ഫാസിസം, ബിജെപി, പിന്നെ സിപിഎമ്മിന്റെ നയമാറ്റവും

മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയപ്രമേയവും അസാധാരണ വിധത്തിലുള്ള സിപിഎം കേന്ദ്രനേതൃത്വത്തിന്റെ കീഴ്ഘടങ്ങള്‍ക്കുള്ള കത്തുമെല്ലാം ചര്‍ച്ചയാവുകയാണ്. ഒപ്പം ഇടത് കേന്ദ്രങ്ങളില്‍ നിന്നും ഇടത് ലിബറലുകളെന്ന് പേരെടുത്തവരുടെ ഭാഗത്ത് നിന്നുമുള്ള ക്യാപ്‌സൂളുകളും. ഇത് ഫാസിസമല്ല ഫാസിസത്തിലും അപ്പുറമുള്ള അല്ലെങ്കില്‍ ഫാസിസത്തിലേക്ക് എത്താന്‍ പോകുന്ന ഹിന്ദുത്വ കോര്‍പ്പറേറ്റ് സാമ്രാജാതിപത്യം എന്നുമെല്ലാമുള്ള വായനകളും വ്യാഖ്യാനങ്ങളും വന്നുകൊണ്ടിരിക്കുന്നു. പാര്‍ട്ടി ഇതിന് മുമ്പും മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പറഞ്ഞിട്ടില്ലെന്നും പ്രസംഗത്തിലെ പലപ്പോഴത്തെ പ്രയോഗം മാത്രമാണതെന്നും എകെ ബാലനെ പോലുള്ള മുതിര്‍ന്ന സിപിഎമ്മുകാരുടെ പ്രതികരണവും വന്നു. നരേന്ദ്ര മോദിയും ബിജെപിയും ഫാസിസ്റ്റ് അല്ലെന്നും ഫാസിസ്റ്റ് സര്‍ക്കാരല്ലെന്നും പറയുന്നതരത്തിലേക്ക് സിപിഎമ്മിന് വ്യതിയാനം വന്നോ എന്ന സംശയം സ്വാഭാവികമാണ്. നവലിബറലുകള്‍ ഫാസിസത്തെ കാണുന്ന കാഴ്ചയിലും അവലോകനത്തിലും മാറ്റം വന്നോ എന്നോ ചോദ്യവും ഉണ്ടാകുന്നുണ്ട്.