കശ്മീർ ഗായകൻ ആദിൽ ഗുരേസിയെ മുംബൈയിലെ വീട്ടിൽ നിന്ന് പുറത്താക്കി; സംഭവം ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതിനെ തുടർന്ന്

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതിനു പിന്നാലെ കശ്മീരിൽ നിന്നുള്ള ഗായകൻ ആദിൽ ഗുരേസിയെ മുംബൈയിലെ വാടക വീട്ടിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായി പ്രഖ്യാപിച്ച ഓഗസ്റ്റ് 5 ന് വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുരസ് പ്രദേശത്തെ എൽ‌.ഒ‌.സിക്ക് സമീപമുള്ള വീട്ടിലായിരുന്നു ആദിൽ.

ആർട്ടിക്കിൾ 370 ഭേദഗതിക്ക് ശേഷം മുംബൈയിലെത്താൻ നിരവധി പ്രശ്‌നങ്ങൾ നേരിട്ട ആദിൽ, ഒടുവിൽ സെപ്റ്റംബർ 5 ന് മുംബൈയിയിലെ വാടകവീട്ടിൽ എത്തിയപ്പോൾ വീട് ഉപേക്ഷിക്കാൻ ഉടമസ്ഥർ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് മുംബൈ പോലീസ് ഇടപെട്ട് ആദിലിനെ അദ്ദേഹത്തിന്റെ വാടകവീട്ടിൽ താമസിക്കാൻ അനുവാദം നൽകുകയായിരുന്നു. എന്നാൽ ആളുകളും സുഹൃത്തുക്കളും ഇപ്പോഴും അദ്ദേഹത്തെ അവഗണിക്കുന്നതായി ആദിൽ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

കശ്മീർ സ്വദേശിയായ ആദിൽ യൂട്യൂബിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാർ ഉള്ള ഗായകനാണ്. കശ്മീരിലെ യുവാക്കൾക്കിടയിൽ വളരെ പ്രസിദ്ധനായ ആദിൽ കശ്മീരി സംഗീതത്തിന് ഒരു പുതിയ ദിശയും രൂപവും ശൈലിയും നൽകിയ ഗായകനായാണ് അറിയപ്പെടുന്നത്.