സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസ് കെട്ടിച്ചമച്ചത്; ശിവശങ്കര്‍ അറസ്റ്റിലായ ദിവസം തന്നെയും അറസ്റ്റ് ചെയ്യാന്‍ ഗൂഡാലോചന നടന്നെന്നും കുമ്മനം

സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി മുന്‍ മിസോറാം ഗവര്‍ണറും, ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. പണമിടപാട് സംബന്ധിച്ച് തന്നെ പ്രതിയാക്കിയ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പിന്നിൽ സിപിഎം ആണെന്നും കുമ്മനം ആരോപിച്ചു.

സിപിഎമ്മും പൊലീസും ഗൂഢാലോചന നടത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായ ദിവസം തന്നെയും അറസ്റ്റ് ചെയ്യാനായിരുന്നു സിപിഎമ്മും പൊലീസും പദ്ധതിയിട്ടിരുന്നത്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നിട്ടും 12 ദിവസം വൈകിപ്പിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്നും കുമ്മനം പന്തളത്ത് പ്രതികരിച്ചു.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെയും കുമ്മനം രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ നടപടികളെല്ലാം ഏകപക്ഷീയമാണ്. ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനാണ് ശ്രമം. അടുത്ത വര്‍ഷം മുതല്‍ ആചാരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണ് ഇപ്പോള്‍ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ എന്നും കുമ്മനം കുറ്റപ്പെടുത്തി.

ദേവസ്വം ബോര്‍ഡിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയും പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡും ഭക്തജന സംഘടനകളുമാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന നടപടികള്‍ എല്ലാം ഏകപക്ഷീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.