ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസിഡ‍ന്‍റ് പുടിന്‍; റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് രാജിവെച്ചു

റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരും രാജിവെച്ചു. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന പ്രസിഡന്‍റ് വ്ളാഡ്മിര്‍ പുടിന്‍റെ വാര്‍ഷിക പ്രസംഗത്തിലെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയും സര്‍ക്കാരും രാജിവെച്ചിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദേഹം മന്ത്രിമാരോട് നിര്‍ദേശിക്കുകയും ചെയ്തു.

നിലവില്‍ റഷ്യയില്‍ പൂര്‍ണ അധികാരം പ്രസിഡന്റിനാണ്. എന്നാല്‍ പുതിയ ഭേദഗതികള്‍ വരുന്നതോടെ അധികാരം പ്രധാനമന്ത്രിക്കും പാര്‍ലമെന്‍റിനും കൈമാറും. 2024- ല്‍ പുടിന്‍ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനാണ് നീക്കം. മെദ്‌വദേവിനെ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ച് അവിടെ നിയമിക്കുമെന്നാണ് പുടിന്‍ അറിയിച്ചിരിക്കുന്നത്.

രണ്ട് തവണ മാത്രമേ ഒരാള്‍ പ്രസിഡന്റ് ആവകാന്‍ സാധിക്കു, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന ആള്‍ കര്‍ശനമായ പശ്ചാത്തല നിബന്ധനകള്‍ പാലിക്കണം തുടങ്ങിയ മാറ്റങ്ങളാണ് പുടിന്‍ ഭരണഘടനയില്‍ വരുത്താന്‍ പോകുന്നത്. നിലവില്‍ നാലാം തവണയാണ് പുടിന്‍ പ്രസിഡന്റാകുന്നത്.

അധികാരത്തില്‍ തുടരാനുള്ള പുടിന്‍റെ തന്ത്രമായാണ് ഭരണഘടനാ ഭേദഗതി പൊതുവെ വിലയിരുത്തപ്പെടുന്നത്. 1999-ലാണ് പുടിന്‍ ആദ്യമായി പ്രസിഡന്‍റാകുന്നത്. 2008-12 കാലം ഒഴിച്ച് ഇക്കാലമത്രയും അദ്ദേഹം പ്രസിഡന്‍റായിരുന്നു. ഇനി പ്രസിഡന്‍റാവാന്‍ കഴിയില്ല. അതുകൊണ്ട് പ്രധാനമന്ത്രിയായി തിരിച്ചുവന്ന് അധികാരം നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്‍റെ തന്ത്രമായാണ് പുതിയ പരിഷ്കാരം പൊതുവെ വിലയിരുത്തപ്പെടുന്നത്.