ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ തലയ്ക്ക് മുകളില്‍ തൂങ്ങിയാടുന്ന വാളായി ബിജെപിക്കാലത്തെ മണ്ഡലപുനര്‍നിര്‍ണയം നില്‍ക്കുന്നുവെന്ന് അടിക്കടി ഓര്‍മ്മപ്പെടുത്തുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്. കേന്ദ്രവിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന ഡിഎംകെ സര്‍ക്കാര്‍ തങ്ങളുടെ പാര്‍ലമെന്റിലെ നേട്ടങ്ങള്‍ ബിജെപി മണ്ഡല പുനര്‍ നിര്‍ണയത്തില്‍ വെട്ടിച്ചുരുക്കുമോയെന്ന ആധിയിലാണ്. കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഈ പേടി കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. കാരണം ബിജെപിയ്ക്ക് പിടിനല്‍കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് പ്രതികാര മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി- അമിത് ഷാ സര്‍ക്കാരിന് മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രതികരണ ശേഷി കുറയ്ക്കാനുള്ള ആയുധമാക്കാന്‍ കഴിയും.