കൊറോണയെ പ്രതിരോധിക്കാൻ പുതിയ ചികിത്സാ പ്രോട്ടോക്കോളുമായി കേരളം; പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ പരിശോധന ഫലം ഇന്ന്

മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിനെ പ്രതിരോധിക്കാൻ പുതിയ ചികിത്സാ പ്രോട്ടോക്കോളുമായി കേരളം. അതേസമയം സംസ്ഥാനത്ത് പുതിയ കൊറോണ കേസുകൾ ഒന്നും റിപ്പോർട്ട് ചെയിതിട്ടില്ല. പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. അഞ്ച് പേരുടെ ഫലം നിർണായകമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് പറഞ്ഞു.

അതിനിടെ എറണാകുളം ജില്ലയില്‍ 56 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 24 ആയി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

എട്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതോടെ ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 24 ആയി. വിദേശ രാജ്യങ്ങളില്‍ നിന്ന് 52 പേര്‍ കൊച്ചിയിലെത്തി. ഇതില്‍ 49 പേർ ഇറ്റലിയിൽ നിന്നും 3 പേർ കൊറിയയിൽ നിന്നുമാണ്. ഇവരുടെ അടക്കം മൊത്തം 84 സാമ്പിളുകളാണ് ആലപ്പുഴ എൻ.ഐ.വി യിലേക്ക് പരിശോധനയ്ക്കയച്ചത്.