ഭാര്യയ്ക്കൊപ്പം പരാതിക്കാരിയുടെ വീട്ടിൽ പോയി കൈയില്‍ രാഖി കെട്ടിക്കണം; പീഡന കേസിൽ വിചിത്ര ജാമ്യ വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി

പീഡന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാൻ വിചിത്ര വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി. രക്ഷാബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയായ യുവതിയെ കൊണ്ട് കൈയിൽ രാഖി കെട്ടിക്കണം, എല്ലാ കാലത്തും അവളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കണം- എങ്കിൽ ജാമ്യം തരാം എന്നാണ് കോടതി വ്യക്തമാക്കിയത്.

പീഡന കേസിലെ പ്രതിയായ വിക്രം ബാ​ഗ്രിക്കാണ് കോടതി ഈ നിർദേശം നൽകിയത്. രാഖി കെട്ടുമ്പോൾ സഹോദരൻ സഹോദരിക്ക് സമ്മാനങ്ങൾ നൽകാറുണ്ട്. വിക്രത്തിന്റെ കാര്യത്തിൽ എന്താണ് സമ്മാനമെന്നും കോടതി വ്യക്തമാക്കി. യുവതിക്ക് 11000 രൂപ സമ്മാനമായി നല്‍കണമെന്നാണ് കോടതിയുടെ നിർദേശം.

ജസ്റ്റിസ് രോഹിത് ആര്യയാണ് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതി ഭാര്യയ്ക്കൊപ്പമാണ് പരാതിക്കാരിയുടെ വീട്ടിൽ പോവേണ്ടത്. ഓഗസ്റ്റ് 3-ന് പകൽ 11 മണിക്ക് പരാതിക്കാരിയുടെ വീട്ടിൽ എത്തണം. മധുര പലഹാരങ്ങൾ നൽകണം. രാഖി കെട്ടാൻ പരാതിക്കാരിയോട് അപേക്ഷിക്കണം. എല്ലാ കാലത്തും അവളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകണമെന്നും കോടതി നിർദേശിച്ചു. പരാതിക്കാരിയുടെ മകന് വസ്ത്രങ്ങളും മധുര പലഹാരങ്ങളും വാങ്ങാൻ 5000 രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

30 വയസ്സുകാരിയുടെ ഉജ്ജൈയിനിയിലെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് വിക്രമിനെതിരെ കേസെടുത്തത്. ഏപ്രിൽ 20-നായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തി സെക്ഷൻ 354 പ്രകാരമാണ് കേസെടുത്തത്.