കോവിഡ് പ്രതിരോധത്തിന് ധൂമസന്ധ്യ സംഘടിപ്പിച്ച് ആലപ്പുഴ നഗരസഭ;  വിമര്‍ശിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ധൂമസന്ധ്യ സംഘടിപ്പിച്ച് ആലപ്പുഴ നഗരസഭ. വീടുകളിലും ഓഫീസുകളിലും ആയുര്‍വേദ ചൂര്‍ണ്ണം പുകച്ചുള്ള കൊവിഡ് പ്രതിരോധമാണിത്. നഗരത്തിലെ താമസക്കാരനായ എ.എം. ആരിഫ് എംപിയും മറ്റ് ജനപ്രതിനിധികളും വീടുകളിൽ നടന്ന ധൂമസന്ധ്യയുടെ ഭാഗമായി. നഗരസഭാ ഓഫീസ് ഉൾപ്പെടെ പൊതുവിടങ്ങളിലും ചൂർണ്ണം പുകച്ചു. എന്നാൽ ഇത്തരം രീതികൾ അശാസ്ത്രീയമെന്ന വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് എത്തി.

അതേസമയം ധൂമസന്ധ്യ കോ വിഡിനെ തടയില്ലെന്നും അശാസത്രീയ രീതികൾ ഒഴിവാക്കണമെന്നും  ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടൂ.  പരിപാടിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് നവമാധ്യമങ്ങളിൽ അടക്കം പ്രചാരണം ശക്തമാക്കുന്നുണ്ട്.

ആയുര്‍വേദ പ്രതിരോധ മാര്‍ഗമായ അപരാജിത ധൂമചൂര്‍ണ്ണം നഗരസഭയിലെ മുഴുവൻ വീടുകളിലും ഒരേസമയം പുകയ്ക്കുന്നതാണ് ധൂമസന്ധ്യ. വായുവിലൂടെ പകരുന്ന എല്ലാ പകര്‍ച്ചാവ്യാധികളും ഈ ചൂര്‍ണ്ണം തടയുമെന്നാണ് നഗരസഭ നൽകിയ പ്രചാരണം. കോവിഡ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ധൂമസന്ധ്യ ഒരു ബോധവത്കരണ നടപടി മാത്രമാണെന്നാണ് നഗരസഭ വിശദീകരിക്കുന്നു.

ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ അനുമതിയുണ്ടെന്നാണ്  നഗരസഭയുടെ  വിശദീകരണം.  ധൂമസന്ധ്യ ഉൾപ്പെടെ ബോധവത്കരണ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് നഗരസഭയുടെ തീരുമാനം.