ട്രംപിന്റെ വൈറ്റ് ഹൗസിന്റെ മലക്കം മറിച്ചിലും പുടിന്റെ നിശബ്ദ ജയഭേരിയും!

അമേരിക്ക- റഷ്യ എന്നീ ശീതസമര കാലഘട്ടങ്ങളില്‍ അമേരിക്കയുടെ നടപടി പ്രകീര്‍ത്തിച്ചും പാടിപ്പുകഴ്ത്തിയും യുഎസ് പ്രസിഡന്റിന് ഹീറോ പരിവേഷം നല്‍കിയും റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവനടക്കം പ്രതികരിച്ചത് ഈ സന്ദര്‍ഭത്തല്‍ മാത്രമാകും. അമേരിക്കയ്ക്ക് റഷ്യന്‍ പിന്തുണ കിട്ടിയ നയതന്ത്ര ലോകത്തെ ചുരുക്കം സന്ദര്‍ഭം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ നിര്‍ദാക്ഷണ്യം നേരിട്ടപ്പോള്‍ അമേരിക്കന്‍ ഭരണകൂട മാറ്റത്തിന് ശേഷം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന യുഎസ്- യുക്രെയ്ന്‍ നയതന്ത്ര സഖ്യത്തിന് വളരെ നാടകീയമായ വിള്ളല്‍ പരസ്യമായി തന്നെ നേരിട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ ഇടപെടല്‍ തന്ത്രപരമായ മുന്‍തൂക്കം യുക്രെയ്ന്‍ വിഷയത്തില്‍ നല്‍കി. ഇപ്പോള്‍ തോല്‍പ്പിയ്ക്കാമെന്ന് കരുതി തുടങ്ങിയ റഷ്യന്‍ അധിനിവേശം യുക്രെയ്നിന്റെ ചെറുത്തുനില്‍പ്പോടെ മൂന്ന് വര്‍ഷക്കാലത്തേക്ക് നീണ്ടതിന്റെ സമ്മര്‍ദ്ദമാണ് പുടിന് മേല്‍ നിന്ന് പയ്യേ പയ്യേ ഇറങ്ങി പോകുന്നത്. യുക്രെയ്‌ന് യുഎസ് സഹായം കുറയുന്നുവെന്നത് യുദ്ധ ഭൂമിയിലെ റഷ്യന്‍ സൈനികര്‍ക്ക് ആശ്വാസമാണ്.