ട്രംപിന് തിരിച്ചടി; ഇറാന് എതിരായ യുദ്ധ അധികാരങ്ങൾ വെട്ടികുറയ്ക്കുന്ന പ്രമേയം സെനറ്റ് പാസാക്കി

ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ട്രംപിന്‍റെ യുദ്ധ അധികാരങ്ങൾ വെട്ടികുറയ്ക്കുന്ന പ്രമേയം യു.എസ് ഉപരിസഭയായ സെനറ്റ് പാസാക്കി. 45-നെതിരെ 55 വോട്ടുകൾക്ക് ആണ് പ്രമേയം പാസായത്.

സെനറ്റിലെ എട്ട് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ലാമർ അലക്സാണ്ടർ, ടോഡ് യങ്, മൈക് ലീ, ലിസ മർകോവിസ്കി, സൂസൻ കോളിൻസ്, റാൻഡ് പോൾ, ബിൽ കാസിഡി, ജെറി മോറൻ എന്നിവരാണ് പിന്തുണച്ച അംഗങ്ങൾ.

ഇറാനെതിരെ നിയമവിരുദ്ധ യുദ്ധം തടയുന്നതാണ് പ്രമേയം. യുദ്ധത്തിന് സൈന്യത്തെ വിന്യസിക്കുന്നതും പ്രമേയത്തിൽ വിലക്കുന്നുണ്ട്. നേരത്തെ, അമേരിക്കൻ പ്രസിഡന്‍റിന്‍റെ സൈനികാധികാരങ്ങൾ വെട്ടികുറയ്ക്കുന്ന പ്രമേ‍യം ജനപ്രതിനിധി സഭയായ കോൺഗ്രസ് പാസാക്കിയിരുന്നു.

ആക്രമണത്തിന്‍റെ സാഹചര്യത്തിൽ മാത്രമേ അമേരിക്കൻ പ്രസിഡന്‍റിന് അനുമതിയില്ലാതെ തിരുമാനങ്ങൾ സ്വീകരിക്കാൻ സാധിക്കൂ.