മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വ്യാജന്‍; പണം അയക്കുമ്പോള്‍ സൂക്ഷിക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന സംഭാവനകള്‍ തട്ടിയെടുക്കാന്‍ വ്യാജ അക്കൗണ്ട് രംഗത്ത്. ഗൂഗിള്‍ പേയിലൂടേയും യുപിഐ (യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ്) വഴിയും പണമയക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അക്കൗണ്ട് അഡ്രസ് സൃഷ്ടിച്ചാണ് തട്ടിപ്പിന് ശ്രമിക്കുന്നത.

കേരള സിഎംഡിആര്‍എഫ്@എസ്ബിഐ എന്ന ഒറിജിനല്‍ അക്കൗണ്ടിന് സമാനമായി കെരേളസിഎംഡിആര്‍എഫ്@എസ്ബിഐ എന്ന യുപിഐ അഡ്രസ് ആണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. യുപിഐ അഡ്രസില്‍ ഇംഗ്ലീഷ് അക്ഷരം ‘എ’ മാറ്റി ‘ഇ’ വെച്ചിരിക്കുന്നു എന്നത് മാത്രമാണ് ഏക വ്യത്യാസം. സന്ദീപ് സഭാജീത് യാദവ് എന്നയാളുടെ പേരിലാണ് അക്കൗണ്ട്. രാജസ്ഥാനില്‍ എന്‍സിഇആര്‍ടിയുടെ റിസേര്‍ച്ച് ഫെലോയായി ജോലി ചെയ്യുന്ന മലയാളി അഭിജിത് പാലൂരാണ് തട്ടിപ്പിനുള്ള ശ്രമം ചൂണ്ടിക്കാട്ടിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട്. ആക്ടിവിസ്റ്റുകളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പേര്‍ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തുണ്ട്.