സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തരുതെന്നും സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ അന്തസ് കളഞ്ഞു കുളിക്കരുതെന്നും മോദിയോട് ആവശ്യപ്പെട്ട് 108 സാമ്പത്തിക വിദഗ്ധര്‍

 

തൊഴിലില്ലായ്മ സംബന്ധിച്ച നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കീഴിലുള്ള നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ റിപ്പോര്‍ട്ട് തിരഞ്ഞെടപ്പ് കഴിയുന്നതു വരെ പൂഴ്ത്തിവെയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലോകത്തെ വിവിധ യൂണിവേഴ്‌സിറ്റികളിലെ സാമ്പത്തിക വിദഗ്ധരും അക്കാഡമീഷ്യന്‍മാരും.

കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും വിവിധ പദ്ധതികളുടെ സ്ഥിതിവിവരക്കണക്കുകള്‍ കൃത്യതയോടെ പുറത്തു വിടാന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ അന്തസ് നിലനിര്‍ത്താന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് രാജ്യത്തെ 108 പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ മെമ്മോറാണ്ടം അയച്ചു.

ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി കാണിക്കാന്‍ മാനദണ്ഡം പരിഷ്‌കരിച്ചതിന്റെയും നാഷണല്‍ സര്‍വെ ഓര്‍ഗനൈസേഷന്റെ തൊഴിലില്ലായ്മ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് നീട്ടി വെച്ചതിന്റെയും പശ്ചാത്തലത്തിലാണ് പ്രതിഷേധം. പുറത്തു വിടുന്ന സ്ഥിതിവിവരക്കണക്കുകളുടെ നിലവാരത്തിന്റെ കാര്യത്തില്‍ പരാതികളുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടല്‍ ആദ്യമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ രാകേഷ് ബസന്ത്, മസാച്ചുറ്റസ് യൂണിവേഴ്‌സിറ്റിയിലെ ജെയിംസ് ബോയസ്, ഹര്‍വാര്‍ഡ് യുണിവേഴ്‌സിറ്റിയിലെ എമിലി ബ്രസ, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സതീഷ് ദേശ്പാണ്ഡെ, ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പാട്രിക് ഫ്രാങ്കോ, ടാറ്റ ഇന്‍സ്റ്റിട്യൂട്ടിലെ ആര്‍ രാം കുമാര്‍ തുടങ്ങിയവരാണ് ഒപ്പിട്ടിരിക്കുന്നത്.