ഇന്ത്യന്‍ ഭരണഘടന രാജ്യത്ത് കൈക്കൊണ്ടതിന്റെ 75ാം വാര്‍ഷികത്തില്‍ പാര്‍ലമെന്റിനുള്ളില്‍ നടന്ന ചര്‍ച്ചകളില്‍ സവര്‍ക്കറെ മുന്‍നിര്‍ത്തി കാവി പാര്‍ട്ടിയ്ക്ക് നേര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ബിജെപി താത്വിക ആചാര്യനായി കാണുന്ന സവര്‍ക്കറിന്റെ വാക്കുകള്‍ കടമെടുത്തു കൊണ്ടാണ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ബിജെപിയ്ക്ക് നേര്‍ക്ക് രാഹുല്‍ ഗാന്ധി അസ്ത്രം തൊടുത്തത്. ഭരണഘടനയെ ഒരു കാലഘട്ടത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്ന തരത്തില്‍ തള്ളിപ്പറഞ്ഞയാളെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരായി കാണുന്നവര്‍ക്ക് ഇന്നും മനുസ്മൃതിയാണ് വലുതെന്ന പരിഹാസമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. ഭരണഘടനയും മനുസ്മൃതിയും കയ്യിലെടുത്താണ് ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. ഭരണഘടനയ്‌ക്കെതിരായ സവര്‍ക്കര്‍ പറഞ്ഞ വാക്കുകള്‍ അക്കമിട്ടുനിരത്തി സവര്‍ക്കര്‍ പറഞ്ഞത് നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചത്.