'സർക്കാരിനെതിരായ അഴിമതി വിരുദ്ധസമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാകും പാര്‍ട്ടിയുടെ  ആദ്യ ലക്ഷ്യം': കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാരിനെതിരായ അഴിമതി വിരുദ്ധസമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാകും പാര്‍ട്ടിയുടെ  ആദ്യ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.  പാര്‍ട്ടി അദ്ധ്യക്ഷനായി നിയമിതനായതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൻഡിഎയും ബിജെപിയും നടക്കുന്നത് സുഗമമായ വഴിത്താരയിലല്ല എന്ന് തനിക്കറിയാം എന്ന് സുരേന്ദ്രൻ വ്യക്തമാക്കുന്നു. പക്ഷേ കേരളത്തിൽ എൻഡിഎയ്ക്ക് വളരാൻ സാധ്യതകളുണ്ട്. അതിലേക്ക് പാർട്ടിയെ നയിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

“”അധ്യക്ഷപദവിയിലേക്ക് പല പേരുകൾ ഉയർന്നുവരും. എന്നോടൊപ്പം ഉയർന്ന് വന്ന പല പേരുകളും എന്നേക്കാൾ യോഗ്യരായവരുടേതാണ്. ഓരോരുത്തർക്കും ചുമതല നൽകുന്നതിൽ ഓരോ കാരണങ്ങളുണ്ടാകും. ബിജെപിയെന്നത് ടീമാണ്. ഒറ്റക്കെട്ടാണ്.സംസ്ഥാന സർക്കാരിനെതിരായ അഴിമതി വിരുദ്ധസമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാകും ബിജെപിയുടെ ആദ്യ ലക്ഷ്യം””- കെ സുരേന്ദ്രൻ

“”ജനങ്ങൾ ഇപ്പോൾ പിണറായി സർക്കാരിന്‍റെ അഴിമതിക്കെതിരെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നു. സിഎഎയുടെ മറവിൽ വർഗീയപ്രചാരണം എൽഡിഎഫും യുഡിഎഫും നടത്തി. മുസ്ലിം സഹോദരൻമാരെ ഭീതിപ്പെടുത്താനാണ് ഇരുമുന്നണികളും നടത്തിയത്. ഇത് ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതോടൊപ്പം പൊലീസിലെ അഴിമതി കേട്ടു കേൾവിയില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത്തരം വ്യാജ കമ്പനികൾക്ക് സിംസ് പോലുള്ള അഴിമതിക്ക് അനുമതി കൊടുത്തത്. അവരെ സുരക്ഷാമേഖലയിലേക്ക് കടക്കാൻ അനുവദിച്ചത്. ഭീകരമായ കൊള്ളയാണ് നടന്നത്. കേന്ദ്രസർക്കാർ നൽകിയ പണം വൻ തോതിൽ കൊള്ളയടിക്കുകയാണ് സംസ്ഥാനസർക്കാർ ചെയ്തത്””, എന്ന് കെ സുരേന്ദ്രൻ.

തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ സാന്നിധ്യമാകും””. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് തന്‍റെ ലക്ഷ്യം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെയാകും പാർട്ടിയുടെ പ്രവർത്തന പ്ലാൻ എന്നത് വിശദമായി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം, ജനങ്ങൾക്ക് മുന്നിൽ വയ്ക്കും എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനാധ്യക്ഷനെ നിയമിക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ല. പി എസ് ശ്രീധരൻപിള്ളയെ മിസോറം ഗവർണറായി നിയമിച്ച ശേഷമാണ് സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂൾ വന്നത്. സംഘടനാ തെരഞ്ഞെടുപ്പും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷമാണ് തീരുമാനമുണ്ടായത്. പ്രഖ്യാപനം വൈകിയിട്ടില്ല – എന്നും സുരേന്ദ്രൻ.

സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് കെ സുരേന്ദ്രൻ. സംസ്ഥാനരാഷ്ട്രീയത്തിൽ ബിജെപി എന്ന പാർട്ടിക്ക് ഇത്രയും കാലം അധ്യക്ഷനില്ലാതിരുന്നിട്ടില്ല. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പുകൾക്ക് ശേഷം, സംസ്ഥാനാധ്യക്ഷനായിരുന്ന പി എസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണർ ആയി നിയമിച്ചു. ഇതു കഴിഞ്ഞ് മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് തദ്ദേശതെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ, ബിജെപിയുടെ താഴേത്തട്ടിൽ നിന്നുള്ള പ്രവർത്തന പരിചയവുമായി ഉയർന്നു വന്ന കെ സുരേന്ദ്രനെ സംസ്ഥാനാധ്യക്ഷനായി കേന്ദ്രനേതൃത്വം തീരുമാനിക്കുന്നത്.