ഓക്സിജൻ ശ്വാസകോശത്തിൽ എത്തുമ്പോൾ... നിങ്ങൾ അറിഞ്ഞിരിക്കണം 

ചാക്യാർ പെരിന്തൽമണ്ണ

ജീവൻ്റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ “പ്രാണവായു” – ഓക്സിജൻ ആണല്ലോ ഇപ്പോൾ എവിടേയും സംസാരവിഷയം. പക്ഷെ നമ്മൾ എത്ര പേർ ഇതേക്കുറിച്ച് ബോധവാൻമാരാണ്??

ഓക്സിജൻ കുറയുന്നത് ചുറ്റുമല്ല, സ്വന്തം ശ്വാസകോശത്തിൽ പ്രാണവായു സ്വീകരിക്കാനിടമില്ലാതാവുന്നതാണ് പ്രാണൻ നഷ്ടമാവാൻ ഇടയാക്കുന്നത്. രക്തം കയറ്റുന്നത് പോലെ ഓക്സിജൻ കയറ്റാനാവില്ല, അത് ശ്വാസകോശം വഴി തന്നെയെ രക്തത്തിൽ ചേർന്ന് ജീവകോശങ്ങളിൽ എത്തിക്കാനാവു.

സാധാരണ നിലയിൽ രക്തത്തിൽ 75 മുതൽ 100 mmHg അളവിൽ ഓക്സിജൻ ആണ് ഉണ്ടാവുക. ഇത് കൂടിയാലും കുറഞ്ഞാലും ജീവന് ആപത്താവും. ഇതിൻ്റെ അളവ് എല്ലായിപ്പോഴും കൃത്യമായി ക്രമീകരിക്കുന്നതും അത്യാവശ്യ സമയത്ത് അളവ് കൂട്ടാനായി ശ്വാസഗതി നിയന്ത്രിക്കുന്നതും നമ്മുടെ ശ്വാസകോശങ്ങളാണ്.

ജീവികൾക്ക് 1 ജോഡി ശ്വാസകോശങ്ങളാണ് ഉള്ളത്. ഇതിലേക്ക് വഴി ഒരുക്കുന്ന ശ്വാസനാളവും പുറത്തു നിന്ന് വായു സ്വീകരിക്കുന്ന നാസാരന്ദ്രങ്ങൾ (മൂക്ക്) ചേർന്നതാണ് ശ്വസനവ്യവസ്ഥ എന്നറിയാമല്ലൊ. മൂക്കിലെ രണ്ട് ദ്വാരങ്ങളിലൂടെ നിശ്ചിത ഇടവേള വിട്ട് മാറി മാറിയാണ് ശ്വാസമെടുക്കുന്നതും പുറത്തുവിടുന്നതും. ഉള്ളിലേക്ക് വലിച്ചെടുക്കുന്ന വായുവിലെ പൊടിപടലങ്ങളേയും ഗന്ധങ്ങളേയും തിരിച്ചറിയാൻ മുക്കിനുള്ളിൽ നേരിയ രോമങ്ങളും ഗന്ധങ്ങളെ തിരിച്ചറിയാനായി മസ്തിഷ്ക്കവുമായി ബന്ധപ്പെടാനുള്ള ഭാഗവും ഉണ്ട്. വലിച്ചെടുക്കുന്ന വായുവിലെ സൂക്ഷ്മ കണങ്ങളെ തിരിച്ചറിയുന്നതിന് നേരിയ ആർദ്രത ആവശ്യമായതിനാൽ നാസാരന്ദ്രങ്ങളിൽ അതിന് ആവശ്യമായ സ്രവം പുറപ്പെടുവിക്കുന്ന ഗ്രന്ഥിയും ഉണ്ട്. ഇവയുടെ കൂട്ടായ പ്രവർത്തനഫലമാണ് പൊടിപടലങ്ങളും മറ്റും ശ്വാസവായുവിനൊപ്പം അകത്ത് കടന്നാൽ ഉടൻ തുമ്മുന്നത്. ഭക്ഷണത്തിൻ്റേയൊ മറ്റ് ഇഷ്ടപ്പെട്ട മണത്തെ കൂടുതലായി വലിച്ച് കയറ്റാൻ ശ്രമിക്കുന്നതും നമുക്കറിയാം.
ശ്വസിക്കുന്ന വായുവിനെ ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിലും അവയ്ക്കുള്ളിലെ അതിസൂക്ഷ്മ അറകളിലും എത്തിക്കുകയും അവിടെവെച്ച് രക്തത്തിലേക്ക് ഓക്സിജനും, ജീവൽ പ്രവർത്തനങ്ങളുടെ ഭാഗമായി ശരീര കലകളിൽ ഉണ്ടാവുന്ന കാർബൺഡൈ ഓക്സൈഡിനെ രക്തത്തിൽ നിന്ന് സ്വീകരിച്ച് നിശ്വാസവായുവിനൊപ്പം പുറത്തേക്കും എത്തിക്കുന്നു. ജീവരക്തത്തിൽ നിന്നുള്ള ഈ കൊടുക്കൽവാങ്ങൽ ലളിതമായി ഇങ്ങനെ പറയാമെങ്കിലും അതെത്രത്തോളം അതിസൂക്ഷ്മ പ്രവൃത്തിയാണ് എന്നത് ഓർക്കണം.

