റഫാല്‍ കേസ്: പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി

റഫാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി. റഫാല്‍ ഇടപാടിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാരിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ടുള്ളതായിരുന്നു സുപ്രീം കോടതി വിധി. ഇത് പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികളിൽ ആണ് കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. അതേ സമയം രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടി ഉണ്ടാകില്ല. രാഹുല്‍ ഗാന്ധിക്ക് ഭാവിയില്‍ ശ്രദ്ധ ഉണ്ടായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14-ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൌൾ, കെഎം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ശൂരി, യശ്വന്ത് സിന്‍ഹ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ‌ഭൂഷന്‍, ആം ആദ്മി പാർട്ടി എം.പി സജ്ഞയ് സിംഗ് എന്നിവരാണ് പുനഃപരിശോധന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഹര്‍ജികളില്‍ കഴിഞ്ഞ മെയ് 10-ന് വാദം പൂര്‍ത്തിയായി

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെതിരെ ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ, എന്നിവരുമാണ് പുനഃപരിശോധനാ ഹര്‍ജികൾ സമർപ്പിച്ചത്. മേയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റി വെയ്ക്കുകയായിരുന്നു.