ഛത്തീസ്ഗഢില്‍ പുതുമുഖങ്ങളെ ഇറക്കി ബി.ജെ.പി; പത്ത് സിറ്റിംഗ് എം.പിമാരെ ഒഴിവാക്കി

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഛത്തീസ്ഗഢില്‍ പുതിയ തന്ത്രവുമായി പാര്‍ട്ടി രംഗത്ത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്ത് സിറ്റിംഗ് എം.പിമാരെ മത്സര രംഗത്ത് നിന്ന് ഒഴിവാക്കിയിരിക്കുകയാണ് ബിജെപി. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് തീരുമാനം. ഒഴിവാക്കിയ സിറ്റിംഗ് എംപിമാരുടെ ബന്ധുക്കള്‍ക്ക് സീറ്റ് നല്‍കരുതെന്നും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന ഭരണം നഷ്ടപ്പെട്ട ഛത്തീസ്ഗഢില്‍ പതിനൊന്നില്‍ പത്തിടത്തും പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം. മുന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, എം.പിമാരുടെ പ്രവര്‍ത്തനം, പാര്‍ട്ടിക്കുള്ളിലെ പിണക്കങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള നീക്കം. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ് രാജ്നന്ദ് ഗാവില്‍നിന്ന് മത്സരിച്ചേക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന് വിലയിരുത്തിയ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വമ്പിച്ച തിരിച്ചുവരവാണ് നടത്തിയത്. കോണ്‍ഗ്രസ് 68 സീറ്റുകള്‍ നേടി ഭരണം പിടിച്ചപ്പോള്‍ ബി.ജെ.പി.ക്ക് ലഭിച്ചത് വെറും 15 സീറ്റ് മാത്രമായിരുന്നു.