20 ലക്ഷം കർഷകർക്ക് സോളാർ പമ്പുകൾ, പാൽ ഉൽപ്പാദനം ഇരട്ടിയാക്കും, ജനകീയ ആരോഗ്യ പദ്ധതിക്ക് 69,000 കോടി, സ്വച്ച് ഭാരത്തിന് 12,300 കോടി

കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ 16 ഇന കർമ്മ പദ്ധതി പ്രഖ്യാപിച്ച് രണ്ടാം എൻ ഡി എ സർക്കാരിന്റെ രണ്ടാം ബജറ്റ്. വരുമാനം ഇരട്ടിയാക്കൽ പദ്ധതി ഈ വര്ഷം തന്നെ നടപ്പാക്കുമെന്ന് ധന മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വ്യാപകമാക്കും. ഗ്രാമീണ വന്തികൾക്കായി ധന്യലക്ഷമി എന്ന പേരിൽ പുതിയ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. 20 ലക്ഷം കർഷകർക്ക് സോളാർ പമ്പുകൾ ലഭ്യമാക്കും. 2021 ൽ പാൽ ഉത്പാദനം 10.8 കോടി ടണ്ണായി ഉയർത്തും. കാര്ഷികോല്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് കിസാൻ റെയിൽ എന്ന പേരിൽ പുതിയ റയിൽവേ ലൈനുകൾ തുടങ്ങും.

16 ലക്ഷം പുതിയ നികുതിദായകർ രാജ്യത്തുണ്ടായയതായി ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും രാജ്യത്തിൻറെ സാമ്പത്തിക അടിത്തറ ശക്തമാണ്.
ആയുഷ്മാൻ പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തും. സമഗ്ര വിദ്യാഭ്യാസ നയത്തിന് രൂപം നൽകുമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ജൽ ജീവൻ മിഷന് 3 .6 ലക്ഷം കോടി രൂപ മാറ്റിവയ്ക്കും. 2025 ഓടെ ക്ഷയ രോഗം പൂർണ്ണമായും നിർമാർജനം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സ്വച്ച് ഭാരത് പദ്ധതിക്കായി 12,300 കോടി രൂപ ബജറ്റ് നീക്കി വയ്ക്കും . ജാൻ ആരോഗ്യ യോജനക്ക് 69,000 കോടി രൂപ അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഡിഗ്രി തലത്തിൽ ഓൺ ലൈൻ പഠനം ആരംഭിക്കുന്നതിന് പുറമെ 150 സർവകലാശാലകളിൽ പുതിയ കോഴ്‌സുകൾ തുടങ്ങുമെന്നും ബജറ്റ് പ്രഖ്യാപിച്ചു.