‘Enough is Enough’ രാജ്യത്തിന്റെ പരമോന്നത നീതിപീഠം രാജ്യത്തെ ഇപ്പോഴത്തെ ആരാധനാലയ തര്‍ക്കങ്ങളുടെ പ്രവണതയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഇവിടെ പാലയില്‍ പള്ളിപ്പറമ്പില്‍ കപ്പ കൃഷിയ്ക്ക് തടമെടുക്കുമ്പോള്‍ കണ്ട കല്ല്, ശിവലിംഗമാണെന്ന് പറഞ്ഞു ആരാധന തുടങ്ങിയ സമയത്താണ് അങ്ങ് ഡല്‍ഹിയില്‍ ആരാധനാലയങ്ങളുടെ അവകാശതര്‍ക്കവുമായി മോദി ഭരണകാലത്ത് കുത്തിയൊഴുകുന്ന പരാതികള്‍ കണ്ട് മതി നിര്‍ത്തിക്കോ എന്ന് സഹികെട്ട് സുപ്രീം കോടതി പറയുന്നത്. ഇതിന് ഒരു അവസാനം വേണമെന്ന് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറയുന്നു. നിലവിലെ ആരാധനാലയങ്ങളുടെ മേല്‍ മറ്റ് മതാചാരങ്ങളില്‍പ്പെട്ടവര്‍ അവകാശമുന്നയിച്ച് കൊണ്ട് നീതിന്യായപീഠത്തിന് മുന്നിലേക്ക് എത്തുന്ന കഴിഞ്ഞ കുറച്ചു കൊല്ലങ്ങള്‍ക്ക് ഇടയില്‍ ട്രെന്‍ഡായി മാറിയ പ്രവണതയില്‍ തന്റെ അതൃപ്തി തുറന്നുകാട്ടുകയാണ് ചീഫ് ജസ്റ്റിസ്.