ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ഇന്ന് പ്രഖ്യാപനമുണ്ടായേക്കും

ഫോണ്‍ വിളി കേസില്‍ കുറ്റവിമുക്തനായ എ.കെ. ശശീന്ദ്രന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക്. ബജറ്റ് സമ്മേളനത്തില്‍ തന്നെ എന്‍സിപിയുടെ മന്ത്രിയായി ശശീന്ദ്രനെ എത്തിക്കാനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷനായ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം ആറു മണിക്ക് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍, സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരും സംബന്ധിക്കും. അതേസമയം എന്‍സിപിയുടെ മറ്റൊരു എംഎല്‍എയായ തോമസ് ചാണ്ടി കുവൈത്തിലാണ്. അതു കൊണ്ട് ഇന്ന് നടക്കുന്ന നിര്‍ണായ യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കില്ല.

നേരെത്ത തന്നെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യം അറിയിക്കാന്‍ എന്‍സിപി നേതാക്കള്‍ അല്‍പ്പസമയത്തിനുള്ളില്‍ ദേശീയനേതൃത്വത്തെ കാണും.
അതിനു ശേഷം ഇന്ന് തന്നെ നിര്‍ണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.

ശശീന്ദ്രനു പിന്നാലെ തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്ന തീരുമാനമായിരുന്നു എന്‍സിപിയുടേത്. അതുകൊണ്ടു തന്നെ കോടതി കുറ്റവിമുക്തനാക്കിയ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാതിരിക്കാന്‍ പാര്‍ട്ടിയിലെ എതിര്‍പക്ഷം പോലും ന്യായങ്ങള്‍ നിരത്തുന്നില്ല. കൂടാതെ കോടതി വിധിയെത്തിയതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് സിപിഐഎമ്മിന്റെ പച്ചക്കൊടിയായി വിലയിരുത്തുന്നു.