Tuesday, 22 September 2026
‘Honest storytelling is a powerful means of change
03:33:05 PM IST
Kerala

‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ല എന്നുള്ളതുകൊണ്ട് നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും’; മുഹമ്മദ് റിയാസ്

ന്യൂസ് ഡെസ്ക് 22 September 2026, 3:32 pm
SHARE

മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. അന്വേഷണത്തെക്കുറിച്ച് ടെലിവിഷനിലൂടെ ലഭിച്ച വിവരങ്ങൾ മാത്രമാണ് തനിക്ക് അറിയാവുന്നതെന്ന് റിയാസ് പറഞ്ഞു. ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയപരമായ കാര്യങ്ങളിൽ പാർട്ടി സെക്രട്ടറി പ്രതികരിക്കുമെന്നും റിയാസ് പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഡി നടത്തുന്ന അന്വേഷണങ്ങളെയും മൊഴിയെടുക്കുന്ന രീതികളെയും ബിജെപി ഇതര രാഷ്ട്രീയ പാർട്ടികൾ ശക്തമായി എതിർത്തിട്ടുണ്ടെന്ന് റിയാസ് ചൂണ്ടിക്കാട്ടി. ഇതിൽ മുൻപന്തിയിൽ നിന്നത് കോൺഗ്രസാണ്. എന്നാൽ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഇഡിയുടെ റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനിച്ചത് സ്വാഭാവികമായും സമൂഹത്തിൽ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ പ്രചരിച്ചിട്ടുണ്ടെന്നും അവയെല്ലാം നിയമപരമായി നേരിടുമെന്നും റിയാസ് വ്യക്തമാക്കി. തനിക്ക് ഭയപ്പെടാനൊന്നുമില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ മറ്റ് വശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

കർണാടകയിൽ മന്ത്രിയുടെ വസതിയിൽ നടന്ന റെയ്ഡിനെ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നുവെന്നും റിയാസ് ചൂണ്ടിക്കാട്ടി. നിയമപരമായ കാര്യങ്ങൾ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമേ തീരുമാനിക്കൂ. ഏതുതരത്തിലുള്ള നീക്കങ്ങൾ നടത്തിയാലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ ഭയപ്പെടുത്തിയും മറ്റും ഇഡി മൊഴിയെടുത്തിട്ടുണ്ടെന്നും ഇക്കാര്യം അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും റിയാസ് ആരോപിച്ചു. ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ആളുകളെ ഉൾപ്പെടുത്തി പോലും തനിക്കെതിരെ കഥകൾ മെനഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →