ഓസീസ് വിജയ ലക്ഷ്യം കുറിച്ചു, ഇന്ത്യയ്ക്ക് ജയിച്ചേ തീരു

ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം. ഉസ്മാന്‍ ഖ്വാജയുടെ സെഞ്ച്വറി മികവിലാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ തരക്കേടില്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്. ഖ്വാജയ്ക്ക് പുറമെ പീറ്റര്‍ ഹാന്‍ കോമ്പ് അര്‍ധ സെഞ്ച്വറിയും നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുളള ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ തീരുമാനം ശരിവെയ്ക്കും വിധമായിരുന്നു ഓസ്‌ട്രേലിയയുടെ തുടക്കം. 76 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉസ്മാന്‍ ഖ്വാജയും നായകന്‍ ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ഉയര്‍ത്തിയത്. 27 റണ്‍സെടുത്ത ഫിഞ്ചിനെ ജഡേജ പുറത്താക്കിയതിന് പിന്നാലെ എത്തിയ ഹാന്‍കോമ്പും ഓസീസ് സ്‌കോര്‍ നഷ്ടങ്ങളില്ലാതെ ചലിപ്പിച്ചു.

ഖ്വാജ 106 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും സഹിതമാണ് 100 റണ്‍സെടുത്തത്. ഹാന്‍കോമ്പ് 60 പന്തില്‍ നാല് ഫോറടക്കം 52 റണ്‍സും സ്വന്തമാക്കി. എന്നാല്‍ പിന്നീടെത്തിയവര്‍ക്ക് കാര്യമായി ക്രീസില്‍ പിടിച്ച് നില്‍കാനായില്ല. ഇത് ഓസീസ് സ്‌കോര്‍ 300 കടക്കും എന്ന പ്രതീക്ഷ തകര്‍ക്കുകയായിരുന്നു.

മാക്‌സ് വെല്‍ (1) സ്റ്റോണ്‍സ് (20) കരേ (3) റിച്ചാഡ്‌സണ്‍ (29*) കമ്മിന്‍സ് (15) എന്നിങ്ങനെയായിരുന്നു മറ്റ് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു, ഭുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 10 ഓവറില്‍ 39 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി നിര്‍ണായകമായ രണ്ട് മാറ്റങ്ങളാണ് ടീം ഇന്ത്യ ഇന്ന് വരുത്തിയിരിക്കുന്നത്. റിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ടീമിന് പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലെത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയും രണ്ട് മാറ്റങ്ങളോടെയാണ് കളിക്കാനിറങ്ങുന്നത്. മാര്‍ക്കസ് സ്റ്റോയിനിസും, നഥാന്‍ ലയോണും ടീമിലെത്തിയപ്പോള്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ഷോണ്‍ മാര്‍ഷ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി.

പരമ്പര നിലവില്‍ 2-2 ന് തുല്യത പാലിക്കുന്നതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.