പാർലമെന്റിന് സമീപം നിരോധനാജ്ഞ; കനത്ത സുരക്ഷയ്ക്കിടെ ജെ.എൻ.യു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച്

ഹോസ്റ്റൽ ഫീസ് വർദ്ധനക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിന് മുന്നോടിയായി ഡൽഹിയിലെ ജെഎൻയു കാമ്പസിന് പുറത്ത് സുരക്ഷ ശക്തമാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് വിദ്യാർത്ഥി പ്രക്ഷോഭം. 700- ഓളം പൊലീസ് ഉദ്യോഗസ്ഥരെയും സി.ആർ.പി.എഫ് പട്ടാളക്കാരെയും സർവകലാശാല കാമ്പസിന് പുറത്ത് വിന്യസിച്ചിട്ടുണ്ട്. ജെഎൻയു ടീച്ചേഴ്സ് അസോസിയേഷൻ (ജെഎൻയുടിഎ) ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

മാർച്ചിന്റെ വഴിയിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അധികൃതർ പറഞ്ഞു. പാർലമെന്റിലേക്ക് നയിക്കുന്ന എല്ലാ പ്രവേശന സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് പറഞ്ഞു. ബുധനാഴ്ച ജെഎൻ‌യു ഭരണകൂടം ഫീസ് വർദ്ധന ഭാഗികമായി പിൻവലിച്ചെങ്കിലും, നടപടി കണ്ണിൽ പൊടിയിടൽ ആണെന്ന് പറഞ്ഞു വിദ്യാർത്ഥി യൂണിയൻ പ്രതിഷേധം തുടരുകയാണ്.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ നടത്തിയ പ്രതിഷേധ മാർച്ചിന് മുന്നോടിയായി പാർലമെന്റിന് സമീപം 144 വകുപ്പ് ചുമത്തിയതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.