വ്‌ളോഗർ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിൽ? ഇന്ത്യൻ എംബസിയോട് സഹായം തേടി അരുണിമ
അഫ്ഗാനിസ്താനിൽ വ്‌ളോഗർ അരുണിമയെ താലിബാൻ അറസ്റ്റ് ചെയ്തതായി സൂചന. ബാമ്യനിൽ താൻ ചില പ്രശ്‌നങ്ങളിൽ അകപ്പെട്ടിരിക്കുകയാണെന്ന് സൂചിപ്പിച്ച് അരുണിമ ഫേസ്ബുക്കിൽ സഹായാഭ്യർഥന നടത്തി. തനിക്ക് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് അരുണിമ അടിയന്തര സഹായം തേടിയത്.മുജാഹിദീനാൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് സന്ദേശത്തിലെ വിവരം.
ആവശ്യമായ ഔദ്യോഗിക രേഖകളോ കത്തോ കൈവശമില്ലാത്തതാണ് അറസ്റ്റിന് കാരണമെന്നും പഷ്തു ഭാഷയിലുള്ള സന്ദേശത്തിൽ വ്യക്തമാക്കുന്നു. സന്ദേശം ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് അരുണിമ പങ്കുവെച്ചത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ കഴിയുന്നവർ സഹായിക്കണമെന്നും അരുണിമ അഭ്യർഥിച്ചു. പിന്നാലെ ശശി തരൂർ എംപി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ മന്ത്രാലയം എന്നിവരെ നിരവധി പേർ പോസ്റ്റിൽ മെൻഷൻ ചെയ്തു.
അഫ്ഗാനിസ്താനിൽ ഏറെ നാളായി തുടരുകയാണ് അരുണിമ. രാജ്യത്തെ ജനങ്ങളുടെ ജീവിതവും താലിബാൻ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങളിലുള്ള വീഡിയോകൾ അരുണിമ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. താലിബാൻ ഭരണകൂടത്തോടുള്ള ജനങ്ങളുടെ ഭയം, വസ്ത്രസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ അരുണിമയുടെ പരാമർശങ്ങൾ നേരത്തെ ചർച്ചയായിരുന്നു.
തിരിച്ചടികളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ സിപിഎമ്മിന്റെ മാസ്റ്റർ സ്ട്രോക്ക്; പി ജയരാജൻ നേതൃത്വത്തിലേക്ക് എത്തുമ്പോൾ കേരളം കാത്തിരിക്കുന്ന മാറ്റങ്ങൾ
‘പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കും’; എംവി ഗോവിന്ദൻ