പഞ്ചാബിൽ ടി.വി സീരിയലിന്റെ സംപ്രേഷണം നിരോധിച്ച്‌ മുഖ്യമന്ത്രി അമരീന്ദർ സിംഗ്

പഞ്ചാബിൽ വിവാദമായ ടി.വി സീരിയൽ “രാം സിയ കെ ലവ് കുഷ്” സംപ്രേഷണം ചെയ്യുന്നത് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നിരോധിച്ചു. ടി.വി സീരിയലിന്റെ സംപ്രേഷണത്തിനെതിരെ വാൽമീകി ആക്ഷൻ കമ്മിറ്റി നടത്തിയ ഒരു ദിവസം നീണ്ടുനിന്ന ബന്ദ്‌ പഞ്ചാബിലെ ചില പ്രദേശങ്ങളിൽ ശനിയാഴ്ച അക്രമ സംഭവങ്ങൾക്കും ജലന്ധറിൽ ഒരാൾ വെടിയേറ്റ് മരിക്കുന്നതിനു കാരണമായി. ടിവി സീരിയലായ “രാം സിയ കെ ലവ് കുഷ്” നെതിരെ വാൽമീകി ആക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച ബന്ദ്, വിപണികൾ അടഞ്ഞു കിടക്കുന്നതിനും ജനജീവിതം സ്തംഭിക്കുന്നതിനും കാരണമായി.

സീരിയലിൽ അവഹേളനപരമായ പരാമർശങ്ങൾ ഉണ്ടെന്നും, “ചരിത്രപരമായ വസ്തുതകൾ” വളച്ചൊടിച്ചിട്ടുണ്ടെന്നും ഇതുവഴി അവരുടെ മതവികാരത്തെ വ്രണപ്പെടുത്തിയതായും കമ്മിറ്റി അവകാശപ്പെട്ടു.

സീരിയലിന്റെ സംപ്രേഷണം രാജ്യവ്യാപകമായി നിരോധിക്കണമെന്നും മതപരമായ വികാരങ്ങളെ പ്രകോപിപ്പിക്കാൻ മനപൂർവ്വം ഉദ്ദേശിച്ചതിന് ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം സീരിയലിന്റെ സംവിധായകനെയും അഭിനേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

വൈകിട്ടോടെ സീരിയലിന്റെ സംപ്രേഷണം ഉടൻ നിരോധിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടു. സംസ്ഥാനത്ത് സമാധാനവും സാമുദായിക ഐക്യവും തകർക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർമാർ അതത് ജില്ലകളിലെ കേബിൾ ഓപ്പറേറ്റർമാർ സീരിയൽ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.