നിനായിരുന്നു.

ഫൂലന്‍ ദേവിയൊത്താണ് ഞാന്‍ 1997ല്‍ ജാലിയന്‍വാലാ ബാഗ് സന്ദര്‍ശിച്ചത്. അന്ന് ലോക്‌സഭയില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. ചമ്പല്‍ക്കാടുകളെ ത്രസിപ്പിച്ച കുതിരക്കുളമ്പടികളും ചമ്പല്‍ ഗ്രാമങ്ങളെ വിറപ്പിച്ച വെടിയൊച്ചകളും മുഖരിതമാക്കിയ ഭൂതകാലം ഫൂലന്‍ ദേവിക്കുണ്ടായിരുന്നു. പക്ഷേ ജാലിയന്‍വാലാ ബാഗിലെ കൊലക്കിണറും വെടിപ്പാടുകളും കണ്ട വനറാണിയുടെ മനസ് തേങ്ങി. തേങ്ങലും നെടുവീര്‍പ്പുമില്ലാതെ ആര്‍ക്കും അവിടെ നില്‍ക്കാനാവില്ല. സുവര്‍ണക്ഷേത്രത്തിനടുത്തുള്ള ജാലിയന്‍വാലാ മൈതാനത്ത് ആ സായാഹ്നത്തില്‍ 15,000 പേര്‍ സമ്മേളിച്ചിരുന്നു. വസന്തത്തിന്റെ വിളവെടുപ്പ് കഴിഞ്ഞ് പഞ്ചാബി കര്‍ഷകര്‍ നിറഞ്ഞ മടി
ശീലകളുമായി പട്ടണങ്ങളിലെത്തുന്ന സമയം. സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാനാണ് അവര്‍ അമൃതസറിലെത്തുന്നത്. വെയില്‍ കുറയുന്നതു വരെ അവര്‍ ജാലിയന്‍വാലാ ബാഗില്‍ വിശ്രമിക്കും.
കരിനിയമമെന്ന് വിശേഷിപ്പിക്കപ്പെട്ട റോലറ്റ് നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സമയമായിരുന്നു അത്. ജാലിയന്‍വാലാ മൈതാനത്തിന്റെ ഒരു വശത്ത് അത്തരം ഒരു പ്രതിഷേധയോഗവും നടക്കുന്നുണ്ടായിരുന്നു. അവിടേയ്ക്കാണ് 90 ഗൂര്‍ഖാ പടയാളികളുമായി ഡയര്‍ മാര്‍ച്ച് ചെയ്‌തെത്തിയത്. അയാളുടെ നോട്ടത്തില്‍ നിരോധനാജ്ഞ ലംഘിച്ച് നിയമവിരുദ്ധമായി കൂട്ടം കൂടിയവരായിരുന്നു

വൈശാഖി ആഘോഷിക്കാനെത്തിയ കര്‍ഷകക്കൂട്ടങ്ങള്‍. അവര്‍ക്കു നേരേയാണ് പിരിഞ്ഞു പോകുന്നതിനുള്ള മുന്നറിയിപ്പു പോലും നല്‍കാതെ ഫയര്‍ എന്ന് ഡയര്‍ ആക്രോശിച്ചത്. ആ ആക്രോശത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്ഥിവാരം ഇളകി.

ദക്ഷിണാഫ്രിക്കയില്‍നിന്ന് ഗാന്ധി ഇന്ത്യയിലെത്തി നാലാം വര്‍ഷമായിരുന്നു ജാലിയന്‍വാലാ ബാഗ്. റോലറ്റ് നിയമത്തിനെതിരെ രാജ്യവ്യാപകമായി വിജയകരമായ ഹര്‍ത്താല്‍ നടത്തി ശ്രദ്ധേയനായ ഗാന്ധി ഇതോടെ സ്വാ
തന്ത്ര്യസമരത്തിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നു.

