കാതിലെ കടുക്കന്‍  ഊരി നല്‍കി മേല്‍ശാന്തി; ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശക്തിപ്പെടുത്താനുള്ള ജനമനസുകളുടെ നിശ്ചയദാര്‍ഢ്യം തൊട്ടറിയുന്നുവെന്ന് പിണറായി വിജയന്‍. ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നല്‍കുന്നവര്‍, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏല്‍പ്പിക്കുന്നവര്‍, സമ്പാദ്യക്കുടുക്ക അപ്പാടെ ഏല്‍പ്പിക്കുന്ന കുട്ടികള്‍ എന്നിവരെയെല്ലാം മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രശംസിച്ചു.

അതിതീവ്ര മഴയും അതിന്റെ ഫലമായുണ്ടായ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. അതില്‍ നിന്ന് കര കയറാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് എല്ലാം മറന്നുള്ള പിന്തുണ ലഭിക്കുന്നത് ആവര്‍ത്തിച്ചു പറയേണ്ട കാര്യമാണ്. ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രത്യേകം മുഖ്യമന്ത്രി പ്രതിപാദിച്ചു.

ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ശ്രീനാഥ് നമ്പൂതിരി കാതിലെ കടുക്കന്‍ ഊരി നല്‍കിയാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുകയെന്നും കുറിച്ചാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

https://www.facebook.com/PinarayiVijayan/posts/2441560539269095