'ഹൃദയപൂർവ്വം നന്ദി'; മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു

കോവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായത്.

എ.പ്രദീപ്കുമാർ എംഎൽഎ, പി.എ മുഹമ്മദ് റിയാസ്, ഡോക്ടർമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

ഒപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിച്ച പിണറായി, മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയതെന്നും  ജനങ്ങളിൽ നിന്നും വലിയ മാനസികമായ പിന്തുണയാണ് ലഭിച്ചതെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

”കോവിഡ് രോഗവിമുക്തി നേടിയതിനെ തുടർന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാൻ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്. ഈ ഘട്ടത്തിൽ മാനസികമായ വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എല്ലാവരോടും ഹൃദയപൂർവ്വം നന്ദി പറയുന്നു”.