യുഎസ് സഖ്യകക്ഷിയുടെ മണ്ണില്‍ മുമ്പുണ്ടാകാത്ത ഒരു ആക്രമണം, ഇസ്രയേല്‍ സന്ദേശമെന്ത്?

മിഡില്‍ ഈസ്റ്റില്‍ രാജ്യങ്ങളെ അസ്ഥിരമാക്കി കാലങ്ങളായി നടക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കിടയില്‍ ആദ്യമായി ഒരു ഗള്‍ഫ് രാഷ്ട്രത്തിന് നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം നടത്തി. യുഎസ് സഖ്യകക്ഷിയായ ഒരു രാജ്യത്തിന്റെ മണ്ണിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയെന്നത് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിക്കുകയും ചെയ്തു. പലസ്തീനുമായി കാലാകാലങ്ങളായുള്ള യുദ്ധവും സംഘര്‍ഷവും തുടരുമ്പോഴും ഗള്‍ഫ് രാജ്യങ്ങളോടു നേരിട്ട് ഏറ്റുമുട്ടലിന് തുനിയാതിരുന്ന ഇസ്രയേല്‍ ഖത്തറിന്റെ പരാമാധികാരത്തിന് മേല്‍ കടന്നാക്രമണം നടത്തിയതിന്റെ പിന്നിലെ സന്ദേശമെന്തായിരിക്കുമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാകുന്നത്. മുമ്പുണ്ടാകാത്ത വിധം ആദ്യമായി എന്ത് കൊണ്ട് ഇസ്രയേല്‍ ദോഹയില്‍ വ്യോമാക്രമണം നടത്തി?. ഗാസ സംബന്ധിച്ച് സമാധാന മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിന് മുന്‍കൈയ്യെടുക്കുന്ന ഖത്തറിന് മേല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം അര്‍ത്ഥമാക്കുന്നതെന്താണ്?. ഗാസയില്‍ സമാധാന ഉടമ്പടിയ്ക്ക് സാധ്യത ഇല്ലാത്ത വിധം ഒരു മുന്നേറ്റത്തിനാണോ ഇസ്രയേല്‍ കോപ്പുകൂട്ടുന്നത്?