നെട്ടൂര്‍ കൊലപാതകം: യുവാവിന്റെ മൃതദേഹത്തോടൊപ്പം തെരുവുനായയെയും കൊന്നിട്ടു; പിടിയില്‍ പെടാതിരിക്കാന്‍ പ്രതികള്‍ പല തന്ത്രങ്ങളും മെനഞ്ഞു

കൊച്ചി നെട്ടൂരില്‍ യുവാവിനെ കൊന്ന ശേഷം മൃതദേഹത്തോടൊപ്പം തെരുവുനായയേയും പ്രതികള്‍ കൊന്നിട്ടതായി പോലീസ്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം പുറത്തു വന്നാലും നായ ചത്തു ചീയുന്നതിന്റെ മണമാണെന്ന് കരുതാന്‍ വേണ്ടിയായിരുന്നു ഇത്.

പിടിയിലാവാതിരിക്കാന്‍ അര്‍ജുനെ പറ്റി ചോദിക്കുന്നവരോടെല്ലാം ഇവര്‍ ഒരേ മറുപടിയാണ് പറഞ്ഞിരുന്നതെന്നാണ് സൂചന. പൊലീസ് ചോദ്യം ചെയ്യലില്‍ പോലും ഇവര്‍ പിടി തരാതിരുന്നത് ഇങ്ങനെയാണ്. അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലേക്കുള്ള ഒരു ലോറിയില്‍ കയറ്റി വിട്ടതിനാല്‍ ജീവനോടെയുണ്ടെന്ന് നിഗമനത്തിലായിരുന്നു പൊലീസ്.

അര്‍ജുന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പ്രതികളുടെ സംഘത്തില്‍ ഒരാളെ കൈകാര്യം ചെയ്തപ്പോഴാണ് സത്യങ്ങള്‍ പുറത്തു വന്നത്. ഈ വിവരം പൊലീസില്‍ അറിയിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നീളുന്നത് ലഹരി മാഫിയയിലേക്കാണ്. എറണാകുളം കേന്ദ്രീകരിച്ച് പടര്‍ന്നു പന്തലിക്കുന്ന ലഹരി മാഫിയയുടെ കണ്ണികളാണ് കൊല്ലപ്പെട്ട യുവാവും അക്രമികളും എന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

കൊല്ലപ്പെട്ട അര്‍ജുന്റെ പേരില്‍ പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ തന്നെ നിരവധി കേസുകളുണ്ട്. ഇതിനു പുറമേ മറയൂരിലും ലഹരിമരുന്നു കേസില്‍ പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട യുവാവും പ്രതികളും അടങ്ങുന്ന സംഘങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഹരിമരുന്ന് എത്തിക്കുകയും വിതരണം ചെയ്തിരുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.

അതിനിടെ അറസ്റ്റിലായ നാല് പ്രതികളെ എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അര്‍ജുന്റെ സുഹൃത്തുക്കളായ നെട്ടൂര്‍ റോണി, നിബിന്‍, അനന്തു, അജയന്‍ എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കൊലക്കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്ത ദിവസം അപേക്ഷ നല്‍കും.