ജാലിയന്‍വാലാ ബാഗ് കുരുതിയില്‍ പ്രതിഷേധിച്ച് രബീന്ദ്രനാഥ ടാഗോര്‍ സര്‍ പദവി ബ്രിട്ടന് തിരികെ നല്‍കി.  ഡയറെ ബ്രിട്ടനിലെ സൈനികകോടതി കുറ്റക്കാരനായി കണ്ടെത്തി. സൈന്യത്തില്‍നിന്നു വിരമിച്ച ഡയര്‍ പക്ഷാഘാതം വന്ന് മരിച്ചു.

 

ഡയറിന് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ച പഞ്ചാബിലെ ഡപ്യൂട്ടി കമ്മീഷണര്‍ മൈക്കല്‍ ഒഡ്വയറിനെ 21 കൊല്ലം
കഴിഞ്ഞ് ലണ്ടനിലെ കാക്‌സറ്റണ്‍ ഹാളില്‍ സര്‍ദാര്‍ ഉധാം സിങ് വെടിവെച്ചുകൊന്നു. ജാലിയന്‍വാലാ ബാഗിലെ നൃശംസതയ്ക്ക് ദൃക്‌സാക്ഷിയായിരുന്നു ഉധാം സിങ്.

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമെന്നാണ് 2013ല്‍ അമൃതസറിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ജാലിയന്‍വാലാ ബാഗ്
കുരുതിയെ വിശേഷിപ്പിച്ചത്. ഇതിലുപരിയായി ബ്രിട്ടനില്‍
നിന്ന് ഔപചാരികമായ ഖേദപ്രകടനം ഈ വിഷയത്തില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പലവട്ടം ബ്രിട്ടന്‍ അത് പറയാതെ പറഞ്ഞു കഴിഞ്ഞു. എലിസബത്ത് രാജ്ഞി ജാലിയന്‍വാലാ ബാഗ് സന്ദര്‍ശച്ചതു തന്നെ പ്രത്യക്ഷത്തിലുള്ള മാപ്പപേക്ഷയല്ലേ?

ആറര ഏക്കര്‍ വിസ്തൃതിയുള്ള ജാലിയന്‍വാലാ ബാഗ് ഇന്ന് ഒരു സ്മാരക ട്രസ്റ്റിന്റെ കൈവശമാണ്.
ട്രസ്റ്റിന്റെ ചുമതലക്കാരനാണ് സുകുമാര്‍ മുഖര്‍ജി.
നിണമണിഞ്ഞ മണ്‍തരികളിലൂടെ തീര്‍ത്ഥയാത്ര പൂര്‍ത്തിയാക്കി

ഞങ്ങള്‍ സുകുമാര്‍ മുഖര്‍ജിയുടെ ഓഫീസിലെത്തിയപ്പോള്‍
അദ്ദേഹം സന്ദര്‍ശക പുസ്തകം തുറന്നു. കാഞ്ചി വലിക്കുമ്പോള്‍ വിറയ്ക്കാത്ത ഫൂലന്‍ ദേവിയുടെ വിരലുകള്‍ക്കിടയില്‍ പേനയ്ക്ക് നിയന്ത്രണമുണ്ടായില്ല. രജിസ്റ്ററില്‍ ഫൂലന്‍ ദേവി എന്ന പേര്
ഞാന്‍ എഴുതിക്കൊടുത്തു. അക്ഷരങ്ങള്‍ കൊണ്ടല്ല വെടിയുണ്ടകള്‍ കൊണ്ടാണ്
ഫൂലന്‍ ദേവി വാക്യങ്ങള്‍ ചമച്ചിരുന്നത്.

1857ല്‍ തുടങ്ങി 1947ല്‍ അവസാനിച്ച സ്വാതന്ത്ര്യത്തിലേക്കുള്ള ജനതയുടെ കുതിച്ചോട്ടത്തില്‍ പ്രധാനപ്പെട്ട സ്റ്റേഷനായിരുന്നു ജാലിയന്‍വാലാ ബാഗ്. അവിടെ ഉതിര്‍ന്ന വെടിയുണ്ടകള്‍ക്ക് വെടിയുണ്ട കൊണ്ടുതന്നെയാണ് ഇന്ത്യന്‍ വിപ്‌ളവകാരികള്‍ മറുപടി നല്‍കിയത്.