ശ്വാസകോശത്തിലെ അതിസൂക്ഷ്മമായ അറകളിലേക്കുള്ള ശ്വാസവഴികളും അത്രത്തോളം ചെറുതായിരിക്കുമല്ലൊ. ജലദോഷവും മറ്റുമായി മൂക്കടഞ്ഞാൽ നമ്മൾ വായിലൂടെ ശ്വാസമെടുക്കുന്നതും, കൂടുതൽ പ്രാണവായു വേണ്ട സമയത്ത് ദീർഘമായി ശ്വസിക്കയൊ, വായിലൂടെ ശ്വാസമെടുക്കയൊ ചെയ്യാറുണ്ട്. വായുവിലെ മാലിന്യങ്ങളൊ പൊടിപടലങ്ങളൊ, വാഹനങ്ങളുടെയും മറ്റും പുകയിൽ നിന്ന് ശ്വസനത്തിന് തടസമാകുന്ന വിധത്തിൽ പലതും ശ്വാസന പാതയിൽ തടസങ്ങൾ സൃഷ്ടിക്കുന്നതോടെ പല രോഗാവസ്ഥയും ഉണ്ടാകുന്നത് നമുക്കറിയാം. ശ്വാസനാളത്തിലും നാസാരന്ധ്രങ്ങളിലും വരണ്ട അവസ്ഥ ഏറെ ദോഷകരമാണ് എന്നത് പോലെതന്നെ ഇവിടേക്കുള്ള സ്രവം പുറപ്പെടുവിക്കുന്ന ഗ്രന്ഥിക്ക് അണുബാധയായി സ്രവത്തിൻ്റെ അളവ് ഏറ്റക്കുറച്ചിൽ വരുന്നതും. കഫം അധികമായി ശ്വാസതടസം ഉണ്ടാകുന്ന അവസ്ഥ പറയേണ്ടതില്ലല്ലൊ.

2019 ൽ ലോകത്തെ മഹാമാരിയായി സ്തംഭിപ്പിച്ച കോവിഡ് 19 ( കൊറോണ വൈറസ് ) ശ്വസനവ്യവസ്ഥയെ ആണ് ബാധിക്കുന്നത്. വായിലൂടെയും മൂക്കിലൂടെയും അകത്തു കടക്കുന്ന വൈറസ് ശ്വാസകോശത്തിലെത്തി അതിവേഗം വർദ്ധിക്കയും അവിടം ആധിപത്യം നേടുകയും ചെയ്യുന്നതോടെയാണ് രോഗിയുടെ നില ഗുരുതരമാവുന്നത്. ഈ ഗുരുതരാവസ്ഥയിൽ ശ്വാസം കിട്ടാതെ (വേണ്ടത്ര സ്വീകരിക്കാനാവാതെ) പിടയുന്ന അതിദയനീയ അവസ്ഥയിലെത്തുന്നവർക്ക് അന്തരീക്ഷവായുവിനെ വലിച്ചെടുത്ത് ശരീരത്തിനാവശ്യമായ ഓക്സിജൻ എടുക്കാനാവാതെ വരുന്നു. ആ നിർണായക അവസ്ഥയെ ലഘൂകരിക്കാൻ മാത്രമാണ് സിലിണ്ടറുകളിലാക്കിയ ശുദ്ധ ഓക്സിജൻ (മെഡിക്കൽ ഓക്സിജൻ) പാകപ്പെടുത്തി കൃത്രിമ ശ്വസന ഉപകരണം വഴി രോഗിക്ക് നൽകുന്നത്. ഓക്സിജൻ നൽകുന്നതിനൊപ്പം തന്നെ ശ്വാസകോശത്തിൽ അധികരിച്ച് വരുന്ന കോവിഡ് സമൂഹത്തെ തുരത്താനായി ശരീരത്തെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അത്യാവശ്യമരുന്നുകളും നൽകി തീവ്രപരിചരണം നൽകി രക്ഷിക്കാനാവു.

രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനമായ കേരളത്തിൽ വിനയായി ജീവിതശൈലി രോഗങ്ങളും ( പ്രമേഹവും, രക്തസമ്മർദ്ധവും ), ഹൃദയ, കരൾ, വൃക്കരോഗങ്ങളും കൂടുതലായതിനാൽ കോവിഡ് ബാധയോടെ ജീവൻ അപകടത്തിലാവാൻ സാദ്ധ്യത കൂടുതലാണ്.
സാക്ഷരതക്ക് പേരുകേട്ട നമ്മൾ മലയാളികൾ ഏറെ വിദ്യാസമ്പന്നരാണെങ്കിലും എത്രത്തോളം മണ്ടൻമാരാണ് എന്നതും ഈ അവസരത്തിൽ പറയാതെ വയ്യ. മൂക്കിൽ ഗ്ലൂക്കോസ് ഒറ്റിക്കൽ, കണ്ണിൽകണ്ടവ എല്ലാം കുത്തിക്കലക്കി കുടിക്കൽ, പുകയ്ക്കൽ, ആവി പിടിക്കൽ… സമൂഹമാധ്യമങ്ങളിലൂടെ വരുന്ന എല്ലാ തട്ടിപ്പ് തരികിട മുറിമരുന്നുകളും നമ്മൾ പരീക്ഷിക്കാൻ മുന്നിലുണ്ട്.