വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രസ്താവന സഭയെ തൃപ്തിപ്പെടുത്താൻ

സഭയുടെ തലപ്പത്തുള്ളവരെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ നടത്തുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര. കമ്മീഷനിൽ നിന്ന് നീതി കിട്ടില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഹിയറിംഗിന് വിളിച്ചിട്ടും ഹാജരാകാതിരുന്നതെന്ന് സിസ്റ്റർ പ്രതികരിച്ചു. നാലു തവണ ഹാജരാകാൻ നിർദേശം നൽകിയിട്ടും സിസ്റ്റർ ലൂസി ഹാജരായില്ലെന്ന് കമ്മീഷൻ അദ്ധ്യക്ഷ എം. സി ജോസഫൈൻ നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ മുൻ അനുഭവങ്ങൾ മുൻനിർത്തിയാണ് താൻ ഹാജരാകാതിരുന്നത്. വനിതാ കമ്മീഷൻ സംസാരിക്കുന്നത് സഭാ അനുകൂലികൾക്ക് വേണ്ടിയാണെന്ന് പറഞ്ഞ സിസ്റ്റർ ലൂസി വത്തിക്കാനൊപ്പം കമ്മീഷനും തന്നെ അവഗണിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു. നീതി ലഭിക്കുമെന്നുറപ്പുണ്ടെങ്കില്‍ ഇനിയും കമ്മീഷനെ സമീപിക്കുമെന്ന് അവർ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലടക്കം അപവാദ പ്രചാരണമുണ്ടായിട്ടും വനിതാ കമ്മീഷൻ ഇടപെട്ടില്ലെന്ന സിസ്റ്റ‌ർ ലൂസി കളപ്പുരയുടെ പ്രസ്താവനയോടെയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം. നാല് തവണ ഹിയറിംഗിന് വിളിച്ചിട്ടും സിസ്റ്റർ ലൂസി കളപ്പുരം ഹാജരായില്ലെന്നും, സാധാരണ ​ഗതിയിൽ വാദിക്ക് രണ്ട് തവണ മാത്രമാണ് ഹാജരാകാൻ സമയം നൽകാറെന്നുമാണ് വനിതാ കമ്മീഷൻ ഇതിന് മറുപടിയായി പറഞ്ഞത്. കമ്മീഷന്റെ സമയവും ഊർജ്ജവും പാഴാക്കാനാകില്ലെന്ന വിചിത്രവാദവും ജോസഫൈൻ ഉന്നയിച്ചിരുന്നു. എന്നാൽ കമ്മീഷനിൽ നിന്ന് നീതി ലഭിക്കില്ലെന്ന് തനിക്ക് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് ഹാജരാകാതിരുന്നത്. നിരവധി തവണ ഫോൺ വഴിയും ഇ മെയിൽ വഴിയും കമ്മീഷനുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ കാര്യമായ ഒരു പ്രതികരണവും ഉണ്ടായില്ല – സിസ്റ്റർ ലൂസി വ്യക്തമാക്കി.

ആദ്യം തനിക്ക് അനുകൂലമായി സംസാരിച്ച വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ വത്തിക്കാന്‍ തന്‍റെ അപ്പീല്‍ തള്ളിയ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണെന്നും സിസ്റ്റർ ലൂസി ആരോപിക്കുന്നു. വനിതാ കമ്മീഷന്‍ നീതി ലഭ്യമാക്കി തരുമെന്ന് ഉറപ്പു നല്‍കുകയാണെങ്കില്‍ വീണ്ടും പരാതി നല്‍കാന്‍ താന്‍ തയ്യാറാണെന്നും അവർ പറഞ്ഞു.