മോദിയുടെ 'ഇടിത്തീ' പ്രയോഗമായ ഭായിയോം ബഹനോം... പ്രിയങ്ക തിരിച്ചിടുന്നു, ഇനി മുതല്‍ ബഹനോം..ഭായിയോം.....മാതൃകയാക്കിയത് മലയാളത്തെ

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ ഭീതിയുണര്‍ത്തുന്ന അഭിസംബോധനയാണ് ഭായിയോം ബഹനോം..എന്നത്. 2016 നവംബര്‍ എട്ടിന് രാത്രി നോട്ട് നിരോധന പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് രാജ്യത്തെ പ്രജകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംബോധന ചെയ്തത് ഭായിയോം….ബഹനോം……….എന്ന് പറഞ്ഞാണ്. പിന്നീട് ഇടിത്തീ ആയി മാറിയ ആ പ്രഖ്യാപനത്തെ തുടര്‍ന്ന് വരാനിരിക്കുന്ന വന്‍ദുരന്തത്തെ കാണിക്കാനായി ഭായിയോം…എന്ന പ്രയോഗം സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങി.

ഇത് തിരിച്ചിടുകയാണ് പുതിയ തിരഞ്ഞെടുപ്പില്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
പൊതുവെ ഉത്തരേന്ത്യയില്‍ അഭിസംബോധനയില്‍ (ഭായിയോം ബഹനോം…) പുരുഷന്‍മാരാണ് മുന്നില്‍. എന്നാല്‍ മലയാളത്തിലടക്കം സഹോദരീ സഹോദരന്‍മാരാണ്. പ്രിയങ്ക ഇക്കാര്യത്തില്‍ കേരളത്തെയാണ് മാതൃകയാക്കിയിരിക്കുന്നത്.

മോദിയ്‌ക്കെതിരെ ട്രോളര്‍മാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തിരിച്ചിടുമ്പോള്‍ സദസ്യര്‍ അമ്പരക്കുന്നുവെന്നത് തന്നെ പ്രിയങ്കയുടെ പ്രയോഗം കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന് തെളിവാണ്. രണ്ട് കാര്യങ്ങളാണ് പ്രിയങ്ക ബഹനോം ഔര്‍ ഭായിയോം….. പ്രയോഗത്തിലൂടെ പറയാതെ പറയുന്നത്.

ഒന്ന്, കോണ്‍ഗ്രസ് സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നു. രണ്ട്, സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് അവര്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നു. അതേസമയം രാജ്യം ഭീതിയോടെ മാത്രം ശ്രവിക്കുന്ന ഒന്നാക്കി ഭായിയോം..ബഹനോം പ്രയോഗത്തെ മോദി മാറ്റിയിരിക്കുന്നുവെന്ന് പറയാതെ പറയുന്നു.