Tuesday, 15 September 2026
‘Honest storytelling is a powerful means of change
06:26:07 PM IST
Kerala

പി രാജീവ് എല്‍ഡിഎഫ് കണ്‍വീനറാകും; സിപിഎമ്മില്‍ മാറ്റത്തിന്റെ അഴിച്ചുപണി; എം വി ഗോവിന്ദന് ശാസന; വ്യക്തിപരമായും സംഘടനപരമായും ഗോവിന്ദന് വീഴ്ച പറ്റിയെന്ന് എംഎ ബേബി

ന്യൂസ് ഡെസ്ക് 15 September 2026, 4:56 pm
SHARE

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന. ഉത്തരവാദിത്തങ്ങള്‍ വേണ്ട വിധത്തില്‍ നടപ്പാക്കുന്നതില്‍ സെക്രട്ടറിക്ക് വീഴ്ച വന്നതായും കണ്ണൂര്‍ ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചയില്‍ സെക്രട്ടറിക്ക് വ്യക്തിപരമായും സംഘടനാപരമായും ഉത്തരവാദിത്തം ഉണ്ടെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. ഗോവിന്ദന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നടപടി. സംസ്ഥാന സെക്രട്ടറിക്കെതിരേ നടപടിയുണ്ടാകുന്നത് അപൂര്‍വമാണ്. തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയുടെ അടിത്തട്ടില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിച്ചത് എം.വി. ഗോവിന്ദനായിരുന്നു. മൂന്ന് തിരഞ്ഞെടുപ്പിലും ദയനീയ പരാജയമായിരുന്നു സിപിഎമ്മിന്റേത്. ഇത് യോഗത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കി. സംഘടനാതലത്തില്‍ വീഴ്ച ഉണ്ടായെന്നും പ്രസ്താവനകള്‍ പ്രതിരോധത്തിലാക്കിയെന്നും വിമര്‍ശനങ്ങളുയര്‍ന്നു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി. ഗോവിന്ദന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. മാധ്യമങ്ങളെയും ജനങ്ങളേയും കൈകാര്യംചെയ്യുന്ന കാര്യത്തില്‍ പല വീഴ്ചകളും ഉണ്ടായെന്നും വിശാല യോഗത്തില്‍ വിമര്‍ശനമുണ്ടായി.

ശൈലിമാറ്റത്തിന് പിണറായി വിജയന്‍ തയാറാകണമെന്ന നിര്‍ദേശവും ഉയര്‍ന്നു. പാര്‍ട്ടി സംഘടനാ സംവിധാനം അഴിച്ചുപണിയണം എന്ന ആശയങ്ങളില്‍ ഊന്നി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായത്. വിശാല സംസ്ഥാന സമിതിയുടെ ഭാഗമായി വൈകിട്ട് കോഴിക്കോട് ബീച്ചില്‍ ബഹുജന റാലി നടക്കും.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും സുപ്രധാന മാറ്റങ്ങളും സിപിഎം വിശാല സമിതി യോഗത്തില്‍ തീരുമാനിക്കപ്പെട്ടു. നാലു പേരെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. സംസ്ഥാന സമ്മേളനങ്ങളില്‍ നിന്ന് വിഭിന്നമായി വിശാല സമിതി യോഗമാണ് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും പുനഃസംഘടിപ്പിക്കുന്ന അസാധാരണ നടപടി സ്വീകരിച്ചത്. ചര്‍ച്ചകളില്‍ ഉയര്‍ന്ന തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായാണ് നേതൃനിരയിലെ ഈ മുഖംമിനുക്കല്‍ എന്നാണ് വിലയിരുത്തല്‍. ‘വിപുലീകരിച്ചു’ എന്ന പദമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും നടത്തിയ മാറ്റങ്ങള്‍ സൂചിപ്പിച്ച് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നത്.

പി ജയരാജന്‍ ശക്തനായി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയെന്ന പ്രത്യേകതയുമുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാന കമ്മറ്റിയില്‍ തുടരുന്ന പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തിയത് ചെറിയ മാറ്റമല്ല. പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് അവയ്‌ലബിള്‍ പിബിയില്‍ അശോക് ധാവ്‌ളെ നിലപാട് എടുത്തു. കണ്ണൂരില്‍ നിന്ന് പി. ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി. ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം.ബി രാജേഷ് എന്നിവരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ് കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവ് എന്ന പരിഗണനയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. എല്‍ഡിഎഫ് കണ്‍വീനറെ മാറ്റാനും ധാരണയായി. ടി പി രാമകൃഷ്ണനെ മാറ്റി പി. രാജീവിനെ എല്‍ഡിഎഫ് കണ്‍വീനറായി നിയോഗിക്കാനും ധാരണയായി.

പി ജയരാജന് പുറമേ എംബി രാജേഷ്, വി ശിവന്‍കുട്ടി എന്നിവരെകൂടി സെക്രട്ടറിയേറ്റിലേക്ക് ഉള്‍പെടുത്തിയപ്പോള്‍ തോമസ് ഐസകിനെയും ടിപി രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് സിപിഎം ഒഴിവാക്കി. യുവതലമുറയെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സമിതി പുതുക്കിയത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 9പേരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി ഉന്നത നേതൃത്വത്തില്‍ തന്നെ തിരുത്തല്‍ വേണമെന്ന പോളിറ്റ്ബ്യൂറോ നിലപാടാണ് പുനഃസംഘടനയിലേക്ക് എത്തിച്ചത്. വീഴ്ചകളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ ശാസിക്കാന്‍ തീരുമാനിച്ചത് അവയ്‌ലബിള്‍ പിബിയാണ്.

സംസ്ഥാന സമിതിയിലെ പുതിയ ക്ഷണിതാക്കള്‍ ഇവരാണ്. എം.വിജിന്‍, ജെയ്ക് സി. തോമസ്, പി. എസ്. സഞ്ജീവ്, ആദര്‍ശ് എം. സജി, എം. ശിവപ്രസാദ്, ഒ. എസ്. അംബിക, എന്‍. സുകന്യ, സുബൈദ ഇസഹാക്ക്, പ്രഭാവര്‍മ, സൂസന്‍ കോടി വീണ്ടും സമിതിയില്‍ തിരിച്ചെത്തി.

മൂന്നുദിവസത്തെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം കോഴിക്കോട്ട് നിന്ന് പുതിയ മുഖവുമായി ജനങ്ങളിലേക്ക് ഇറങ്ങുകയാണ് സിപിഎം. ഇതിന്റെ ആദ്യ സൂചനയാണ് പാര്‍ട്ടി നേതൃനിരയിലെ പുനഃസംഘടന.

s
ന്യൂസ് ഡെസ്ക്
View all posts →